Friday, May 11, 2007

കുറുമാന്‌ - ഒരു തുറന്ന കത്ത്‌

ഈ ബ്ലോഗിന്റെ പ്രചോദനം ദാ ഇവിടെ കിടക്കുന്നു -
കുറുമാന്റെ കഥകള്‍: എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 14

പ്രിയ കുറുമാന്‍,
ഞാന്‍ മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട്‌ ആഴ്ചകള്‍ മാത്രമായ ഒരു സാധാരണക്കാരന്‍. താങ്കളുടെയും, വിശാലന്റെയും, അരവിന്ദന്റെയും, ഇടിവാളിന്റെയുമൊക്കെ കഥകള്‍ സ്വകാര്യാഹങ്കാരങ്ങള്‍ പോലെ വായിക്കുന്ന, സംസാരിക്കുന്നവരോടെല്ലാം പങ്കുവെച്ച്‌ ചിരിച്ച്‌ മറിയുന്ന, ബൂലോഗത്തിലെ ഏതൊരു മലയാളിയെയും പോലെ, ഒരു സാധാരണ മനുഷ്യന്‍.

ഒന്നൊഴിയാതെ താങ്കളുടെ പോസ്റ്റുകളും കമന്റുകളും ഓഫീസില്‍ പ്രൊജക്റ്റ്‌ മാനേജരു കാണാതെ ഒരാഴ്ച സമയമെടുത്ത്‌ വായിക്കുന്നു, വീണ്ടും വീണ്ടും വായിക്കുന്നു. ഓഫീസിലിരുന്നു പൊട്ടിച്ചിരിക്കുമ്പോള്‍ മലയാളമറിയാത്ത ബംഗാളികള്‍ പകച്ചു നോക്കുന്നു. 'പോട പുല്ലേ' എന്ന മുഖ ഭാവത്തോടെ അടുത്ത പോസ്റ്റിലേക്ക്‌ വെച്ച്‌ പിടിക്കുന്നു. കമന്റണം കമന്റണം എന്ന് വെച്ച്‌ കൈ തരിക്കുമ്പോള്‍, ഒരു വര്‍ഷം മുന്‍പത്തെ പോസ്റ്റിന്‌ ഇപ്പോള്‍ കമന്റുന്നതിന്റെ വിവരക്കേടോര്‍ത്ത്‌ വൈക്ലബ്യത്തോടെ വേണ്ടെന്നു വയ്ക്കുന്നു.

മറ്റു പോസ്റ്റുകള്‍ എല്ലാം വായിച്ചിട്ട്‌, 'എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍' ഒറ്റ നോട്ടത്തില്‍ ഒരു പരമ ബോറ്‌ സാധനമായിരിക്കുമെന്ന എന്റെ മുന്‍ ധാരണ (വൃത്തികെട്ട ഞാന്‍!!) എത്ര വികലവും ബുദ്ധിശൂന്യവും എന്ന്‌ പിന്നീട്‌ തിരിച്ചറിയുമ്പോള്‍, എനിക്ക്‌ അല്‍പമാത്രമല്ലാത്ത ഒരു ലജ്ജ ങ്ങനെ ങ്ങനെ വന്ന്‌ ആകെ വല്ലാണ്ടാകുന്നു.

> തണുത്ത കാറ്റ്‌ ചില്ലിനടിയിലൂടെ മുഖത്തേക്കടിച്ചപ്പോള്‍ നല്ല സുഖം. കണ്ണുകള്‍ പൂട്ടി, സീറ്റിലേക്ക്‌ ഞാന്‍ ചാരി കിടന്നു.
> മനസ്സ്‌ വളരെ ശാന്തമായിരുന്നു.


14 ഭാഗങ്ങളും 2 ദിവസമെടുത്ത്‌ വായിച്ചു തീര്‍ത്ത്‌, കസേരയില്‍ ചാരിയിരിക്കുമ്പോള്‍, മി. കുറുമാന്‍, നിങ്ങളെന്റെ ഹൃദയം തകര്‍ത്തു കളഞ്ഞു. നെഞ്ചിലേക്കു നോക്കുമ്പോള്‍, ഹൃദയം മുറിഞ്ഞ്‌ രക്തമൊഴുകുന്നു. ഓര്‍മകളില്‍ നിലാവു പെയ്യുമ്പോള്‍ മാത്രം നിറഞ്ഞിരുന്ന എന്റെ കണ്ണുകള്‍, ആര്‍ദ്രമാകുന്നെന്നു ഞാന്‍ തിരിച്ചറിയുന്നു.

