Tuesday, June 17, 2008

ചൊവ്വയില്‍ ജീവനുണ്ടോ?

ഡേയ്, ചൊവ്വായില്‍ ജീവനുണ്ടോ?

ഇല്ല.

ഒറപ്പിച്ചാ?

ആ.

യെന്തര്‌‌?

അവിടെ ഇതു വരെ ചൂഷണം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടില്ലെഡെ.

----------------------------------------------------------

പിന്‍കുറിപ്പ്:
ജീവന്‍ എന്ന പ്രതിഭാസത്തിന്റെ അടിസ്ഥാന സ്വഭാവ ലക്ഷണം എന്ത് എന്ന ചോദ്യത്തിന്‌‌ കിട്ടിയ ഒരുത്തരം.
സമര്‍പ്പണം : അനോണി ആന്റണിയ്ക്ക്.

Monday, March 31, 2008

എന്ത് കോപ്പാണ് ഈ PWN2OWN അല്ലേല്‍ സെക്യുരിറ്റി?

ഓ.എസ്സ്.
ലോകത്തേറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സോഫ്റ്റ്‌വെയര്‍ ഒരു സിസ്റ്റം സോഫ്റ്റ്‌വെയറാണ്. അതിന്റെ പൊതുവായ പേര് 'ഓപ്പറേറ്റിംഗ് സിസ്റ്റം' എന്നുമാണ്.
വോണ്‍-ന്യൂമാന്‍ ആര്‍ക്കിടെക്ചറിലുള്ള ഇന്നത്തെ മെഷീനുകളെ മറ്റു പ്രോഗ്രാമുകള്‍ക്ക് ഉപയുക്തമാക്കുന്നത് ഈ പ്രസ്താവിത ഓ.എസ്സാണ്.
ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ടാക്കുക എന്നത് വളരെയേറെ കോംപ്ലക്സ് ആയ പണിയാണ്. അതിന്റെ വെറും അസ്ഥികൂടം ഉണ്ടാക്കുക എന്നതു പോലും വളരെ പാടുള്ള, ഭയങ്കര ബുദ്ധിമുട്ടുള്ള സംഗതിയാണ് - ഒരു ഫുള്‍ ഫീച്ചേഡ് ഓ.എസ്സിന്റെ കാര്യം പിന്നെ പറയാനുമില്ല.

ഓ.എസ്സില്‍ ചില ഫീച്ചേഴ്സ് എന്തു കൊണ്ട് ഇന്ന രീതിയില്‍ ഇംപ്ലിമെന്റ് ചെയ്യുന്നു, ചില രീതിയില്‍ ചെയ്തു കൂടാ എന്നത് വളരെ പ്രാധാന്യമുള്ള സംഗതിയാണ്. ലൂപ്പ്-ഹോളുകള്‍ ഉണ്ടോ ഉണ്ടോ എന്ന് ഓരോ വരി കോഡ് എഴുതുമ്പോഴും ഓര്‍ത്തിരിക്കേണ്ടി വരും.

കാരണം, നാം ആലോചിചിട്ടു പോലുമില്ലാത്ത വഴികളിലൂടെയും മാര്‍ഗ്ഗങ്ങളിലൂടെയും നമ്മളെഴുതിയ കോഡ് സഞ്ചരിക്കാനുള്ള സാധ്യതകള്‍ തുറന്നിടപ്പെട്ടേക്കാം.
അതായത്, ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എഴുത്തുകാരന്‍ എഴുതുന്ന കോഡ് 'ബുള്ളറ്റ്-പ്രൂഫ്' ആയിരിക്കണം. അങ്ങേരുടെ വിധി.

ഓ.എസ്സ് ഉണ്ടാക്കുന്ന ആളുടെ ഡിസൈന്‍ ചോയ്സ് വളരെ പ്രധാനപ്പെട്ട ഒന്നാകുന്നത് ഇങ്ങനെയാണ്.

