Friday, December 7, 2007

കാരന്തൂര്‍ നായര്‍

നായര‍് സീനിയര്‍ ബാച്ചിലെ അംഗമായിരുന്നു. നല്ലസ്സലു മാപ്ലയായിരുന്നെങ്കിലും (വടക്ക് മുസ്ലീങ്ങളാണ് മാപ്ല) വിളി കാരന്തൂര്‍ നായര്‍ എന്നായിരുന്നു. ഗേഹം കാരന്തൂരായതിനാല്‍ മറ്റു സഹജീവജാലങ്ങളെപ്പോലെ ഹോസ്റ്റല്‍ ജീവിതം നയിക്കാനുള്ള ഭാഗ്യമില്ലാതെ 'ഡേ-സ്കി'യായി, അസ്മാദൃശനായി, അനാശാസ്യനായി (ച്ചാല്‍, ആശാരഹിതനായി എന്ന്. അല്ലാതെ...) വര്‍ത്തിച്ചു പോന്നു. എന്നിരുന്നാലും, ഹോസ്റ്റല്‍ ദേഹത്തിനു ഒരു വിലക്കപ്പെട്ട കനിയായതിനാല്‍ പ്രത്യേകിച്ചും, മിക്കവാറും സമയങ്ങളില്‍ വല്ലവരുടെയും റൂമുകളില്‍ കുടികിടപ്പാക്കിപ്പോന്നു. (ഇപ്പറഞ്ഞതു രണ്ടും ഉണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല, ഞാന്‍ പറയില്ല! എന്തായാലും കിടപ്പുണ്ടായിരുന്നു എന്നത് അവിതര്‍ക്കിതവും സംശയരഹിതവുമാകുന്നു). ദേഹത്തിന്റെ ചില സംശയങ്ങള്‍ കാരണവും, സംശയനിവാരണത്തിനുപയോഗിക്കാറുള്ള ചോദ്യങ്ങള്‍ കാരണവും, മറ്റു പല വെള്ളികള്‍ കാരണവും ദേഹി ഒരു മാതിരി പ്രശസ്തമായിരുന്നു. സുപ്രസിദ്ധനായിത്തീര്‍ന്നത് നൈജീരിയക്കാരാലാണ്:

സീനിയേഴ്സ് ഫൈനല്‍ സെമസ്റ്ററുകളില്‍ (ഹിയറാഫ്റ്റര്‍ റെഫേഡ് റ്റു ഏസ് 'സെം') PG-1 ഹോസ്റ്റലിലായിരുന്നു കുടിപാര്‍ത്തിരുന്നത് (ഇവിടെയും ഇപ്പറഞ്ഞതു രണ്ടും ഉണ്ടായിരുന്നോ എന്ന് എന്നോട് ചോദിക്കരുത്). അക്കാഡമിക് ഇയറിന്റെ ആരംഭത്തില്‍ തന്നെ പതിവു പോലെ കുര‍്യാക്കോസ് (എഗയ്‌ന്‍, മേനോനല്ല) ചൂടു വാര്‍ത്ത വെള്ളരിക്ക് ഉപ്പുവളമിടുന്നതു പോലെ വിതറിയിട്ടു പോയി. MTech അഡ്മിഷന‍് രണ്ട് നൈജീരിയക്കാരുമുണ്ടത്രെ ! അവരെ കുടിയിരുത്താന്‍ പോകുന്നത് അതേ PG-1 ഹോസ്റ്റലില്‍! പക്ഷേ കോംപ്-സ്കി ഡിപ്പാര്‍ട്ട്മെന‍്റ്റ് അല്ലെന്നാണറിഞ്ഞത്. കുര‍്യന്‍ വാര്‍ത്ത ചൂടോടെ റൂമായ റൂമുകളിലെല്ലാം ഡെലിവര്‍ ചെയ്ത്, ഇനിയെങ്കിലും അല്പം ശ്വാസം കഴിച്ചില്ലേല്‍ മോശമല്ലേ എന്നു കരുതി ലേശം ബ്രേക്ക് എടുത്തു.

അങ്ങനെ ആറ്റുനോറ്റിരുന്ന് (ആരിരുന്നു? ചുമ്മാ ഒരിഫക്റ്റിന‍്...) നമ്മടെ നൈജീരിയക്കാര്‍ അല്പദിവസങ്ങള്‍ക്കു ശേഷം ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്നു. അവിടെയും പതിവുപോലെ കുര‍്യാക്കോസ് ആണ് അക്കൂട്ടരെ ആദ്യം പരിചയപ്പെടുന്നത്. ആയതിനാല്‍ വാര്‍ത്ത വീണ്ടും എലിചത്ത മണം പോലെ അതിവേഗം പടര്‍ന്നു. കേട്ടവര്‍ കേട്ടവര്‍ വന്ന്, പരിചയപ്പെട്ട്, വിശേഷങ്ങളന‍്വേഷിച്ച്, അഭിവാദ്യങ്ങളര്‍പ്പിച്ച് തിരിച്ചു പോയി. നായര്‍ ഹോസ്റ്റലില്‍ ഇല്ലാതിരുന്നത് കാരണം വെവരങ്ങള്‍ അറിയാതെ പോയി.

അടുത്ത ദിവസം വൈകീട്ട് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലേഴ്സിന്റെ കൂടെ മെസ്സില്‍ നിന്നു ഓസിനു ചായയടിക്കാന്‍ കാരന്തൂര്‍ നായരും ഹോസ്റ്റലിലേക്കു പോന്നു. ചായ കുടി കഴിഞ്ഞു പുറത്തിറങ്ങി ഒന്നാം നിലയില്‍ ആരുടെയോ റുമിലേക്കു പോകുന്ന വഴിക്കാണ് അരഭിത്തിയിലിരുന്നു വര്‍ത്താനം പറയുന്ന നൈജീരിയക്കാരെ കണ്ടത്. കൂടെയുള്ളവര്‍ പരിചയപ്പെടുത്തി.

"നായരേ, അതാണ് മ്മടെ നൈജീരിയക്കാര‍് . പരിചയപ്പെടണ്ടേ?"

നായര്‍‌ക്കെന്തു വിസമ്മതം. സിനിമാ സ്റ്റൈലില്‍ ചാടി ചെന്ന് ചോദിച്ചു:

"ഹലോ... ആപ് കാ നാം ക്യാ ഹേ?"

-----------------

Monday, November 19, 2007

ന്റെ മാമാ.

കടം കൊണ്ട വണ്ടിയുമായി ട്രിപ്പ് പോയി തിരിച്ചു വരുന്ന വഴി.

ഡ്രൈവന്‍ ഇക്ക. ഏറണാകുളം , തൃശൂര്‍ വഴി കോഴിക്കോട്ടേക്ക് വച്ചു പിടിക്കുന്നു. ചാലക്കുടി കഴിഞ്ഞു കാണണം. ഇക്ക ഇടത്തോട്ട് വെട്ടിക്കുന്നതിനു പകരം വണ്ടി നേരെ എടുത്തു.

പിള്ളേരെല്ലാം കൂടെ ഒരുമിച്ചലറി - "അങ്ങോട്ടല്ലെടാ, ഇങ്ങോട്ട് !!"

അനുസരണശീലന്‍ ചവിട്ടി. ചവിട്ടിയത് നടുറോട്ടില്‍. പിറകെ നൂറേ നൂറില്‍ വന്ന സുമോ ഡ്രൈവന്‍ അതിമനോഹരമായി സുഖവിവരങ്ങളന‍്വേഷിച്ചു. കാതിനു കളമൊഴി, കിളിമൊഴി, കുളിര്‍മൊഴി.

സുമോ പോയ ഉടനെ നരസിംഹാവതാരം പൂണ്ട് സകലരും കൂടി ഗര്‍ജ്ജിച്ചു : "ആരെടാ നെന്ന ഡ്രൈവിംഗ് പഠിപ്പിച്ചത്...?"

ഡ്രൈവിംഗ് സീറ്റില്‍ വിന്‍ഡ് ഗ്ലാസ്സിനപ്പുറം കണ്ണുനട്ടിരിക്കുന്നവന്റെ സത്യസന‍്ധമായ മറുപടി വന്നു : "ന്റെ മാമാ".

