Tuesday, May 1, 2007

പപ്പടം

അക്കാലം ടിയാന്‍ പ്രീ ഡിഗ്രി കഴിഞ്ഞു പ്രത്യേകിച്ചു തൊഴില്‍ ഒന്നുമില്ലാതെ ചൊറി കുത്തി (റിസള്‍ട്ട്‌ വരാന്‍ കാത്ത്‌) ഇരിക്കുന്നു. ആകെ ഉള്ള ജോലി കാലത്തെഴുന്നേറ്റു പല്ലു തേച്ചു പത്രം അരച്ചു കലക്കി കുടിച്ചു (ദഹനത്തിനു നല്ലതാണത്രെ), പ്രിയ മാതാവു സ്പെഷ്യല്‍ ആയി ഉണ്ടാക്കിയ ദോശ അല്ലെങ്കില്‍ പുട്ട്‌ ഇത്യാദികള്‍ പ്രാതലിനു ബലി കൊടുത്തു ഗുരുതിക്കു അസ്സല്‍ ഒരു കട്ടന്‍ ചായയും കുടിച്ചു (പാലിനോടുള്ള താല്‍പര്യം അതു കുടിച്ചു കുടിച്ചു നശിച്ചു!) വിശ്രമിക്കുക എന്നുള്ളതാകുന്നു. വിശ്രമം ഊണിനു സമയമാകും വരെ മാത്രം എന്നു എടുത്തു പറയേണ്ടതില്ലല്ലോ. ഉച്ചയൂണു സാമ്പാര്‍ അല്ലെങ്കില്‍ മീന്‍ കറി, അച്ചാര്‍, പപ്പടം, തോരന്‍ ഇവകള്‍ കൂട്ടി അതി ഗംഭീരമാക്കിയതിനു ശേഷം, 'അങ്ങട്ട'യില്‍ (ച്ചാല്‍, അയല്‍വക്കത്ത്‌ എന്നു സംസ്കൃതം) പോയിരുന്നു നാട്ടു ബിസേസം (അദന്നെ - വിശേഷം) പറഞ്ഞു സമയത്തെ അതി നിഷ്ഠൂരമായി വധിക്കുക എന്നൊരു ചടങ്ങും നിലവില്‍ ഉണ്ടായിരുന്നു. തദവസരങ്ങളില്‍ നമ്മള്‍ മിക്കവാറും ഒരു ന്യൂനപക്ഷവും, നാരീ ജനങ്ങള്‍ മൃഗീയ ഭൂരിപക്ഷവും ആയിരുന്നു എന്നുള്ളതു സുവ്യക്തമാണല്ലോ? (ജോലീം കൂലീംള്ള ആണ്‍പ്രജകള്‍ക്ക്‌ പിന്നെ നട്ടുച്ചക്കു 'നാമൂസ്‌' പറഞ്ഞിരിക്ക്യല്ലേ പണി !!). അവര്‌ടേക്കെ മുമ്പില്‌ നമ്മക്കൊര്‌ വെലയൊക്കെ (ഇല്ലെങ്കിലും ണ്ടെന്ന് ഭാവിച്ച്ട്ട്‌) ണ്ടേര്‍ന്നു.

അന്തക്കാലത്ത്‌ എനിക്ക്‌ ഒരു പാരഗണ്‍ ഹവായ്‌ ചപ്പല്‍ ഉണ്ടായിരുന്നു. ഒട്ടനേകം കാതങ്ങള്‍ താണ്ടിയും, എണ്ണമറ്റ ക്രിക്കറ്റ്‌ കളികളില്‍ പങ്കെടുത്തും ഈ സംഗതി വളരെ വിജയകരമായി തന്റെ 'ബാഡി' ആ വള്ളികളില്‍ താങ്ങി പ്രൊട്ടെക്ട്‌ ചെയ്തിട്ടുണ്ടെന്നുള്ളതു പ്രസ്താവ യോഗ്യമാണ്‌. മേല്‍ പ്രസ്താവിച്ച അതി കഠിനമായ ശാരീരിക അദ്ധ്വാനങ്ങളാല്‍ ആകെ അവശേഷിച്ചത്‌ വള്ളികളും (സ്ട്രാപ്പ്‌ എന്ന് സംസ്കൃതം) പിന്നെ ഒരല്‍പ്പം സോളും ആയിരുന്നു. സോള്‍ ആണെങ്കില്‍ എപ്പൊ വേണേലും soul പോയിക്കിട്ടും എന്ന അവസ്ഥയില്‍ 2 mm കനത്തിലും, പിന്നില്‍ മടമ്പിന്റെ ഭാഗത്തു തേഞ്ഞു തേഞ്ഞു 'റ' ആകൃതിയില്‍ എലി കരണ്ടതു പോലെ ശൂന്യ്‌, ശൂന്യ്‌, ശൂന്യ്‌ (cipher അഥവാ void എന്നു theoretical physicists വിളിക്കും) ആയിരുന്നു. സങ്ങതികള്‍ അങ്ങനെയൊക്കെ ആയിരുന്നെങ്കിലും നമ്മടെ പരിമിതമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവന്‍ ധാരാളമായിരുന്നു.