PWN
ഇന്റര്‍നെറ്റ് സെക്യൂരിറ്റി ജാര്‍ഗണില്‍ പെടുന്ന ഒരു മുട്ടന്‍ വാക്ക്. ഓണ്‍ലൈന്‍ ഗെയിമിംഗില്‍ നിന്നാവണം ഈ പ്രയോഗമുണ്ടായത് എന്നു വിശ്വസിക്കപ്പെടുന്നു. OWN എന്നതിന്റെ ഒരു pun ആണ് PWN. 'യുവര്‍ മെഷീന്‍ ഈസ് ജസ്റ്റ് പണ്‍ട്, മാന്‍' എന്നു വെച്ചാല്‍, തീര്‍ന്നു, നിന്റെ മെഷീന്‍ ആമ്പിള്ളേര് ഹാക്ക് ചെയ്തു കഴിഞ്ഞു എന്നാകുന്നു.
ഈ ഹാക്കിംഗ് പല വിധത്തിലുണ്ട് - ലോക്കല്‍ എക്സ്പ്ലോയിറ്റ്, റിമോട്ട് എക്സ്പ്ലോയിറ്റ് എന്ന് പൊതുവായി തരംതിരിക്കാം. ഈ ഹാക്കിംഗുകളെല്ലാം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെയോ,
അല്ലെങ്കില്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന മറ്റ് സോഫ്റ്റ്‌വെയറുകളുടെയോ പിഴവുകള്‍ മുതലെടുത്തു കൊണ്ടാണ് സാധ്യമാക്കുന്നത്. ഇത്തരം പിഴവുകളെ പൊതുവേ flaw, vulnerability എന്നൊക്കെ വിളിച്ചു പോരുന്നു. ഇതു മുതലെടുത്ത് സിസ്റ്റം ഹാക്ക് ചെയ്യുന്നത്തിനെ exploit എന്നും.

PWN2OWN
ഇതൊരു ഹാക്കിംഗ് കോണ്ടെസ്റ്റാണ്. ഈ വര്‍ഷത്തെ മത്സരം ഇപ്പൊ കഴിഞ്ഞതേ ഉള്ളൂ. അതിനെപ്പറ്റിയാണ് ഈ പോസ്റ്റ്. ഇതു വരെ മൊഴിഞ്ഞതെല്ലാം ആമുഖം.

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യാ-ദക്ഷിണാഫ്രിക്കാ ടെസ്റ്റ് നടക്കുമ്പോള്‍, വാന്‍കൂവറില്‍ മറ്റൊരു ത്രിദിന ടെസ്റ്റ് നടക്കുകയായിരുന്നു.
മൂന്ന് അതികായര്‍ അണിനിരക്കുന്ന ഒരു 'എന്‍ഡ്യുറന്‍സ് ടെസ്റ്റ്'. മൂന്ന് ലാപ്‌ടോപ്പുകള്‍, മൂന്ന് സുപ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുമായി ഒരു പറ്റം ഹാക്കര്‍മാരെ എതിരിടുന്നു.
ദോ, ഇവരാണവര്‍.
1) VAIO VGN-TZ37CN - ഉബുണ്‍ടു 7.10
2) Fujitsu U810 - വിസ്ത അള്‍ടിമേറ്റ് സര്‍വീസ് പാക്ക് 1
3) MacBook Air - മാക് ഓ എസ് 10.5.2

ഈ മൂന്നു മെഷീനുകളെയും flaws exploit ചെയ്ത് കീഴടക്കണം. കീഴടക്കിയാല്‍; ആ ലാപ്‌ടോപ്പും, കൈ നിറയെ ഡോളറും നിങ്ങള്‍ക്കാണ്.
എല്ലാ സിസ്റ്റവും ഡിഫോള്‍ട്ട് കോണ്‍ഫിഗറേഷനില്‍.
ഓരോ ഹാക്കര്‍ക്കും അര മണിക്കൂര്‍ വീതമുള്ള സമയം തരും. അങ്ങനെ ചാന്‍സ് അനുസരിച്ച് വൈന്നേരം വരെ ഹാക്ക് ചെയ്തു മരിക്കാം.

ഓരോ ദിവസത്തെ നിയമങ്ങളും, സോഫ്റ്റ്‌വെയര്‍ കോണ്‍ഫിഗറേഷനും, പ്രതിഫലത്തുകയും മാറിക്കൊണ്ടിരിക്കും. ക്യാമറ ഇനി സൂം-ഇന്‍ ചെയ്തു നോക്കാം.

ടെസ്റ്റ് - ഒന്നാം ദിനം.
നിയമം - എല്ലാ ലാപ്‌ടോപ്പും റിമോട്ട് പ്രീ-ഓഥ് വള്‍നറബിലിറ്റ്റി എക്സ്പ്ലോയിറ്റിനു വിധേയമാക്കാം. ഒരുവിധ യൂസര്‍ ഇന്റ്റാക്ഷനും അനുവദനീയമല്ല. അതായത്, ഒരു യൂസര്‍ നിങ്ങള്‍ നല്‍കുന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുകയോ മറ്റോ ചെയ്ത് ഹാക്ക് ചെയ്യാന്‍ അനുവദിക്കില്ല എന്ന്.
സമ്മാനത്തുക - 20,000 ഡോളര്‍.

ഒന്നാം ദിനം മത്സരം അവസാനിക്കുമ്പോള്‍, അല്ലെങ്കില്‍ സ്റ്റമ്പെടുക്കുമ്പോള്‍ വിക്കറ്റൊന്നും വീണില്ല. ച്ചാല്‍, ഉബുണ്‍ടു, വിസ്ത, മാക് ഓഎസ് എന്നിവര്‍ അപരാജിതരായി നിന്നു.
ചുരുക്കിപ്പറഞ്ഞാല്‍, മൂന്ന് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഒരു വിധ വിദൂര-മുതലെടുപ്പിനും (റിമോട്ട് എക്സ്പ്ലോയിറ്റ്) വിധേയമായില്ല. വണ്ടര്‍ഫുള്‍. ഫന്റാസ്റ്റിക്.

ടെസ്റ്റ് - രണ്ടാം ദിനം.
നിയമം - സിസ്റ്റത്തില്‍ ഡീഫാള്‍ട്ട് ആയി ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള എല്ലാ ക്ലയന്റ്-സൈഡ് അപ്പ്ലിക്കേഷനുകളും ആക്രമണപരിധിയില്‍ വരുന്നു. ഉദാഹരണത്തിനു ഒരു വെബ്-ബ്രൗസര്‍. നിങ്ങള്‍ക്ക് ഒരു യൂസറെ കൊണ്ട് നിങ്ങളുടെ അപകടകരമായ സൈറ്റിന്റെ ലിങ്ക് ക്ലിക്ക് ചെയ്യിക്കാം.
സമ്മാനത്തുക - 10,000 ഡോളര്‍.

രണ്ടാം ദിനം മത്സരം ആരംഭിച്ച് വെറും രണ്ടേ രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ - ഐ റിപ്പീറ്റ് - രണ്ടേ രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ - MacBook Air നിലം പൊത്തി. ആപ്പിളിന്റെ സഫാരി വെബ്-ബ്രൗസറിലുള്ള ഒരു പിഴവ് മുതലെടുത്താണ് ചാര്‍ലീ മില്ലര്‍ എന്ന സെക്യൂരിറ്റി എക്സ്പര്‍ട്ട് MacBook Air ലാപ്‌ടോപ്പും 10,000 ഡോളറും കീശയിലാക്കിയത്. (എന്തോ? ഇല്ല, MacBook ഇടാനും മാത്രം വലുതായിരുന്നില്ല പോക്കറ്റ്. അതങ്ങേരു ബാഗില് വെച്ചു).

രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ വിസ്തയും ഉബുണ്‍ടുവും തല ഉയര്‍ത്തിത്തന്നെ നിന്നു.

ടെസ്റ്റ് - മൂന്നാം ദിനം.
മൂന്നാമത്തെയും അവസാനത്തെയും ദിവസം.

നിയമം - ആക്രമണപരിധി വളരെ പ്രചാരമുള്ള 'തേഡ്-പാര്‍ട്ടി' അപ്പ്ലിക്കേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നു.
സമ്മാനത്തുക - 5,000 ഡോളര്‍.

അവസാനദിനം വളരെയധികം നേരം പിടിച്ചു നിന്നതിനു ശേഷം Fujitsu ലാപ്‌ടോപ്പ് കീഴടങ്ങി ! വിന്‍ഡോസ് വിസ്തയില്‍ അഡോബി ഫ്ലാഷ് സോഫ്റ്റ്‌വെയറിന്റെ സെക്യൂരിറ്റി പിഴവുകള്‍ മുതലെടുത്ത് ഷെയ്‌ന്‍ മക്കോളെ ലാപ്‌ടോപ്പും 5,000 ഡോളറും കൊണ്ടു പോയി.

ക്ലൈമാക്സ്.
ഉബുണ്‍ടു ലിനക്സ് സ്റ്റുഡ് അണ്‍ബീറ്റബ്ള്‍.

സെക്യൂരിറ്റി.
എന്താണ് അല്ലേല്‍ എന്തായിരുന്നു PWN2OWN ഹാക്ക്-ഫെസ്റ്റിന്റെ പ്രസക്തി?
പല ഓപ്പറേറ്റിംഗ് സിസ്റ്റം വെന്‍ഡര്‍മാരും സെക്യൂരിറ്റിയെ കുറിച്ച് പല പല അവകാശവാദങ്ങളും ഉയര്‍ത്തുമ്പോള്‍, ഒരു സത്യാന്വേഷണ പരീക്ഷണം. അല്ലേല്‍ ഒരു ഫ്രീ ചെക്കപ്പ്.

ശ്രദ്ധിക്കുക - പൊളിച്ചടുക്കപ്പെട്ട രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും 'ക്ലോസ്ഡ് സോഴ്സ്' അഥവാ സോഴ്സ് കോഡ് പുറത്തുവിടാത്ത 'പ്രൊപ്രൈറ്ററി' അഥവാ കുത്തക സോഫ്റ്റ്‌വെയറുകളായിരുന്നു.
അതേ സമയം ഉബുണ്‍ടു ലിനക്സിന്റെ സോഴ്സ് മുഴുവന്‍ ഓപ്പണ്‍ ആയിരുന്നു എന്നതും, സോഴ്സ് കോഡ് കാണുവാന്‍ സാധിക്കുക എന്നത് ഒരു അറ്റാക്കറുടെ ജോലി എളുപ്പമാക്കുന്നു എന്നതും ശ്രദ്ധേയമാണ്.

Tuesday, March 4, 2008

സ്വാതന്ത്ര്യ സമരവും മുണ്ടും അനുബന്ധവും.

കല്‍ക്കട്ടയിലെ ആദ്യകാല വാരാന്ത്യങ്ങള്‍ പീഢനദിനങ്ങളുടെ നിറച്ചാര്‍ത്തണിഞ്ഞ ടൈം-സ്പേസ് കണ്‍ടിന്വം ആയിരുന്നു. കാരണം സിംപിള്‍ - ഭക്ഷ്യയോഗ്യ പദാര്‍ത്ഥങ്ങളുടെ അഭാവവും (പാചകം ചെയ്യാനുള്ള മടി, വിഭവങ്ങളുടെയും ഡൊമെയ്‌ന്‍ നോളജിന്റെയും അഭാവം... എന്നൊക്കെ വായിക്കുക) തല്‍ഫലമുളവാകുന്ന അനിര്‍‌വചനീയ വികാരങ്ങളും തുടര്‍ന്നരങ്ങേറുന്ന സഹമുറിയസമേത കഥന-കവന പരിപാടികളും. കൊള്ളാവുന്ന ഒരു റെസ്റ്റോറന്റ് സമീപപ്രദേശത്തില്ല എന്നതായിരുനന്നു ഏറ്റവും വല്ല്യ പ്രശ്നം. നമ്മ കേരളാവില്‍ ഏതു മുക്കിലും മൂലയിലും കൊടുംകാട്ടിലും കൊക്കേടെ വിളുമ്പത്തു വരേയും (ഇത്രേം മതി) ഒരു ഹോട്ടല്‍ അല്ലേല്‍ ചായപ്പീടിയ കണ്ടുകിട്ടും. എന്നാല്‍, ഈ മെട്രോ സിറ്റീല്‍ , പ്ലാന്‍ഡ് റെസിഡന്‍ഷ്യല്‍ ഏരിയായില്‍, ഒന്നുകില്‍ 'ധാബ' അഥവാ നമ്മടെ വണ്ടിപ്പീട്യേടെ ഒരു വൃത്തികെട്ട വേര്‍ഷന്‍ അല്ലേല്‍ ഏ.സി.റെസ്റ്റ്രോ. അതായത് ഒന്നുകില്‍ കൈരളിക്ക് പൊറത്ത്, അല്ലേല്‍ ആശാന്റെ നടുമ്പൊറത്ത്.