Friday, October 5, 2007

അസ്തിത്വ ദുഃഖം

എന്‍റെ കാഴ്ചകളും കാഴ്ചപ്പാടുകളും എന്തുകൊണ്ടാണ് എല്ലായ്പ്പോഴും കലിഡോസ്കോപിക് ദൃശ്യങ്ങളെപ്പോലെ അവ്യ‌ക്തവും അമൂര്‍ത്തവുമാകുന്നത്? എനിക്കൊരിക്കലും യാഥാര്‍ത്ഥ്യത്തിന്‍റെ ഫ്രൈം ഓഫ് റെഫറന്‍സ് നിശ്ചയിക്കാന്‍ കഴിയാത്തതെന്തു കൊണ്ടാണ്? ഒരു ഫ്രൈം ഓഫ് റെഫറന്‍സും അബ്സൊല്യൂട്ടല്ല എന്നു പറഞ്ഞ ഐന്‍സ്റ്റീനോ, അബോധ-അര്‍ദ്ധബോധ-ബോധ തലങ്ങളെ വിഭജിച്ച ഫ്രോയ്ഡിനോ, അതോ എനിക്കോ ഭ്രാന്ത്? എന്തുകൊണ്ട് ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ (0,0,0) കോ-ഓര്‍ഡിനേറ്റുകള്‍ എനിക്കു പിടിതരുന്നില്ല?

ഒരു ഫോര്‍-ഡയമെന്‍ഷനില്‍ ജീവിക്കുകയും അറിയുകയും അനുഭവിക്കുകയും സംവേദിക്കുകയും ചെയ്യുന്ന മനസ്സിന് എന്തു കൊണ്ട്‌ ത്രീ-ഡയമെന്‍ഷനപ്പുറം ഉള്‍ക്കൊള്ളാനും വിലയിരുത്താനും മനസ്സിലാക്കാനും സാധിക്കുന്നില്ല?

വിന്‍സെന്‍റ് വാന്‍ഗോഗ് എന്തിനാണ് ഇടതു ചെവി മുറിച്ച് വേശ്യയ്ക്ക് നല്‍കിയതും നെഞ്ചിലേക്ക് നിറയൊഴിച്ചതും? അയാളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കെന്നും കടും മഞ്ഞ നിറമായിരുന്നോ?

മനസ്സിന്‍റെ യങ് മോഡുലസ് എത്രയാണ്? സ്ട്രെസ്സ് അതിന്‍റെ യങ് മോഡുലൈയേക്കാള്‍ കൂടുമ്പൊഴാണോ മനസ്സിന്‍റെ താളം തെറ്റുന്നത്? എല്ലാ മനസ്സുകളും ഒരേ പദാര്‍ത്ഥം കൊണ്ടാണ് നിര്‍മിച്ചതെങ്കില്‍ പലരുടെയും മനോ-യങ് മോഡുലസ് പലതായത് എങ്ങനെയാണ്?

ജീവിതവും ചതുരംഗവും‌ ഇഴയടുപ്പമേറിയ അനലോഗികളാണ്. അല്ലെങ്കില്‍ ഒരു മെയ്സ്. എന്തുകൊണ്ടാണെനിക്ക് ആ മെയ്സിന്‍റെ ഏരിയല്‍ വ്യൂ കാണുവാന്‍ സാധിക്കാത്തത്? ആരുടെയൊക്കെയോ കരുനീക്കങ്ങളില്‍ മുന്നോട്ടു നീങ്ങാന്‍ വിധിക്കപ്പെട്ട കാലാള്‍ അറിയുന്നോ അത് കൊല്ലാനോ കൊല്ലപ്പെടാനോ‌ അതോ ആത്മാഹുതിക്കോ എന്ന്? അതൊരിക്കലും തിരിച്ചറിയാന്‍ പാടില്ലെന്നു നിര്‍ബന്ധമുള്ളതു കൊണ്ടല്ലേ അവനു പിന്തിരിയാന്‍ പാടില്ലെന്നു നിയമമുണ്ടാക്കിയത്?

ഇതാണോ അസ്തിത്വ ദുഃഖം?

Monday, September 10, 2007

മെറ്റാലിക്കയും ഞാനും...

...പണ്ടുതൊട്ടേ ബദ്ധശത്രുക്കളായിരുന്നു.

വ്യക്തിവൈരാഗ്യം, പ്രഫഷനല്‍ ജെലസി, ബ്ലോഗ് കൂട്ടായ്‌മ എന്നൊക്കെ നിരീച്ചെങ്കില്‍ - തെറ്റി.

മെറ്റാലിക്ക മാത്രമല്ല, പൊതുവേ ഒരുമാതിരി ഹെവി മെറ്റല്‍ ബാന്‍ഡുകളോടൊക്കെ "അയ്യോഓഓഓ...രക്ഷിക്കൂ!!" എന്നൊരകലം പാലിച്ചിരുന്നു. ഇപ്പോഴുമുണ്ട്, ഏയ്‌റോസ്മിത്ത് പോലെയുള്ള...

പക്ഷേ,


കുറച്ച് ദിവസം മുന്‍പ്, അവിചാരിതമായി മെറ്റാലിക്കയുടെ 'അണ്‍ഫൊര്‍ഗിവണ്‍-II' കാണാനിടയായി. സത്യം പറയാല്ലൊ, പാട്ട് - പ്രത്യേകിച്ചും ലിറിക്സ് വളരെ ഇഷ്ടപ്പെട്ടു! ഉദിത് നാരായണ്‍ന്റെ വോയ്സിനു ശേഷം വളരെ ഇഷ്ടപ്പെട്ട ഒരു വോയ്സ് കേള്‍ക്കുന്നതും അങ്ങനെയാണ്.

എന്നാല്‍ പാട്ടിനേക്കാള്‍, അതിന്റെ വിഷ്വലൈസേഷന്‍ ഹഠാദാകര്‍ഷിച്ചു കളഞ്ഞു.
അബോധങ്ങളിലും അര്‍ദ്ധബോധങ്ങളിലും ചിലപ്പൊഴൊക്കെ പ്രതിഫലിച്ചിരുന്ന ഭ്രാന്തവും അമൂര്‍ത്തവുമായ ദൃശ്യങ്ങളോട് വളരെ സാമ്യം തോന്നിപ്പിച്ച ബിംബങ്ങള്‍. ജന്മപാശങ്ങളെയും, ബന്ധനങ്ങള്‍ തകര്‍ത്തെറിയുമ്പോള്‍ തെളിയുന്ന, മതില്‍ക്കെട്ടുകള്‍ക്കപ്പുറം ഉദിച്ചുയരുന്ന സൂര്യനെയും... ഒടുവില്‍ 'ഫൊര്‍ഗിവിംഗ് നോ വണ്‍ ആന്‍റ് എന്‍ഡിംഗ് അപ് എലോണ്‍' എന്ന ഹെറ്റ്ഫീല്‍ഡിന്റെ വാക്കുകളെ അനശ്വരമാക്കിക്കൊണ്ട് തിരിഞ്ഞുനടക്കുന്ന...

"ലേയ് ബിസൈഡ് മീ, അണ്ടര്‍ വിക്കെഡ് സ്കൈ...
ബ്ലാക്ക് ഓഫ് ഡേ, ഡാര്‍ക്ക് ഓഫ് നൈറ്റ്, വീ ഷെയര്‍ ദിസ് പാരലൈസ്..."എന്തൊക്കെയോ ഓര്‍മ വരുന്നു. രൂപമില്ലാത്ത നിറസങ്കലനങ്ങള്‍. ശ്ലഥചിത്രങ്ങള്‍.


അവ്യക്താദീനി ഭൂതാനി... വ്യക്തമധ്യാനി ഭാരതഃ

Friday, August 3, 2007

ഒരു പ്രയോഗം ഭാഷയില്‍ ജനിക്കുന്നു

ഡിസ്ക്ലൈമന്‍: ഈ കഥയിലെ(സംഭവത്തിലെ) എല്ലാ കഥാ(സംഭവ)പാത്രങ്ങളും ഇപ്പോഴും ഒട്ടും-ഒടവും ഇല്ലാത്തവയാണെന്നും അവരുടെയെല്ലാം പേര് യാതൊരു മാറ്റവുമില്ലാതെ കൊടുത്തിട്ടുണ്ടെന്നും സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു. അവരും ഒന്ന് ഫേമസ് ആവട്ടെന്ന്!

ഫൈനല്‍ സെമ്മില്‍ അര്‍മാദിച്ച് (ഈ‌ വാക്ക് ഞാന്‍ ആദ്യം കേള്‍ക്കുന്നത് NITCയില്‍ വച്ചാണ്) നടക്കുന്ന കാലം. ആകെയുള്ള പണി (ഔദ്യോഗികമായി) പ്രൊജക്റ്റ് വര്‍ക്കാണ്. അനൌദ്യോഗികമായി ലോകക്ലാസിക്കുകള്‍ അട്ടിമറിക്കല്‍, അതു കണ്ടു തീര്‍ക്കല്‍, മാങ്ങ-കപ്പ-ഇളനീര്‍ സംഭരണവും വിതരണവും തുടങ്ങിയവയും. സീനിയര്‍ ബാച്ചിലൊക്കെ കാലത്ത് സൈന്‍ ചെയ്യല്‍ എന്നൊരു ഏര്‍പ്പാടുണ്ടായിരുന്നു. ഞങ്ങള്‍ക്ക് എന്താന്നറിയില്ല, അങ്ങനെ ഒരു സംഗതിയേ ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ റ്റോപിക് തീരുമാനമായതിന് ശേഷം‌ പല മഹാന്‍മാരും പിന്നെ ഗൈഡിനെ കണ്ടത് മിഡ്-സെം ഇവാല്വേഷന്‍റെ സമയത്തായിരുന്നു - അതിന് ഗൈഡ് നിര്‍ബന്ധാത്രെ. പിന്‍തിരിപ്പന്‍, മൂരാച്ചി നിയമങ്ങള്‍.