മനസ്സ്‌ വളരെ ശാന്തമാണെന്നു നിങ്ങള്‍ പറയുമ്പോള്‍, അതു സ്വപ്നങ്ങള്‍ എരിഞ്ഞടങ്ങിയ ശ്മശാനത്തിലെ ശാന്തതയെന്നു ഞാന്‍ അനുഭവിച്ചറിയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ രണ്ടു സ്വപ്നങ്ങള്‍, ഒരൊറ്റ നിമിഷത്തില്‍ പൊലിഞ്ഞു പോയതു കണ്ടിട്ടും, നിങ്ങള്‍ ചിരിക്കുന്നതു കാണുമ്പോള്‍; ഞങ്ങളെ ചിരിപ്പിക്കുന്നതു കാണുമ്പോള്‍, എനിക്കു വാക്കുകള്‍ നഷ്ടമാകുന്നു.

മിഴിനീരു കൊണ്ടു പ്രണാമം പതിവുമില്ലല്ലോ.

Tuesday, May 1, 2007

പപ്പടം

അക്കാലം ടിയാന്‍ പ്രീ ഡിഗ്രി കഴിഞ്ഞു പ്രത്യേകിച്ചു തൊഴില്‍ ഒന്നുമില്ലാതെ ചൊറി കുത്തി (റിസള്‍ട്ട്‌ വരാന്‍ കാത്ത്‌) ഇരിക്കുന്നു. ആകെ ഉള്ള ജോലി കാലത്തെഴുന്നേറ്റു പല്ലു തേച്ചു പത്രം അരച്ചു കലക്കി കുടിച്ചു (ദഹനത്തിനു നല്ലതാണത്രെ), പ്രിയ മാതാവു സ്പെഷ്യല്‍ ആയി ഉണ്ടാക്കിയ ദോശ അല്ലെങ്കില്‍ പുട്ട്‌ ഇത്യാദികള്‍ പ്രാതലിനു ബലി കൊടുത്തു ഗുരുതിക്കു അസ്സല്‍ ഒരു കട്ടന്‍ ചായയും കുടിച്ചു (പാലിനോടുള്ള താല്‍പര്യം അതു കുടിച്ചു കുടിച്ചു നശിച്ചു!) വിശ്രമിക്കുക എന്നുള്ളതാകുന്നു. വിശ്രമം ഊണിനു സമയമാകും വരെ മാത്രം എന്നു എടുത്തു പറയേണ്ടതില്ലല്ലോ. ഉച്ചയൂണു സാമ്പാര്‍ അല്ലെങ്കില്‍ മീന്‍ കറി, അച്ചാര്‍, പപ്പടം, തോരന്‍ ഇവകള്‍ കൂട്ടി അതി ഗംഭീരമാക്കിയതിനു ശേഷം, 'അങ്ങട്ട'യില്‍ (ച്ചാല്‍, അയല്‍വക്കത്ത്‌ എന്നു സംസ്കൃതം) പോയിരുന്നു നാട്ടു ബിസേസം (അദന്നെ - വിശേഷം) പറഞ്ഞു സമയത്തെ അതി നിഷ്ഠൂരമായി വധിക്കുക എന്നൊരു ചടങ്ങും നിലവില്‍ ഉണ്ടായിരുന്നു. തദവസരങ്ങളില്‍ നമ്മള്‍ മിക്കവാറും ഒരു ന്യൂനപക്ഷവും, നാരീ ജനങ്ങള്‍ മൃഗീയ ഭൂരിപക്ഷവും ആയിരുന്നു എന്നുള്ളതു സുവ്യക്തമാണല്ലോ? (ജോലീം കൂലീംള്ള ആണ്‍പ്രജകള്‍ക്ക്‌ പിന്നെ നട്ടുച്ചക്കു 'നാമൂസ്‌' പറഞ്ഞിരിക്ക്യല്ലേ പണി !!). അവര്‌ടേക്കെ മുമ്പില്‌ നമ്മക്കൊര്‌ വെലയൊക്കെ (ഇല്ലെങ്കിലും ണ്ടെന്ന് ഭാവിച്ച്ട്ട്‌) ണ്ടേര്‍ന്നു.

അന്തക്കാലത്ത്‌ എനിക്ക്‌ ഒരു പാരഗണ്‍ ഹവായ്‌ ചപ്പല്‍ ഉണ്ടായിരുന്നു. ഒട്ടനേകം കാതങ്ങള്‍ താണ്ടിയും, എണ്ണമറ്റ ക്രിക്കറ്റ്‌ കളികളില്‍ പങ്കെടുത്തും ഈ സംഗതി വളരെ വിജയകരമായി തന്റെ 'ബാഡി' ആ വള്ളികളില്‍ താങ്ങി പ്രൊട്ടെക്ട്‌ ചെയ്തിട്ടുണ്ടെന്നുള്ളതു പ്രസ്താവ യോഗ്യമാണ്‌. മേല്‍ പ്രസ്താവിച്ച അതി കഠിനമായ ശാരീരിക അദ്ധ്വാനങ്ങളാല്‍ ആകെ അവശേഷിച്ചത്‌ വള്ളികളും (സ്ട്രാപ്പ്‌ എന്ന് സംസ്കൃതം) പിന്നെ ഒരല്‍പ്പം സോളും ആയിരുന്നു. സോള്‍ ആണെങ്കില്‍ എപ്പൊ വേണേലും soul പോയിക്കിട്ടും എന്ന അവസ്ഥയില്‍ 2 mm കനത്തിലും, പിന്നില്‍ മടമ്പിന്റെ ഭാഗത്തു തേഞ്ഞു തേഞ്ഞു 'റ' ആകൃതിയില്‍ എലി കരണ്ടതു പോലെ ശൂന്യ്‌, ശൂന്യ്‌, ശൂന്യ്‌ (cipher അഥവാ void എന്നു theoretical physicists വിളിക്കും) ആയിരുന്നു. സങ്ങതികള്‍ അങ്ങനെയൊക്കെ ആയിരുന്നെങ്കിലും നമ്മടെ പരിമിതമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവന്‍ ധാരാളമായിരുന്നു.