ഏ.സി.റെസ്റ്റ്രോയില്‍ വല്ലപ്പോഴും പോകാം. എന്നും പോകാന്‍ പറ്റ്വോ? നമ്മള്‍ കൊച്ചീരാജാവിന്റെ മര്വോന്‍ ഒന്നുമല്ലല്ലൊ. മാത്രമല്ല, വായില്‍ വെക്കാന്‍ കൊള്ളാവുന്നതൊന്നും സ്റ്റാര്‍ ഹോട്ടലില്‍ കിട്ടൂല്ല (ഇപ്പറഞ്ഞത് ആത്മാര്‍ത്ഥമായിട്ട്). എന്നാല്‍ ധാബയിലെ ഹെല്‍ത്ത്-ആന്റ്-ഹൈജനിക് എന്‍‌വയോണ്മെന്റ് കണ്ടെങ്കിലോ, അതോടെ ജീവിതത്തില്‍ ഭക്ഷണത്തോട് നിത്യമായി വിരക്തി തോന്നുകയും വിശപ്പ് എന്നത് വെറും ബൂര്‍ഷ്വാ സങ്കല്‍പ്പം മാത്രമാണെന്ന് പ്രത്യയശാസ്ത്രപുസ്തകം വായിക്കാതെ തന്നെ മനസ്സിലാവുകയും, ഉദ്ഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും. മിക്കവാറും ശനിയന്‍-ഞായന്‍ ദിനങ്ങളില്‍ ഏതാണ്ടൊരു കിലോമീറ്ററകലെയുള്ള 'സൗത്ത് ഇന്‍ഡ്യന്‍ റെസ്റ്റോറന്റ്' എന്നു പേരിട്ട, കോഴിക്കോട് ക്രൗണ്‍ തിയേറ്ററിന്റെ ടിക്കറ്റ് ക്യൂ ലെയ്‌ന്‍ പോലുള്ള, രണ്ട് ചുമരുകള്‍ക്കിടയിലുള്ള നാരോ ഗ്യാപ്പില്‍ സെറ്റപ്പാക്കിയ കടയില്‍; മസാല്‍ദോശ്, ഇഡ്ഡലി, വട എന്നിവ നില്‍പ്പനടിച്ചു പോന്നു (തന്നെ, ഇരിക്കാനുള്ള സെറ്റപ്പില്ലായിരുന്നു!). ചില വീക്കെന്‍ഡുകളില്‍ ഓട്ടോയിലും തുടര്‍ന്ന് മെട്രോയിലും പിന്നീട് നടരാജിലുമായി ഒരു ഒന്നര-രണ്ട് മണിക്കൂര്‍ യാത്രയ്ക്കു ശേഷം കാളീഘട്ടിനടുത്ത 'ബനാനാ ലീഫില്‍' നിന്നും ഊണ് കഴിച്ചു പോന്നു. ഭോജനം തമിഴ് ശൈലിയിലായിരുന്നു എന്നതും, ഒടുക്കത്തെ കത്തിയായിരുന്നു എന്നതും, പൊടി-പുക സമൃദ്ധമായ യാത്രയായിരുന്നു എന്നതും, വളരെയേറെ യാത്ര ചെയ്യേണ്ടിവരുന്നതും ലിമിറ്റഡ് വിസിറ്റായി ചുരുക്കാന്‍ അബോധപൂര്‍വ്വമായ പ്രേരണയായി.

താമസം മാറിയതിനു ശേഷമാണ് അവസ്ഥയ്ക്ക് അല്പം മാറ്റമുണ്ടാകുന്നത്. വെറും നാലേ നാലു വീടകലെ ഒരു റെസ്റ്റോറന്റ് ! ഏ.സി.യാണ്. പക്ഷേ കത്തിക്ക് ഒരു പൊടിക്കു മാത്രം മൂര്‍ച്ച കുറയും; കഴിക്കബിള്‍ ആയിട്ടുള്ള വല്ലതും കിട്ട്വേം ചെയ്യും. നാന്‍, തന്തൂര്‍ റൊട്ടി, ദോശ, ബിരിയാണി... ബഹുത്ത് ഖുശി. ഇവനെ കണ്ടുപിടിച്ചതിന്‌ ശേഷമാണ് പ്രസ്ഥാനങ്ങള്‍ രണ്ടും വെയ്റ്റ് കണ്‍‌ട്രോളിംഗ് എന്നത് പ്രസക്തമായ ഒരു സംഗതിയാണെന്ന് അംഗീകരിക്കുന്നതെന്ന് ഒരു സംസാരമുണ്ട്. സ്വല്‍പം കത്തിയായതിനാലോ അതോ ഫുള്‍ടൈം ടീവീടെ റിമോട്ടും പിടിച്ച് ചാനല് മാറ്റിമാറ്റിക്കളിക്കുന്ന ഓണര്‍ അഥവാ മൊയ്ലാളി എന്ന ജീവി കേറിച്ചെല്ലുന്ന വഴി മോന്തകാണിച്ചിരിക്കുന്നതിനാലോ എന്നറിയില്ല, വല്ലപ്പോഴും മാത്രമേ ആള്‍പ്പെരുമാറ്റമുണ്ടായിരുന്നുള്ളൂ. സെമിത്തേരിയിലെ പ്രശാന്തതയോടെ, മൗനാദരങ്ങളോടെ, വെയ്റ്റര്‍ സെര്‍വു ചെയ്യുകയും ബാക്ക്-ഹാന്റ് റിട്ടേണായി വന്‍പിച്ച ടിപ്പ് കൊടുക്കുകയും ചെയ്തുപോന്നു.