തുടര്‍ന്നു വരുന്ന കഥാപാത്രം ഞങ്ങളുടെ പരിസരത്തെല്ലാം സാമാന്യം ബഹുമാനം നേടിയവരും, നാക്കിന്റെ സൗന്ദര്യത്താല്‍ പലര്‍ക്കും ദര്‍ശന മാത്രയില്‍ത്തന്നെ നെഞ്ചിടിപ്പ്‌ സമ്മാനിച്ചിട്ടുള്ളവരും, എന്റെ അമ്മയുടെ അച്ഛന്റെ സഹോദര ഭാര്യയും ആ വകയില്‍ എനിക്ക്‌ അമ്മൂമ്മ സ്ഥാനത്തുള്ളവരുമായ അമ്മാളു ഏട്ത്തി ആയിരുന്നു. ഇവരെ ഞാന്‍ അമ്മാളു 'ഏട്ത്തി' എന്നു വിളിക്കാന്‍ കാരണം എന്റെ അമ്മയും, അച്ഛനും, അമ്മമ്മയും ഒക്കെ അങ്ങനെയാണു വിളിച്ചിരുന്നത്‌ എന്നതാണ്‌ - അല്ലാതെ എനിക്കു പ്രായക്കൂടുതല്‍ ഉള്ളതു കൊണ്ടൊന്നുമല്ല! അന്നും പതിവു പോലെ ഒട്ടനേകം സ്ത്രീ ജനങ്ങളുടെ ഇടയില്‍ വീര ചരിതങ്ങള്‍ വിളമ്പിയും ഗോസിപ്പ്‌ കൈമാറിയും കൊണ്ടിരുന്ന ഞാന്‍ 'ഇരുത്തി'യില്‍ (അരഭിത്തി എന്നു സംസ്കൃതം) ഒരു കാല്‍ മുകളില്‍ കയറ്റി വെച്ച്‌, ആ കാലിന്റെ ചെരിപ്പു (ചെരിപ്പ്‌ എന്നൊന്നും അതിനെ വിളിക്കാന്‍ പറ്റില്ല എന്നാരെങ്കിലും ഇടക്കു പറഞ്ഞോ?) താഴെ ഇട്ടും കൊണ്ട്‌ സായി ബാബ സ്റ്റൈലില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍, അന്നു ശുക്രന്‍ തലക്കു മീതെ ഉദിച്ചു നില്‍ക്കുകയായിരുന്നതിനാലും, വരാനുള്ളതൊന്നും വഴിയില്‍ തങ്ങാതിരിക്കാന്‍ പടച്ച തമ്പുരാന്‌ പ്രത്യേക നിഷ്കര്‍ഷ ഉള്ളതിനാലും, അമ്മാളു ഏട്ത്തി ഭ്രമണ പഥം ആ വഴി തിരിച്ചു വിട്ടു വേദിയിലേക്കു വന്നു.

വന്നു ബ്രേക്ക്‌ ചവിട്ടിയ ഉടനെ ആ കണ്ണുകള്‍ (വയസ്സ്‌ കൊറേ ആയാലും പരുന്തിന്റെ കണ്ണിനെവിടെ പവര്‍ കൊറയാന്‍?) എന്നെയും എന്റെ പാദാരവിന്ദങ്ങളെയും ചരിത്ര പ്രധാനമായ എന്റെ പാദുകങ്ങളെയും മാറി മാറി നോക്കി. ന്നിട്ട്‌, ആ വന്‍പിച്ച സദസ്സിന്റെ മുന്നില്‍ വെച്ച്‌ യാതൊരു കരുണയും കൂടാതെ ഒറ്റ അടി അടിച്ചു : "ഊണിനു പര്‍പ്പടകം ഒന്നും ഇല്ലേര്‌ന്നോ മോനേ?"

എന്നെ എടുത്താണു വീട്ടിലെത്തിച്ചതെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌.

1 മറുവാക്കുകള്‍:

  1. Kom's said...

    aa pazhaya blade polathe cheruppinte kaaryam malokare ariyikkaan muthirnna dhyaryam.....sammathichirikkunnu.....

    cheliye....nama: !!!

    cheruppinu 2mm kattiye ullekkilum..... nigalude tholikku 100cm kattiyudennu manassilayi !!!