"താനാരാ? എന്താ വന്നത്?" എന്ന ചോദ്യത്തിന് "സര്‍, ഞാന്‍ സാറിന്‍റെ കീഴിലാണ് പ്രൊജക്റ്റ് ചെയ്യുന്നത്" എന്ന ഇന്‍ട്രൊഡക്ഷന്‍ പല പ്രാവശ്യം നടത്തേണ്ടി വന്നവരുണ്ട്. പ്രസന്‍റേഷന്‍ സ്ലൈഡിലും റിപ്പോര്‍ട്ടിലും ഗൈഡിന്‍റെ പേര് മാറിപ്പോയവരുമുണ്ട്. ഡിപ്പാര്‍ട്ട്മെന്‍റ് പാഠം പഠിച്ചെന്നു തോന്നുന്നു, ജൂനിയര്‍ ബാച്ച് തൊട്ട് സൈന്‍ ചെയ്യല്‍ നിര്‍ബന്ധമാക്കി. ബ്..ഹ്..ഹ്ഹ്... പാവം പിള്ളേര്‍സ്.

കാലത്തെഴുന്നേല്‍ക്കുന്നവന്‍ എന്ന പേരുദോഷം മാറിക്കിട്ടിയതും ക്ലാസില്‍ക്കേറുന്നവന്‍ എന്ന പദവിക്ക് അര്‍ത്ഥമില്ലാതായതും ഈ കാലഘട്ടത്തിലാണ്. രാവിലെ എട്ടര, ഒമ്പത് മണിക്കെഴുന്നേല്‍ക്കുന്നു. (ശനി, ഞായര്‍ ദിവസങ്ങളില്‍ ചിലപ്പോള്‍ ഹോസ്റ്റലില്‍ നിന്ന് പുറത്ത് പോകാറില്ല - അട്ടിമറിച്ച പടങ്ങളൊക്കെ എങ്ങനെയുണ്ടെന്നെങ്കിലും നോക്കണ്ടേ? അപ്പൊ മണി ഒരു പതിനൊന്ന്, പതിനൊന്നേ കാല്‍ കഴിയുമ്പോള്‍ അപ്പ്രത്തെ ഗുള്‍ട്ടന്‍റെ റൂമില്‍ നിന്ന് 'കൌസല്യാ സുപ്രജാ രാമപൂര്‍വാ' കേള്‍ക്കാം. നേരം പുലര്‍ന്നു). കുളി, പല്ലുതേപ്പ് ഇതൊക്കെ കഷ്ടിച്ച് നിര്‍വഹിച്ച് ജി-മെസ്സിലേക്കോടുന്നു. ഇനീം വൈകിയാല്‍ നെയ് റോസ്റ്റ് പോയിട്ട് ചട്ണിയില്‍ വറുത്തിട്ട കടുക് പോലും കിട്ടില്ല. ആത്മാവിന്‍റെ വിശപ്പ് അടക്കിയേനു ശേഷം റൂമില്‍ തപ്പി Software Research (യെന്ത് റിസര്‍ച്ച്!) ലാബിന്‍റെ താക്കോല് കണ്ടു പിടിച്ച് ഉള്ളതില്‍ സുഗന്ധം കുറഞ്ഞ ഒരു ജീന്‍സെടുത്തിട്ട് ഒറ്റ പോക്കല്ലേ. എങ്ങോട്ടാ? എന്തിനാ? ആ ചോയ്ക്ക്. അതെന്നെ, സോഫ്റ്റ് വെയര്‍ റിസര്‍ച്ച് ചെയ്യാന്‍. അല്ലാണ്ട് പിന്നെ?

ഈ ലാബ് ഞങ്ങള്‍ക്ക് കരമൊഴിവായി പതിച്ചു തന്ന പ്രോപ്പര്‍ട്ടിയാണ്. വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ടീച്ചേഴ്സ് ഇതു വഴി വരാറില്ല. ആകെ കേറുന്നത് ലാബ് അസിസ്റ്റന്‍റ് സത്താര്‍ ആണ്. ഞങ്ങളു കേറി സ്ഥിരതാമസം തൊടങ്ങിയേപ്പിന്നെ മൂപ്പരും ആ വഴി വരവ് നിര്‍ത്തി. ഞങ്ങളു പൊന്നു പോലെ നോക്കിക്കോളും എന്ന് മൂപ്പര്‍ക്കറിയാം.

ലാബ് തൊറന്നയുടന്‍ അപ്രത്തെ മെഷീനില്‍ കണക്റ്റ് ചെയ്ത സ്പീക്കര്‍ ഊരിക്കുത്തി, XMMS ഓപ്പണ്‍ ചെയ്ത് പാട്ട് വെക്കും. വോള്യം കൂടുമ്പം ഒരു ചുമരിനപ്പറത്തെ LAN Centre കാര് എടക്കെടെ ചുമരിന് മുട്ടും. സ്ക്രീന്‍ മാതിരി ഡിവൈഡര്‍ കൊണ്ടുള്ള ചുമരാണേയ്. അപ്പൊ‌ അവന്മാര്ടെ ബന്ധുമിത്രാദികളുടെയൊക്കെ സുഖവിവരങ്ങളന്വേഷിച്ചേന് ശേഷം പണ്ടാരടങ്ങട്ടെ എന്നു വിചാരിച്ച് വോള്യം ഇത്തിരി താഴ്ത്തും. എന്നിട്ട് കസേരേല്‍ പരമാവധി ചാരി ഇരുന്ന് (അതോ പാതി ചാരിക്കെടന്നോ?) കാലു രണ്ടും പൊക്കി മേശപ്പ്രത്തേക്ക് വെച്ച്, കീബോര്‍ഡ് എട്ത്ത് മടിയിലിട്ട്... ബ്രൌസ് ചെയ്ത് മടുത്ത്, ഒടുക്കം ഒര് shell തുറന്ന് 'അമ്മേ പലേരീ!' എന്ന് മനസാ ധ്യാനിച്ച് vim എഡിറ്ററിനെ കൈകളിലിട്ട്‌ അമ്മാനമാടി... അങ്ങട് മെടയലല്ലേ. ഹൊ...അതൊക്കെ ഒര് കാലം! വിശ്വാസികളുടെ സ്വര്‍ഗരാജ്യം.

തിരിച്ച് ഹോസ്റ്റലില്‍ ചെല്ലുന്നത് മെസ്സില്‍ പോകാന്‍ മാത്രം. ഉച്ചക്കും വൈകീട്ടും. ആത്മാവിന് അടുത്ത ഇന്‍സ്റ്റാള്‍മെന്‍റ് കൊടുക്കണ്ടേ? ഉച്ചക്കേത്തെ മീന്‍കറീല് വല്ലോര്‍ക്കും ഒരു കഷണം കിട്ടിയാ അപ്പൊ ലോട്ടറിയെടുക്കാന്‍ പോകാം. പക്ഷേ ഫേവറിറ്റ് സാധനം ഗുലാബ് ജാമുന്‍ ആയിരുന്നു. അതുള്ള ദിവസമാണെങ്കില്‍ അരിശമൊക്കെ അനിക്സ്പ്രേ കലക്കിയ പോലെ അലിഞ്ഞലിഞ്ഞില്ലാതാവും. അടവു തീര്‍ത്ത് വീണ്ടും‌ ലാബിലേക്ക്. പിന്നെ തിരിച്ച് വരുന്നത് 6:45 -7:00 മണിയോടെ. വന്ന് നീരാട്ട്, അലക്കല്‍ എന്നീ നാടന്‍ കലാരൂപങ്ങള്‍ക്ക് ജീവന്‍ നല്‍കിക്കഴിയുമ്പ്ളേക്കും ജി-മെസ്സില് ഡിന്നര്‍ തീരാറായിട്ട്ണ്ടാവും. ഒര് ജാതിക്കൂടി അതൊന്ന് വാരിക്കൂട്ടി ആത്മാവിന് ഫൈനല്‍ ഇന്‍സ്റ്റാള്‍മെന്‍റ് കൊടുത്തിറ്റ് ഓട്ടമല്ലേ... SR ലാബിന്റെ കോട്ടവാതില്‍ മലര്‍ക്കെ തുറന്ന് വീണ്ടും കേറും.