തുടര്‍ന്നു വരുന്ന കഥാപാത്രം ഞങ്ങളുടെ പരിസരത്തെല്ലാം സാമാന്യം ബഹുമാനം നേടിയവരും, നാക്കിന്റെ സൗന്ദര്യത്താല്‍ പലര്‍ക്കും ദര്‍ശന മാത്രയില്‍ത്തന്നെ നെഞ്ചിടിപ്പ്‌ സമ്മാനിച്ചിട്ടുള്ളവരും, എന്റെ അമ്മയുടെ അച്ഛന്റെ സഹോദര ഭാര്യയും ആ വകയില്‍ എനിക്ക്‌ അമ്മൂമ്മ സ്ഥാനത്തുള്ളവരുമായ അമ്മാളു ഏട്ത്തി ആയിരുന്നു. ഇവരെ ഞാന്‍ അമ്മാളു 'ഏട്ത്തി' എന്നു വിളിക്കാന്‍ കാരണം എന്റെ അമ്മയും, അച്ഛനും, അമ്മമ്മയും ഒക്കെ അങ്ങനെയാണു വിളിച്ചിരുന്നത്‌ എന്നതാണ്‌ - അല്ലാതെ എനിക്കു പ്രായക്കൂടുതല്‍ ഉള്ളതു കൊണ്ടൊന്നുമല്ല! അന്നും പതിവു പോലെ ഒട്ടനേകം സ്ത്രീ ജനങ്ങളുടെ ഇടയില്‍ വീര ചരിതങ്ങള്‍ വിളമ്പിയും ഗോസിപ്പ്‌ കൈമാറിയും കൊണ്ടിരുന്ന ഞാന്‍ 'ഇരുത്തി'യില്‍ (അരഭിത്തി എന്നു സംസ്കൃതം) ഒരു കാല്‍ മുകളില്‍ കയറ്റി വെച്ച്‌, ആ കാലിന്റെ ചെരിപ്പു (ചെരിപ്പ്‌ എന്നൊന്നും അതിനെ വിളിക്കാന്‍ പറ്റില്ല എന്നാരെങ്കിലും ഇടക്കു പറഞ്ഞോ?) താഴെ ഇട്ടും കൊണ്ട്‌ സായി ബാബ സ്റ്റൈലില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍, അന്നു ശുക്രന്‍ തലക്കു മീതെ ഉദിച്ചു നില്‍ക്കുകയായിരുന്നതിനാലും, വരാനുള്ളതൊന്നും വഴിയില്‍ തങ്ങാതിരിക്കാന്‍ പടച്ച തമ്പുരാന്‌ പ്രത്യേക നിഷ്കര്‍ഷ ഉള്ളതിനാലും, അമ്മാളു ഏട്ത്തി ഭ്രമണ പഥം ആ വഴി തിരിച്ചു വിട്ടു വേദിയിലേക്കു വന്നു.

വന്നു ബ്രേക്ക്‌ ചവിട്ടിയ ഉടനെ ആ കണ്ണുകള്‍ (വയസ്സ്‌ കൊറേ ആയാലും പരുന്തിന്റെ കണ്ണിനെവിടെ പവര്‍ കൊറയാന്‍?) എന്നെയും എന്റെ പാദാരവിന്ദങ്ങളെയും ചരിത്ര പ്രധാനമായ എന്റെ പാദുകങ്ങളെയും മാറി മാറി നോക്കി. ന്നിട്ട്‌, ആ വന്‍പിച്ച സദസ്സിന്റെ മുന്നില്‍ വെച്ച്‌ യാതൊരു കരുണയും കൂടാതെ ഒറ്റ അടി അടിച്ചു : "ഊണിനു പര്‍പ്പടകം ഒന്നും ഇല്ലേര്‌ന്നോ മോനേ?"

എന്നെ എടുത്താണു വീട്ടിലെത്തിച്ചതെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌.