Friday, May 11, 2007

കുറുമാന്‌ - ഒരു തുറന്ന കത്ത്‌

ഈ ബ്ലോഗിന്റെ പ്രചോദനം ദാ ഇവിടെ കിടക്കുന്നു -
കുറുമാന്റെ കഥകള്‍: എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 14

പ്രിയ കുറുമാന്‍,
ഞാന്‍ മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട്‌ ആഴ്ചകള്‍ മാത്രമായ ഒരു സാധാരണക്കാരന്‍. താങ്കളുടെയും, വിശാലന്റെയും, അരവിന്ദന്റെയും, ഇടിവാളിന്റെയുമൊക്കെ കഥകള്‍ സ്വകാര്യാഹങ്കാരങ്ങള്‍ പോലെ വായിക്കുന്ന, സംസാരിക്കുന്നവരോടെല്ലാം പങ്കുവെച്ച്‌ ചിരിച്ച്‌ മറിയുന്ന, ബൂലോഗത്തിലെ ഏതൊരു മലയാളിയെയും പോലെ, ഒരു സാധാരണ മനുഷ്യന്‍.

ഒന്നൊഴിയാതെ താങ്കളുടെ പോസ്റ്റുകളും കമന്റുകളും ഓഫീസില്‍ പ്രൊജക്റ്റ്‌ മാനേജരു കാണാതെ ഒരാഴ്ച സമയമെടുത്ത്‌ വായിക്കുന്നു, വീണ്ടും വീണ്ടും വായിക്കുന്നു. ഓഫീസിലിരുന്നു പൊട്ടിച്ചിരിക്കുമ്പോള്‍ മലയാളമറിയാത്ത ബംഗാളികള്‍ പകച്ചു നോക്കുന്നു. 'പോട പുല്ലേ' എന്ന മുഖ ഭാവത്തോടെ അടുത്ത പോസ്റ്റിലേക്ക്‌ വെച്ച്‌ പിടിക്കുന്നു. കമന്റണം കമന്റണം എന്ന് വെച്ച്‌ കൈ തരിക്കുമ്പോള്‍, ഒരു വര്‍ഷം മുന്‍പത്തെ പോസ്റ്റിന്‌ ഇപ്പോള്‍ കമന്റുന്നതിന്റെ വിവരക്കേടോര്‍ത്ത്‌ വൈക്ലബ്യത്തോടെ വേണ്ടെന്നു വയ്ക്കുന്നു.

മറ്റു പോസ്റ്റുകള്‍ എല്ലാം വായിച്ചിട്ട്‌, 'എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍' ഒറ്റ നോട്ടത്തില്‍ ഒരു പരമ ബോറ്‌ സാധനമായിരിക്കുമെന്ന എന്റെ മുന്‍ ധാരണ (വൃത്തികെട്ട ഞാന്‍!!) എത്ര വികലവും ബുദ്ധിശൂന്യവും എന്ന്‌ പിന്നീട്‌ തിരിച്ചറിയുമ്പോള്‍, എനിക്ക്‌ അല്‍പമാത്രമല്ലാത്ത ഒരു ലജ്ജ ങ്ങനെ ങ്ങനെ വന്ന്‌ ആകെ വല്ലാണ്ടാകുന്നു.

> തണുത്ത കാറ്റ്‌ ചില്ലിനടിയിലൂടെ മുഖത്തേക്കടിച്ചപ്പോള്‍ നല്ല സുഖം. കണ്ണുകള്‍ പൂട്ടി, സീറ്റിലേക്ക്‌ ഞാന്‍ ചാരി കിടന്നു.
> മനസ്സ്‌ വളരെ ശാന്തമായിരുന്നു.


14 ഭാഗങ്ങളും 2 ദിവസമെടുത്ത്‌ വായിച്ചു തീര്‍ത്ത്‌, കസേരയില്‍ ചാരിയിരിക്കുമ്പോള്‍, മി. കുറുമാന്‍, നിങ്ങളെന്റെ ഹൃദയം തകര്‍ത്തു കളഞ്ഞു. നെഞ്ചിലേക്കു നോക്കുമ്പോള്‍, ഹൃദയം മുറിഞ്ഞ്‌ രക്തമൊഴുകുന്നു. ഓര്‍മകളില്‍ നിലാവു പെയ്യുമ്പോള്‍ മാത്രം നിറഞ്ഞിരുന്ന എന്റെ കണ്ണുകള്‍, ആര്‍ദ്രമാകുന്നെന്നു ഞാന്‍ തിരിച്ചറിയുന്നു.