ഇക്കാലമത്രേം പഠിച്ചിട്ടും ഇതുവരെ ഇമ്മാതിരി മെനക്കെട്ട് പണിയെടുത്തിട്ടില്ല. GDB വെച്ച് multithreading code ഡീബഗ് ചെയ്ത് ഡീബഗ് ചെയ്ത് പ്രാന്തായി. എങ്ങനെ ആവാണ്ടിരിക്കും, നമ്മളെന്നെയല്ലേ‌ code എഴുതിയേ. കൂടെയുള്ള പ്രൊജക്റ്റ് മേറ്റ്സ് രണ്ട് പുലികളാണ് (ഗര്‍ജ്ജിക്കുമ്പം 'മ്യാഓ...' എന്നൊരൊച്ച കേക്കാം). ഡിങ്കനും‌ തംസും. ശരിക്കും‌ പേര് ഞാന്‍ പറയില്ല, കോ-ഓപ്സില്‍ പോയി ഐസ്ക്രീം വാങ്ങിത്തരാന്ന് പറഞ്ഞാലും പറയില്ല. വേണേല്‍ തുപ്പിക്കാണിക്കാം. അവനും അവക്കും‌ പ്രത്യേകിച്ച് ചൂടൊന്നുമില്ല. ഭൂമി തനിയെ കറങ്ങുന്നില്ലെ? എന്നും‌ രാവിലെ കറക്ട് സമയത്ത് സൂര്യന്‍ ഉദിക്കുന്നില്ലെ? പിന്നാ ഒര് C++ കോഡ്.

മൂന്ന് പേര് പണിയെടുത്തിട്ടും‌ ഇത് സമയത്തിന് തീരും എന്ന പ്രതീക്ഷയൊന്നുമില്ല... പോരാത്തേന് ഇന്ന് മൂന്ന് പടാ അട്ടിമറിച്ചെ. ടെക്സാസ് ചെയിന്‍ സോ മാസകര്‍, യൂഷ്വല്‍ സസ്പെക്ട്സ്, അണ്‍ഫൊര്‍ഗിവണ്‍. എപ്പം കണ്ട് തീര്‍ക്ക്വോ ആവോ? (കോഡെഴുതാനുള്ള ആക്രാന്തമൊന്നുമല്ല ലാബില്‍ പോന്നേന്റെ എന്ന് ഇപ്പൊ മനസ്സിലായല്ലൊ?) നമ്മടെയൊക്കെ ബുദ്ധിമുട്ട് ആരറിയുന്നു. അല്ലേലും ഇവര്‍ക്കൊന്നും ഒന്നും‌ അറിയണ്ടല്ലോ. മിഡ്-സെം ഇവാല്വേഷന്‍, റിപ്പോര്‍ട്ട്, ഡെമോ... വെര്‍തേ അവിടിര്ന്ന് പറഞ്ഞാ മതിയല്ലാ.

റിപ്പോര്‍ട്ട്‌ LaTeX വെച്ച് തന്നെ ഉണ്ടാക്കണം. വല്ല കുത്തൊ കൊമയോ അപ്പറോ ഇപ്പറോ മാറിപ്പോയാ അതു മതി. എവ്ടെയാ എറര്‍ വന്നേന്ന് കണ്ടുപിടിക്കണെങ്കി സ്കോട്ട്‌ലന്‍ഡ്‌ യാഡിനെ വിളിക്കണം. എന്തൊക്കെ പറഞ്ഞാലും പക്ഷേ ഒര് ഗുണമുണ്ട്. സംഗതികളൊക്കെ കറക്ടാണെങ്കി ചുമ്മാ ഒരു make കമാന്‍ഡ് അടിച്ചാ റിപ്പോര്‍ട്ട്‌ ദേ പോസ്റ്റ്‌സ്ക്രിപ്റ്റ്‌(.ps) ഫോര്‍മാറ്റിലും pdf ഫോര്‍മാറ്റിലും കൈമ്മേ കെടക്കും. ഇന്‍ഡെക്സ്, അപ്പന്‍ഡിക്സ്, ബിബ്ലിയോഗ്രഫി, ചാപ്റ്റേഴ്സ്, നമ്പറിംഗ്, പാരഗ്രാഫ് അലൈന്‍മെന്‍റ് - ഒന്നും അറിയണ്ട; ഒക്കെ മൂപ്പര് നോക്കിക്കോളും. വേഡിലോ മറ്റോ ആ റിപ്പോര്‍ട്ട് ഉണ്ടാക്കണെങ്കി ഒരു സെമസ്റ്റര്‍ കൂടെ വേണം.

പരിപാടികള്‍ക്ക് കര്‍ട്ടനിടുന്നത് 12:45, 1:30, 2:30 ഇതില്‍ ഏതെങ്കിലും ഒരു ശുഭമുഹൂര്‍ത്തത്തില്‍। ലാബില്‍ തന്നെ കിടന്നുറങ്ങിയ മഹാന്‍മാരുമുണ്ട്। മെഗാ, സൂപ്പര്‍ സീനിയേഴ്സിന്‍റെ സമയത്ത് ഒരു തലയണയും(അതിപ്പോഴും ഉണ്ട്) പായും ചൂലും ഇവിടെ ഉണ്ടായിരുന്നു। ഒരു ദിവസം ലാബിലെ മേശപ്പുറത്ത് വീണുകെടക്കുന്നത് കണ്ട് എന്താടാ റൂമീപ്പോണില്ലേന്ന് ചാക്കോ ചോദിച്ചപ്പൊ ഇന്നിവിടെത്തന്നെ കെടക്കാമ്പോവാ എന്നു ബിനില്‍ പറഞ്ഞു। ചാക്കോയ്ക്ക് ആലോചിക്കേണ്ടി വന്നൊന്നുമില്ല, അപ്പത്തന്നെ കാച്ചി:
"ആ... ന്നിറ്റ് വേണം രാവിലെയാ സത്താര്‍ വന്ന് ലാബ് തൊറക്കുമ്പം - ശ്...ശു॥ശൂ...പട്ടി...പോ പട്ടീ...'ന്ന് പറഞ്ഞ് പൊറങ്കാലോണ്ട്‌ തൊഴിക്കാന്‍!"
അന്ന് ചിരിച്ച ചിരിക്ക് കണക്കില്ല.

പ്ലേസ്മെന്‍റ് സെല്ലിന്‍റെ മുന്നിക്കൂടെ ഇറങ്ങി മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പിന്‍റെ വരാന്ത വഴി നടന്ന് ജി-ഹോസ്റ്റല്‍ വാതിലു കടക്കുമ്പം ഈര്‍ച്ച മില്ലിലെ സൌണ്ട് കേക്കാം. സെക്യൂരിറ്റി ചേട്ടന്‍. അല്ലാണ്ട് വേറാരാ ഈ‌ പാതിരാത്രിക്ക് ഇത്ര ശുഷ്കാന്തി കാണിക്കാന്‍?


ജീവിതം അങ്ങനെ അനര്‍ഗളനിര്‍ഗളമായി പോയ്ക്കൊണ്ടിരിക്കുന്നു. അങ്ങനെയിരിക്കുമ്പോള്‍, അന്ന് ടി.കെ.യുടെ ബര്‍ത്ഡേ ആയിരുന്നു. ടി.കെ. ദ് ബര്‍ത്ഡേ ബോയ്. എത്തിക്കല്‍ റിപ്പോര്‍ട്ടിംഗ് പ്രകാരം ടി.കെ. ദ് ബര്‍ത്ഡേ കെളവന്‍. വൈന്നേരം മൂപ്പരുടെ ട്രീറ്റ് ഉണ്ടെന്ന് അറിയിപ്പു വന്നിരുന്നു - കട്ടാങ്ങല് വെച്ച്. വൈന്നേരായപ്പഴേക്കും പണിയൊക്കെ സൈഡാക്കി ലാബ് പൂട്ടി താക്കോല്‍ അരയില്‍ ഞാത്തി. രാജ്‌പഥ്‌ വഴി ചുറ്റി കട്ടാങ്ങല്‍ വരെ നടന്നു. കട്ടാങ്ങല്ന്ന് താഴോട്ട്‌ മാവൂര് പോകുന്ന റോഡ് തൊടങ്ങുന്നേടത്ത് ഒര് കടയുണ്ട്. അതാണ് സ്ഥിരം കുറ്റി. അവിടെത്തുമ്പം എല്ലാരും ഹാജര്ണ്ട്.

