അസ്തിത്വ ദുഃഖം
എന്റെ കാഴ്ചകളും കാഴ്ചപ്പാടുകളും എന്തുകൊണ്ടാണ് എല്ലായ്പ്പോഴും കലിഡോസ്കോപിക് ദൃശ്യങ്ങളെപ്പോലെ അവ്യക്തവും അമൂര്‍ത്തവുമാകുന്നത്? എനിക്കൊരിക്കലും യാഥാര്‍ത്ഥ്യത്തിന്റെ ഫ്രൈം ഓഫ് റെഫറന്‍സ് നിശ്ചയിക്കാന്‍ കഴിയാത്തതെന്തു കൊണ്ടാണ്? ഒരു ഫ്രൈം ഓഫ് റെഫറന്‍സും അബ്സൊല്യൂട്ടല്ല എന്നു പറഞ്ഞ ഐന്‍സ്റ്റീനോ, അബോധ-അര്‍ദ്ധബോധ-ബോധ തലങ്ങളെ വിഭജിച്ച ഫ്രോയ്ഡിനോ, അതോ എനിക്കോ ഭ്രാന്ത്? എന്തുകൊണ്ട് ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ (0,0,0) കോ-ഓര്‍ഡിനേറ്റുകള്‍ എനിക്കു പിടിതരുന്നില്ല?
ഒരു ഫോര്‍-ഡയമെന്ഷനില് ജീവിക്കുകയും അറിയുകയും അനുഭവിക്കുകയും സംവേദിക്കുകയും ചെയ്യുന്ന മനസ്സിന് എന്തു കൊണ്ട് ത്രീ-ഡയമെന്‍ഷനപ്പുറം ഉള്‍ക്കൊള്ളാനും വിലയിരുത്താനും മനസ്സിലാക്കാനും സാധിക്കുന്നില്ല?
വിന്‍സെന്റ് വാന്‍ഗോഗ് എന്തിനാണ് ഇടതു ചെവി മുറിച്ച് വേശ്യയ്ക്ക് നല്കിയതും നെഞ്ചിലേക്ക് നിറയൊഴിച്ചതും? അയാളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കെന്നും കടും മഞ്ഞ നിറമായിരുന്നോ?
മനസ്സിന്റെ യങ് മോഡുലസ് എത്രയാണ്? സ്ട്രെസ്സ് അതിന്റെ യങ് മോഡുലൈയേക്കാള്‍ കൂടുമ്പൊഴാണോ മനസ്സിന്റെ താളം തെറ്റുന്നത്? എല്ലാ മനസ്സുകളും ഒരേ പദാര്‍ത്ഥം കൊണ്ടാണ് നിര്‍മിച്ചതെങ്കില്‍ പലരുടെയും മനോ-യങ് മോഡുലസ് പലതായത് എങ്ങനെയാണ്?
ജീവിതവും ചതുരംഗവും ഇഴയടുപ്പമേറിയ അനലോഗികളാണ്. അല്ലെങ്കില്‍ ഒരു മെയ്സ്. എന്തുകൊണ്ടാണെനിക്ക് ആ മെയ്സിന്റെ ഏരിയല്‍ വ്യൂ കാണുവാന്‍ സാധിക്കാത്തത്? ആരുടെയൊക്കെയോ കരുനീക്കങ്ങളില്‍ മുന്നോട്ടു നീങ്ങാന്‍ വിധിക്കപ്പെട്ട കാലാള്‍ അറിയുന്നോ അത് കൊല്ലാനോ കൊല്ലപ്പെടാനോ അതോ ആത്മാഹുതിക്കോ എന്ന്? അതൊരിക്കലും തിരിച്ചറിയാന്‍ പാടില്ലെന്നു നിര്‍ബന്ധമുള്ളതു കൊണ്ടല്ലേ അവനു പിന്തിരിയാന് പാടില്ലെന്നു നിയമമുണ്ടാക്കിയത്?
ഇതാണോ അസ്തിത്വ ദുഃഖം?