മനസ്സ്‌ വളരെ ശാന്തമാണെന്നു നിങ്ങള്‍ പറയുമ്പോള്‍, അതു സ്വപ്നങ്ങള്‍ എരിഞ്ഞടങ്ങിയ ശ്മശാനത്തിലെ ശാന്തതയെന്നു ഞാന്‍ അനുഭവിച്ചറിയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ രണ്ടു സ്വപ്നങ്ങള്‍, ഒരൊറ്റ നിമിഷത്തില്‍ പൊലിഞ്ഞു പോയതു കണ്ടിട്ടും, നിങ്ങള്‍ ചിരിക്കുന്നതു കാണുമ്പോള്‍; ഞങ്ങളെ ചിരിപ്പിക്കുന്നതു കാണുമ്പോള്‍, എനിക്കു വാക്കുകള്‍ നഷ്ടമാകുന്നു.

മിഴിനീരു കൊണ്ടു പ്രണാമം പതിവുമില്ലല്ലോ.

7 മറുവാക്കുകള്‍:

 1. കുറുമാന്‍ said...

  മാഷെ, നന്ദി. വായിച്ചതിനും, കമന്റ് ഇപ്രകാരം ഒരു പോസ്റ്റായിട്ടതിനും. ഇതൊക്കെ തന്നെ മാഷെ എഴുതാനുള്ള പ്രചോദനം.

 2. Haree | ഹരീ said...

  നല്ല ഒരു കമന്‍റ്... :)
  യൂറോപ്പ് സ്വപ്നങ്ങള്‍ ആദ്യ 13 ഭാഗം വായിച്ചയാളും 14ഉം വായിച്ചയാളും, അവയെ മനസിലാക്കുന്നത് രണ്ടു രീതിയിലാവും...
  --

 3. നമ്പ്യാര്‍ || Rajeesh said...

  കുറുമാന്‍ : വന്നതിലും വായിച്ചതിലും പെര്‌ത്ത്‌ സന്തോഷം.

  ഹരീ : ശരിയാണ്‌. ആ 14-ആം ഭാഗം ഒരങ്കം തന്നേര്‌ന്ന്!

 4. Visala Manaskan said...

  :) വണ്ടര്‍ഫുള്‍ കമന്റ് പോസ്റ്റ്.

  സ്‌നേഹത്തിന് നന്ദി.

 5. Rajeesh || നമ്പ്യാര്‍ said...

  യെന്‍റ ദൈവമേ [ജഗതി സ്റ്റൈല്‍ നെലോളി]!!!
  വിശാലേട്ടനോ !!!!

  നമോവാകം. ;-)

 6. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: കറങ്ങിത്തിരിഞ്ഞാണേലും എന്തിനാ ഇവിടെ ദൈവം കൊണ്ട് വന്നത് എന്ന് ഇപ്പോ മനസ്സിലായി. ചാത്തന്റെ ബ്ലോഗ് വരെ സൈഡ് ബാറിലു ലിങ്കിട്ടിരിക്കുന്നാ..

  ആ വഴീം വരാറുണ്ടെന്നറിഞ്ഞതില്‍ സന്തോഷം...


  തുറന്ന കത്ത് വായിച്ചു ബാംഗ്ലൂരാണേല്‍ യൂറോപ്പ് സ്വപ്നങ്ങളുടെ പ്രകാശനത്തിനു ക്ഷണിച്ചേനെ..
  ഇതങ്ങ് ദൂരെയായിപ്പോയില്ലേ..

 7. Rajeesh || നമ്പ്യാര്‍ said...

  ചാത്താ, ചാത്തന്‍സേ, കഴിഞ്ഞ മാസം ബാംഗ്ളൂര് വന്ന് ആര്‍ഭാടിച്ച് തിരിച്ചെത്തിയതേ ഉള്ളൂ...