പതിവ് പോലെ സര്‍ പള്ളി സര്‍ ഓര്‍ഡര്‍ എടുക്കാന്‍ വന്നു. അതെ, ആ രണ്ട് സര്‍ ശെരിക്കും‌ ഉള്ളതെന്ന്യാ. (പേരില്‍ രണ്ട് സര്‍ പിന്നെയുള്ളത് കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിലെ ലാബ് അസിസ്റ്റന്‍റ് സര്‍ ഷാനവാസ് സര്‍ അദ്ദ്യേത്തിനാണ്. ദേഹത്തിനെ സര്‍ വിളിക്കാനുള്ള കാരണം എഴുതാന്‍ നിന്നാ എന്നെ അഗ്രിഗേറ്റര്‍ ബ്ലോക്കും. അത്രേം സ്നേഹവാല്‍സല്യമായിരുന്നു ഞങ്ങള്‍ക്ക് ദേഹത്തിനോടുണ്ടായിരുന്നത്. ഈ മഹാപാപി കാരണമാണ് മെഗാ സീനിയേഴ്സും സൂപ്പര്‍ സീനിയേഴ്സും അത്യദ്ധ്വാനം‌ ചെയ്ത് ഭാവി തലമുറക്കായി സമ്പാദിച്ചു വെച്ച അറ്റമില്ലാത്ത ജി.ബി.ക്കണക്കിന് മലയാളം, ഇംഗ്ളീഷ്, ഹിന്ദി പാട്ടുകള്‍; സോഫ്റ്റ് വെയറുകള്‍ എല്ലാം SR ലാബില്‍ നിന്ന് തുടച്ച് മാറ്റപ്പെട്ടത്). ഞങ്ങള് കടേലോട്ട് കേറുമ്പൊഴേ ആ ചെക്കന്‍ പള്ളി സാറിന് കണക്ക് ബുക്കും‌ പേനയും എടുത്ത് തരും. ചൊട്ടയിലെ ശീലാവതി ചുടല വരെ എന്നാണല്ലൊ. മൂപ്പര്‍ക്കാണ് ഇന്‍വെന്‍ററി, ഫൈനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റുകളുടെ കംപ്ളീറ്റ് ചുമതല. എല്ലാം കഴിഞ്ഞിട്ട് എല്ലാരുടേം വായിലിരിക്കുന്ന സുഖാന്വേഷണങ്ങളും. പക്ഷേ എന്ത് പറഞ്ഞാലും മൂപ്പര് കൂളാണ്. പള്ളി സര്‍ ആങ്കര്‍ ചെയ്യാത്ത ഒര് ബര്‍ത്ഡേ പരിപാടീം ഞങ്ങക്ക് ആലോചിക്കാന്‍ പറ്റില്ല. ഞങ്ങള് ആലോചിക്ക്യേം ഇല്ല. വേറാര്‍ക്കാ ഇതൊക്കെ താങ്ങാന്‍ പറ്റ്വ? പള്ളി സര്‍ ഇന്‍ക്വയറി തുടങ്ങി. ആര്‍ക്കൊക്കെ ഷെയ്ക്ക്(അറബിയല്ല), ആര്‍ക്കൊക്കെ ജ്യൂസ്, ആര്‍ക്കൊക്കെ ചോക്കലേറ്റ് വേണം, ആര്‍ക്കൊക്കെ അത് വേണ്ട, ആര്‍ക്കൊക്കെ ഫ്രൂട്ട് വേണം, ആര്‍ക്കൊക്കെ ഫ്രൂട്ട് വേണ്ട...

കട്ടാങ്ങല്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഷെയ്ക്കും ജ്യൂസും അന്നല്ലേ ആ കടേലെ ചെക്കന്‍ ണ്ടാക്കിയെ! ആപ്പിള്‍ ബട്ടര്‍ ചോക്കലേറ്റ് സ്ട്രോബരി ഫ്രൂട്ട് ആണത്രേ ഇക്ക ഓര്‍ഡര്‍ ചെയ്തത്. അതില്‍ ഇനീം വല്ലോം ഇടാംന്ന് വെച്ചാ രണ്ട് ഗ്ലാസ്‌ വേണ്ടി വരും‌ എന്നതു കൊണ്ട്‌ മാത്രം വേണ്ടാന്ന് വെച്ചതാത്രെ. എന്ത് നല്ല മനിശന്‍.

സാധാരണ വൈകുന്നേരം ഈ‌ സമയത്തൊക്കെ ആത്മാവിന്‍റെ നിലവിളി സഹിക്കാന്‍ പറ്റാറില്ല. ഇന്ന് ആത്മാവ് നിലവിളിച്ചില്ല. എന്താന്നറിയില്ല. ഷെയ്ക്ക് മാത്രോ? കടേലുണ്ടായിരുന്ന മൈസൂര്‍ പഴം, ഓറഞ്ച്, മുന്തിരി, കടല മുട്ടായി...ഒന്നും വിട്ടില്ല. എന്തിനാ വിട്ന്നേ? പൈനാപ്പിള്‍ മാത്രം മുള്ളും തൊലിയും ഉള്ളതോണ്ട് ബാക്കിയായി. ശ്ശെ, അതിനെ നോക്കിയപ്പൊ എന്താരുന്നു മണിയുടെ മുഖത്തെ ഒര് വെഷമം. കണ്ടാ സഹിക്കൂല. ഇട നെഞ്ച് വിങ്ങ്വ എന്നൊക്കെ പറഞ്ഞാ ഇതാണ്.

തംസിന്‍റെ അനിയത്തിക്കുട്ടി പാത്തു വന്നിറ്റ്ണ്ടായിരുന്നു. ഞാന്‍ കഷ്ടപ്പെട്ട് ഡൌണ്‍ലോഡ് ചെയ്ത ഫൈന്‍ഡിംഗ് നീമോ, എ ബഗ്സ് ലൈഫ്, ലയണ്‍ കിംഗ്, മോണ്‍സ്റ്റേഴ്സ് ഇന്‍ക് ഇതൊക്കെ വെക്കേഷന്‍ സമയത്ത് കണ്ട് തീര്‍ക്കാനാത്രെ. തംസിന്‍റെ കൂടെ അവളും ട്രീറ്റിനു വന്നിരുന്നു. ടി.കെ. വധം ആട്ടക്കഥ കഴിഞ്ഞ് കട്ടാങ്ങല്ന്ന് പിള്ളേരെല്ലാം കൂടെ വിക്കറ്റ് ഗേറ്റ് വഴി ഹോസ്റ്റെലിലേക്ക് പോയി. തംസും പാത്തൂം ലേഡീസ് ഹോസ്റ്റലിലേക്കു പോകുന്നു. ഞാന്‍ വീണ്ടും ലാബിലേക്കും. ഞങ്ങള് മൂന്നു പേരും അങ്ങനെ ഒരുമിച്ച് നടക്കാന്‍ തുടങ്ങി.

നടന്ന് നടന്ന് മെയിന്‍ ഗേറ്റിന്റെ മുന്നിലെത്തി. തരുണികള്‍ ഹോസ്റ്റെലിലേക്കും ഞാന്‍ ലാബിലേക്കും വഴി പിരിയേണ്ട മുക്കവല, യുഗസന്ധ്യ. സമയം അഞ്ചേ മുക്കാല്‍, ആറാവുന്നേ ഉണ്ടായിരുന്നുള്ളൂ. അവ്ട്ന്ന് നോക്ക്യാ അഡ്മിന്‍ ബ്ളോക്കിന് പിന്നില്‍ ഗ്രൌണ്ടിനപ്പുറം ചക്രവാളം കാണാം. ആകാശം ചൊമ ചൊമാന്നിരിക്ക്ന്ന്ണ്ട്(ആ ചൊമയല്ല, ഇത് ചോരേടെ ചൊമപ്പ്). സൂര്യന്‍ ദേ തൊട്ടടുത്ത് നിക്കുന്പോലെ വല്ല്യ 'ഠ' വട്ടത്തില്‍ തുടുത്തു നില്‍ക്കുന്നു.

ആ ശാന്ത നിശ്ശബ്ദമായ സന്ധ്യയില്‍ ആകാശത്തേക്ക് നോക്കി, യാതൊരു പ്രകോപനവുമില്ലാതെ, തംസ് ഉറക്കെ ഒരു ആത്മഗതം നടത്തി.

"ഓ, ഇന്ന് പൂര്‍ണ സൂര്യനാണല്ലോ!"

രണ്ട് നിമിഷത്തേക്ക് പരിപൂര്‍ണ നിശബ്ദത...

അടൂരിന്‍റെ പടമാണോ എന്ന് സംശയം തോന്നി. ഇല്ല. പടമായിട്ടില്ല. അതൊരു പ്രസ്താവനയായിരുന്നോ, ആശ്ചര്യപ്രകടനമായിരുന്നോ... ഇന്നും‌ അറിയില്ല.

ഞാന്‍ പതുക്കെ പാത്തുവിന്‍റെ മുഖത്തേക്ക് നോക്കി. അവള് പതുക്കെ മുഖം ചെരിച്ച് നിഷ്കളങ്കമായി എന്നേം നോക്കി. ഞങ്ങള് രണ്ടു പേരും കൂടി പതുക്കെ തംസിന്‍റെ മുഖത്തേക്ക് നോക്കി. അവ്ടെ പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നുമില്ല. ബിഗ്-ബിയിലെ മമ്മൂട്ടിയെപ്പോലെണ്ട്.

ഞാന്‍ തിരിഞ്ഞ് പയ്യെ പാത്തുവിനോട് ചോയ്ച്ചു:
"ചേച്ചി പറഞ്ഞതെന്താന്ന് മനസ്സിലായാ?"

അവള്‍ "ഇല്ല" എന്ന് തല വെട്ടിച്ചു.

"'പൂര്‍ണ ചന്ദ്രന്‍' എന്ന് കേട്ടിട്ട്ണ്ടാ?"

ഓ ശെരിയാണല്ലോ. സൂര്യന്‍ മാസത്തില്‍ ഒരിക്കലല്ലേ ഇങ്ങനെ ഫുള്‍ സൈസില്‍ വരാറുള്ളൂ.

പാത്തു കുറച്ച് നേരം ഒന്നും മിണ്ടാതെ നിലത്ത് നോക്കി നിന്നു.
പിന്നെ ഉള്ള ശക്തി മുഴുവനെടുത്ത് ചേച്ചിയുടെ കാല് നോക്കി ആഞ്ഞൊര് ചവിട്ട് കൊടുത്തു.അങ്ങനെ, അന്ന്, എരിഞ്ഞടങ്ങുന്ന സൂര്യന്‍ ഹൃദയരക്തം ചാറി ചുവപ്പിച്ച ആ യുഗസന്ധ്യയില്‍, NITC-യുടെ അഡ്മിന്‍ ബ്ലോക്കിന് മുന്നില്‍ വെച്ച്, മലയാള ഭാഷയില്‍ ജാജ്ജ്വലമായ ഒരു പ്രയോഗം പിറവിയെടുത്തതിന് ലൈവ് ആയി സാക്ഷിയായി.

സമര്‍പ്പണം:‌ മലയാളത്തിന് തീര്‍ത്തും മൌലികമായ ഒരു പ്രയോഗം ഉദാരമായി സംഭാവന ചെയ്ത, എന്നാല്‍ അതിന്‍റെ യാതൊര് അഹങ്കാരവും‌ തൊട്ട് തെറിച്ചിട്ടില്ലാത്ത, നാളെ മംഗല്യ മൈലാഞ്ചിയിടുന്ന, മറ്റന്നാള്‍ നിക്കാഹിനൊരുങ്ങുന്ന ആ പ്രിയ സുഹൃത്തിന്.
--

Friday, June 15, 2007

GTalk + Yahoo Messenger എങ്ങനെ ഒരുമിച്ച്‌ ചാറ്റാം

GAIM എന്നൊരു ഫ്രീ/ഓപ്പണ്‍ സോഴ്സ്‌ സോഫ്റ്റ്‌വെയര്‍ ഉണ്ടായിരുന്നു. നിയമപരമായ പ്രശ്നങ്ങള്‍ കാരണം പേരു മാറ്റേണ്ടി വന്നു - പുതിയ പേര്‌ 'പിഡ്ഗിന്‍'(Pidgin). ധാരാളം ഇന്‍സ്റ്റന്റ്‌ മെസ്സേജിംഗ്‌ പ്രോട്ടോകോള്‍സ്‌ സപ്പോര്‍ട്ട്‌ ചെയ്യുന്നതായതിനാല്‍ വളരെ പോപുലറുമാണ്‌.
ഞാന്‍ ഉപയോഗിച്ച്‌ കൊണ്ടിരുന്ന വേര്‍ഷന്‍ 1.5 ആയിരുന്നു. അതു വഴി യാഹൂ മെസഞ്ചര്‍ നിര്‍ലോഭമായി ഉപയ്യൊഗിച്ച്‌ കൊണ്ടിരുന്നു താനും. പക്ഷേ Jabber പ്രോട്ടോകോള്‍ വഴി GTalk ഒന്നു കോണ്‍ഫിഗറു ചെയ്യാന്‍ നോക്കീട്ട്‌ നടന്നില്ല. ആനാല്‍, gmail എംബെഡ്ഡഡ്‌ ആയ ചാറ്റ്‌ ഉപയോഗിച്ച്‌ പോന്നു - വളരെ അസൗകര്യം. നിവൃത്തി കെട്ടപ്പൊ കടും കൈ ചെയ്യാന്‍ തീരുമാനിച്ചു - പിഡ്ഗിന്‍ പുതിയ വേര്‍ഷന്‍ XMPP എന്ന പ്രോട്ടോകോള്‍ ആണ്‌ GTalk-ന്‌ വേണ്ടി ഉപയോഗിക്കുന്നത്‌, അതൊന്ന് പരീക്ഷിച്ചു കളയാം എന്ന് കരുതി.
സാധനം ദേ ഇവിടെ നിന്ന് 'അട്ടിമറിക്കാം' (ക.ട്‌ : ഉമേഷ്‌ മാഷ്‌). Fedora, CentOS, RHEL, Windows binaries ഒക്കെ അവൈലബ്‌ള്‍ ആണ്‌, ഉബുണ്‍ടുവിലാണെങ്കില്‍ ലേറ്റസ്റ്റ്‌ വേര്‍ഷന്‍ (2.0.1) തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ പഴയ RHEL4 based ലിനക്സിലായതു കാരണം അവനെ പൊക്കി. അങ്ങനെ അട്ടിമറി കഴിഞ്ഞ്‌, ചാറ്റിംഗ്‌ കാവിലമ്മ കാരണം dependency hell എന്ന നരകത്തില്‍ എത്തിപ്പെടാതെ വെറും രണ്ടേ രണ്ട്‌ പാക്കേജുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്ത്‌ പിഡ്ഗിന്‍ അരങ്ങത്തെത്തി.

ഇനി അങ്കം. Gtalk കോണ്‍ഫിഗര്‍ ചെയ്യാന്‍ തുടങ്ങി.


ഡീഫാള്‍ട്‌ പോര്‍ട്ട്‌ 5222 ആണ്‌. എന്നാല്‍ അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ഞാനും കരുതി.

എല്ലാം കഴിഞ്ഞ്‌ കണക്റ്റ്‌ ചെയ്യാന്‍ നോക്കുമ്പം 'ഏഹേ', നടക്കുന്നില്ല - Read error പോലും. അപ്പൊളാണോര്‍ത്തത്‌ - എന്റെ ഫയര്‍വാള്‍! (നമ്മടെ ഇടിവാള്‍ ചേട്ടനെ പോലൊരു അവതാരം) നേരെ ചെന്ന് പോര്‍ട്ട്‌ തുറന്ന് കൊടുത്തു (പോര്‍ട്ട്‌ ട്രസ്റ്റ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ എന്നോട്‌ പൊറുക്കട്ടെ). വാട്ട്‌! എന്നിട്ടും അദ്ദേഹത്തിനു കണക്റ്റ്‌ ചെയ്യാന്‍ പറ്റിണ്‍ല്യത്രേ! SSL കൈകുലുക്കല്‍ (handshake) പ്രശ്നം പോലും.
എന്നാപ്പിന്നെ SSL/TLS പോര്‍ട്ടും കൂടെ ഓപ്പണ്‍ ചെയ്യാം എന്ന് വെച്ചു. അങ്ങനെ 5222, 5223 പോര്‍ട്ടുകള്‍ നീചനു വേണ്ടി മലര്‍ക്കെ തുറന്ന് വെച്ചു. അവസാനത്തെ അടവാണ്‌. അമ്മേ പലേരീ, കാത്ത്‌ കൊള്ളണേ! റീ കണക്റ്റ്‌ ചെയ്തു.
ഷ്യൂം... ഇല്ല! യാതൊരു രക്ഷേമില്ല. ഞാന്‍ തോല്‍വി രുചിച്ചു (ഛെ, തെലുങ്കന്മാരുടെ ലെമണ്‍ റൈസിന്റെ പോലെ വൃത്തികെട്ട രുചി!).
പതുക്കെ ആലോചിച്ചു - അപ്പോള്‍ ഒരു ബള്‍ബ്‌ കൂടെ കത്തി - ഞാന്‍ ഒരു കോര്‍പറേറ്റ്‌ ഫയര്‍വാളിന്റെ പിറകില്‍ ആണല്ലോ! ഇനി അവന്മാര്‍ പോര്‍ട്ട്‌ തുറന്നില്ലെങ്കില്‍?
അങ്ങനെ അവസാനത്തെ അങ്കത്തിനു തയ്യാറെടുത്തു. അവരെ പറ്റിക്കാവോന്ന് നോക്കട്ടെ.

പോര്‍ട്ട്‌ നേരേ http, അതായത്‌ 80 ആയി കോണ്‍ഫിഗര്‍ ചെയ്തു.

റീകണക്റ്റ്‌ ചെയ്യാന്‍ പിഡ്ഗിനു ദൂതു പോയി. ഹംസവും മേഘവുമില്ലാത്തതിനാല്‍ അതു ഞാന്‍ തന്നെ ഡെലിവര്‍ ചെയ്തു.
ഠോ...! സംഗതി സക്സസ്‌ !!! ഞമ്മടെ Gtalk കണക്റ്റഡ്‌ ആയി. ഫയര്‍വാളിനെ പറ്റിച്ചേ !

ഇതാ യാഹൂ, ജി-ടോക്‌ ഒറ്റ വിന്‍ഡോയില്‍.

Friday, May 11, 2007

കുറുമാന്‌ - ഒരു തുറന്ന കത്ത്‌

ഈ ബ്ലോഗിന്റെ പ്രചോദനം ദാ ഇവിടെ കിടക്കുന്നു -
കുറുമാന്റെ കഥകള്‍: എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 14

പ്രിയ കുറുമാന്‍,
ഞാന്‍ മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട്‌ ആഴ്ചകള്‍ മാത്രമായ ഒരു സാധാരണക്കാരന്‍. താങ്കളുടെയും, വിശാലന്റെയും, അരവിന്ദന്റെയും, ഇടിവാളിന്റെയുമൊക്കെ കഥകള്‍ സ്വകാര്യാഹങ്കാരങ്ങള്‍ പോലെ വായിക്കുന്ന, സംസാരിക്കുന്നവരോടെല്ലാം പങ്കുവെച്ച്‌ ചിരിച്ച്‌ മറിയുന്ന, ബൂലോഗത്തിലെ ഏതൊരു മലയാളിയെയും പോലെ, ഒരു സാധാരണ മനുഷ്യന്‍.

ഒന്നൊഴിയാതെ താങ്കളുടെ പോസ്റ്റുകളും കമന്റുകളും ഓഫീസില്‍ പ്രൊജക്റ്റ്‌ മാനേജരു കാണാതെ ഒരാഴ്ച സമയമെടുത്ത്‌ വായിക്കുന്നു, വീണ്ടും വീണ്ടും വായിക്കുന്നു. ഓഫീസിലിരുന്നു പൊട്ടിച്ചിരിക്കുമ്പോള്‍ മലയാളമറിയാത്ത ബംഗാളികള്‍ പകച്ചു നോക്കുന്നു. 'പോട പുല്ലേ' എന്ന മുഖ ഭാവത്തോടെ അടുത്ത പോസ്റ്റിലേക്ക്‌ വെച്ച്‌ പിടിക്കുന്നു. കമന്റണം കമന്റണം എന്ന് വെച്ച്‌ കൈ തരിക്കുമ്പോള്‍, ഒരു വര്‍ഷം മുന്‍പത്തെ പോസ്റ്റിന്‌ ഇപ്പോള്‍ കമന്റുന്നതിന്റെ വിവരക്കേടോര്‍ത്ത്‌ വൈക്ലബ്യത്തോടെ വേണ്ടെന്നു വയ്ക്കുന്നു.

മറ്റു പോസ്റ്റുകള്‍ എല്ലാം വായിച്ചിട്ട്‌, 'എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍' ഒറ്റ നോട്ടത്തില്‍ ഒരു പരമ ബോറ്‌ സാധനമായിരിക്കുമെന്ന എന്റെ മുന്‍ ധാരണ (വൃത്തികെട്ട ഞാന്‍!!) എത്ര വികലവും ബുദ്ധിശൂന്യവും എന്ന്‌ പിന്നീട്‌ തിരിച്ചറിയുമ്പോള്‍, എനിക്ക്‌ അല്‍പമാത്രമല്ലാത്ത ഒരു ലജ്ജ ങ്ങനെ ങ്ങനെ വന്ന്‌ ആകെ വല്ലാണ്ടാകുന്നു.

> തണുത്ത കാറ്റ്‌ ചില്ലിനടിയിലൂടെ മുഖത്തേക്കടിച്ചപ്പോള്‍ നല്ല സുഖം. കണ്ണുകള്‍ പൂട്ടി, സീറ്റിലേക്ക്‌ ഞാന്‍ ചാരി കിടന്നു.
> മനസ്സ്‌ വളരെ ശാന്തമായിരുന്നു.


14 ഭാഗങ്ങളും 2 ദിവസമെടുത്ത്‌ വായിച്ചു തീര്‍ത്ത്‌, കസേരയില്‍ ചാരിയിരിക്കുമ്പോള്‍, മി. കുറുമാന്‍, നിങ്ങളെന്റെ ഹൃദയം തകര്‍ത്തു കളഞ്ഞു. നെഞ്ചിലേക്കു നോക്കുമ്പോള്‍, ഹൃദയം മുറിഞ്ഞ്‌ രക്തമൊഴുകുന്നു. ഓര്‍മകളില്‍ നിലാവു പെയ്യുമ്പോള്‍ മാത്രം നിറഞ്ഞിരുന്ന എന്റെ കണ്ണുകള്‍, ആര്‍ദ്രമാകുന്നെന്നു ഞാന്‍ തിരിച്ചറിയുന്നു.

മനസ്സ്‌ വളരെ ശാന്തമാണെന്നു നിങ്ങള്‍ പറയുമ്പോള്‍, അതു സ്വപ്നങ്ങള്‍ എരിഞ്ഞടങ്ങിയ ശ്മശാനത്തിലെ ശാന്തതയെന്നു ഞാന്‍ അനുഭവിച്ചറിയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ രണ്ടു സ്വപ്നങ്ങള്‍, ഒരൊറ്റ നിമിഷത്തില്‍ പൊലിഞ്ഞു പോയതു കണ്ടിട്ടും, നിങ്ങള്‍ ചിരിക്കുന്നതു കാണുമ്പോള്‍; ഞങ്ങളെ ചിരിപ്പിക്കുന്നതു കാണുമ്പോള്‍, എനിക്കു വാക്കുകള്‍ നഷ്ടമാകുന്നു.

മിഴിനീരു കൊണ്ടു പ്രണാമം പതിവുമില്ലല്ലോ.

Tuesday, May 1, 2007

പപ്പടം

അക്കാലം ടിയാന്‍ പ്രീ ഡിഗ്രി കഴിഞ്ഞു പ്രത്യേകിച്ചു തൊഴില്‍ ഒന്നുമില്ലാതെ ചൊറി കുത്തി (റിസള്‍ട്ട്‌ വരാന്‍ കാത്ത്‌) ഇരിക്കുന്നു. ആകെ ഉള്ള ജോലി കാലത്തെഴുന്നേറ്റു പല്ലു തേച്ചു പത്രം അരച്ചു കലക്കി കുടിച്ചു (ദഹനത്തിനു നല്ലതാണത്രെ), പ്രിയ മാതാവു സ്പെഷ്യല്‍ ആയി ഉണ്ടാക്കിയ ദോശ അല്ലെങ്കില്‍ പുട്ട്‌ ഇത്യാദികള്‍ പ്രാതലിനു ബലി കൊടുത്തു ഗുരുതിക്കു അസ്സല്‍ ഒരു കട്ടന്‍ ചായയും കുടിച്ചു (പാലിനോടുള്ള താല്‍പര്യം അതു കുടിച്ചു കുടിച്ചു നശിച്ചു!) വിശ്രമിക്കുക എന്നുള്ളതാകുന്നു. വിശ്രമം ഊണിനു സമയമാകും വരെ മാത്രം എന്നു എടുത്തു പറയേണ്ടതില്ലല്ലോ. ഉച്ചയൂണു സാമ്പാര്‍ അല്ലെങ്കില്‍ മീന്‍ കറി, അച്ചാര്‍, പപ്പടം, തോരന്‍ ഇവകള്‍ കൂട്ടി അതി ഗംഭീരമാക്കിയതിനു ശേഷം, 'അങ്ങട്ട'യില്‍ (ച്ചാല്‍, അയല്‍വക്കത്ത്‌ എന്നു സംസ്കൃതം) പോയിരുന്നു നാട്ടു ബിസേസം (അദന്നെ - വിശേഷം) പറഞ്ഞു സമയത്തെ അതി നിഷ്ഠൂരമായി വധിക്കുക എന്നൊരു ചടങ്ങും നിലവില്‍ ഉണ്ടായിരുന്നു. തദവസരങ്ങളില്‍ നമ്മള്‍ മിക്കവാറും ഒരു ന്യൂനപക്ഷവും, നാരീ ജനങ്ങള്‍ മൃഗീയ ഭൂരിപക്ഷവും ആയിരുന്നു എന്നുള്ളതു സുവ്യക്തമാണല്ലോ? (ജോലീം കൂലീംള്ള ആണ്‍പ്രജകള്‍ക്ക്‌ പിന്നെ നട്ടുച്ചക്കു 'നാമൂസ്‌' പറഞ്ഞിരിക്ക്യല്ലേ പണി !!). അവര്‌ടേക്കെ മുമ്പില്‌ നമ്മക്കൊര്‌ വെലയൊക്കെ (ഇല്ലെങ്കിലും ണ്ടെന്ന് ഭാവിച്ച്ട്ട്‌) ണ്ടേര്‍ന്നു.

അന്തക്കാലത്ത്‌ എനിക്ക്‌ ഒരു പാരഗണ്‍ ഹവായ്‌ ചപ്പല്‍ ഉണ്ടായിരുന്നു. ഒട്ടനേകം കാതങ്ങള്‍ താണ്ടിയും, എണ്ണമറ്റ ക്രിക്കറ്റ്‌ കളികളില്‍ പങ്കെടുത്തും ഈ സംഗതി വളരെ വിജയകരമായി തന്റെ 'ബാഡി' ആ വള്ളികളില്‍ താങ്ങി പ്രൊട്ടെക്ട്‌ ചെയ്തിട്ടുണ്ടെന്നുള്ളതു പ്രസ്താവ യോഗ്യമാണ്‌. മേല്‍ പ്രസ്താവിച്ച അതി കഠിനമായ ശാരീരിക അദ്ധ്വാനങ്ങളാല്‍ ആകെ അവശേഷിച്ചത്‌ വള്ളികളും (സ്ട്രാപ്പ്‌ എന്ന് സംസ്കൃതം) പിന്നെ ഒരല്‍പ്പം സോളും ആയിരുന്നു. സോള്‍ ആണെങ്കില്‍ എപ്പൊ വേണേലും soul പോയിക്കിട്ടും എന്ന അവസ്ഥയില്‍ 2 mm കനത്തിലും, പിന്നില്‍ മടമ്പിന്റെ ഭാഗത്തു തേഞ്ഞു തേഞ്ഞു 'റ' ആകൃതിയില്‍ എലി കരണ്ടതു പോലെ ശൂന്യ്‌, ശൂന്യ്‌, ശൂന്യ്‌ (cipher അഥവാ void എന്നു theoretical physicists വിളിക്കും) ആയിരുന്നു. സങ്ങതികള്‍ അങ്ങനെയൊക്കെ ആയിരുന്നെങ്കിലും നമ്മടെ പരിമിതമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവന്‍ ധാരാളമായിരുന്നു.

തുടര്‍ന്നു വരുന്ന കഥാപാത്രം ഞങ്ങളുടെ പരിസരത്തെല്ലാം സാമാന്യം ബഹുമാനം നേടിയവരും, നാക്കിന്റെ സൗന്ദര്യത്താല്‍ പലര്‍ക്കും ദര്‍ശന മാത്രയില്‍ത്തന്നെ നെഞ്ചിടിപ്പ്‌ സമ്മാനിച്ചിട്ടുള്ളവരും, എന്റെ അമ്മയുടെ അച്ഛന്റെ സഹോദര ഭാര്യയും ആ വകയില്‍ എനിക്ക്‌ അമ്മൂമ്മ സ്ഥാനത്തുള്ളവരുമായ അമ്മാളു ഏട്ത്തി ആയിരുന്നു. ഇവരെ ഞാന്‍ അമ്മാളു 'ഏട്ത്തി' എന്നു വിളിക്കാന്‍ കാരണം എന്റെ അമ്മയും, അച്ഛനും, അമ്മമ്മയും ഒക്കെ അങ്ങനെയാണു വിളിച്ചിരുന്നത്‌ എന്നതാണ്‌ - അല്ലാതെ എനിക്കു പ്രായക്കൂടുതല്‍ ഉള്ളതു കൊണ്ടൊന്നുമല്ല! അന്നും പതിവു പോലെ ഒട്ടനേകം സ്ത്രീ ജനങ്ങളുടെ ഇടയില്‍ വീര ചരിതങ്ങള്‍ വിളമ്പിയും ഗോസിപ്പ്‌ കൈമാറിയും കൊണ്ടിരുന്ന ഞാന്‍ 'ഇരുത്തി'യില്‍ (അരഭിത്തി എന്നു സംസ്കൃതം) ഒരു കാല്‍ മുകളില്‍ കയറ്റി വെച്ച്‌, ആ കാലിന്റെ ചെരിപ്പു (ചെരിപ്പ്‌ എന്നൊന്നും അതിനെ വിളിക്കാന്‍ പറ്റില്ല എന്നാരെങ്കിലും ഇടക്കു പറഞ്ഞോ?) താഴെ ഇട്ടും കൊണ്ട്‌ സായി ബാബ സ്റ്റൈലില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍, അന്നു ശുക്രന്‍ തലക്കു മീതെ ഉദിച്ചു നില്‍ക്കുകയായിരുന്നതിനാലും, വരാനുള്ളതൊന്നും വഴിയില്‍ തങ്ങാതിരിക്കാന്‍ പടച്ച തമ്പുരാന്‌ പ്രത്യേക നിഷ്കര്‍ഷ ഉള്ളതിനാലും, അമ്മാളു ഏട്ത്തി ഭ്രമണ പഥം ആ വഴി തിരിച്ചു വിട്ടു വേദിയിലേക്കു വന്നു.

വന്നു ബ്രേക്ക്‌ ചവിട്ടിയ ഉടനെ ആ കണ്ണുകള്‍ (വയസ്സ്‌ കൊറേ ആയാലും പരുന്തിന്റെ കണ്ണിനെവിടെ പവര്‍ കൊറയാന്‍?) എന്നെയും എന്റെ പാദാരവിന്ദങ്ങളെയും ചരിത്ര പ്രധാനമായ എന്റെ പാദുകങ്ങളെയും മാറി മാറി നോക്കി. ന്നിട്ട്‌, ആ വന്‍പിച്ച സദസ്സിന്റെ മുന്നില്‍ വെച്ച്‌ യാതൊരു കരുണയും കൂടാതെ ഒറ്റ അടി അടിച്ചു : "ഊണിനു പര്‍പ്പടകം ഒന്നും ഇല്ലേര്‌ന്നോ മോനേ?"

എന്നെ എടുത്താണു വീട്ടിലെത്തിച്ചതെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌.

Saturday, April 28, 2007

നടയടി

നമ്മള്‍ മലയാളം ബ്ലോഗില്‍ ഒരു പുതുമുഖമാണ്‌. ബ്ലോഗിങ്ങു തുടങ്ങിയിട്ടു വര്‍ഷം ഒന്നു കഴിഞ്ഞെങ്ങിലും, ബ്ലോഗിച്ചു ബ്ലോഗിച്ചു ഒരു മാതിരി തഴക്കം വന്നെങ്കിലും, അതു ഇംഗ്ലീഷില്‍ ആയിരുന്നു. പിന്നെ ചില്ലറ ഹാക്കിംഗ്‌ താല്‍പര്യം ഉണ്ടായിരുന്നതിനാല്‍, വരമൊഴി എഡിറ്റര്‍ എന്ന സംഗതി ഒന്നു 'പോക്ക്‌ എറൗണ്ട്‌' ചെയ്തു നോക്കി. ആയിടെയാണു ചില മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ ഇട വന്നത്‌. വായിച്ചു ചിരിച്ചു കുഴഞ്ഞു വീണു മരിച്ചു ഉയിര്‍ത്തെഴുന്നേറ്റു വന്നപ്പോള്‍ കലശലായ പൂതി - ബ്ലോഗ്‌ എഴുതണം. 'ചെന്നു പെട്ടതു ഒരു സിംഹത്തിന്റെ മടയില്‍' എന്നു പറയുന്നില്ല. സൗകര്യമില്ലാഞ്ഞിട്ടു തന്നെ, അല്ലാതെ വേറെ ഒന്നും കൊണ്ടല്ല. അപ്പോള്‍, 'അതു ഞമ്മളാണ്‌' എന്നു പറഞ്ഞതു പോലെ, പ്രിയമുള്ളവരെ, ഇതു ഞാനാണ്‌ - രജീഷ്‌. അഹം ബ്രഹ്മാസ്മി. ബഷീര്‍ ഭട്ടതിരിപ്പാടിനെയും വി.കെ.എന്‍ അഗ്നിഹോത്രിയെയും മനസ്സില്‍ ധ്യാനിക്കുന്നു.