ശനിയും ഞായറും ഏഷ്യാനെറ്റ് അല്ലേല്‍ സൂര്യയില്‍ കാലത്തെ പടം തുടങ്ങുന്നതിന് തൊട്ടുമുന്‍പെഴുന്നേല്‍ക്കുകയും ടൈറ്റില്‍ കാണിച്ചു കഴിയുമ്പഴേക്കും സോഫായില്‍ പ്രതിഷ്ഠിക്കപ്പെടുകയും ന്യൂസ് ടൈം ആവുമ്പഴേക്കും റെഡിയായി റെസ്റ്റോയിലേക്ക് വച്ചു പിടിക്കുകയും ന്യൂസ് കഴിയുമ്പഴേക്കും തിരിച്ചെത്തുകയും പടം കണ്ടുതീര്‍ക്കുകയും സോഫായില്‍ തന്നെ ഉച്ചയുറക്കം തരമാക്കുകയും അതീവശുഷ്കാന്തിയോടെ ചെയ്തു പോന്നു.

അങ്ങനെ ശുഷ്കാന്തി കൂടിപ്പോയ ഒരു ദിനത്തില്‍, ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയ ഒരു ഓര്‍മദിവസത്തില്‍ , വീക്കെന്‍ഡുകളിലെ പതിവു റൂട്ടീന്‍ ഓടിക്കാനുള്ള പ്രോഗ്രാം ലോഡു ചെയ്യുകയും എക്സിക്യൂഷന്‍ സ്റ്റാര്‍ട്ടു ചെയ്യുകയും ചെയ്തു. ന്യൂസ് ഇന്റര്‍വെല്‍ വരെ പ്രോഗ്രാം റണ്‍ ടൈം എറര്‍ ഇല്ലാതെ ഓടുകയും നോര്‍മല്‍ ബിഹേവിയര്‍ ഫോളോ ചെയ്യുകയും ഉണ്ടായി. ന്യൂസ് ടൈം അനൗണ്‍സ് ചെയ്തതോടെ ഉദരപൂരണസ്മരണ (ചുള്ളിക്കാടേ, മാപ്പ്.) 'ദിസ് അപ്പ്ലിക്കേഷന്‍ ഈസ് റിക്വസ്റ്റിംഗ് യുവര്‍ അറ്റന്‍ഷന്‍' എന്ന സിഗ്നല്‍ തരുകയും തുടര്‍ന്ന് 'ചലോ റെസ്റ്റ്രോ' കോള്‍-ബാക്ക് പ്രൊസീജിയര്‍ , കണ്‍ട്രോള്‍ ഏറ്റെടുക്കുകയും ചെയ്തു. (ലൈഫ് ഈസ് ജസ്റ്റ് അനദര്‍ ഇവന്റ് ഡ്രിവണ്‍ പ്രോഗ്രാം ).

പക്ഷേ, അന്ന് സ്വാതന്ത്ര്യദിനമായിരുന്നതിനാല്‍, കല്‍ക്കട്ടയുടെ വിരിമാറിലൂടെ മുണ്ടുമടക്കിക്കുത്തി നടക്കണമെന്ന ഒരു മലയാളിയുടെ അടങ്ങാത്ത സ്വാതത്ര്യവാഞ്ഛ ചുരമാന്തുകയും തദ്വാരാ "ഇന്നു മുണ്ടുടുത്തോണ്ടു പോവാടാ...!" എന്ന് അനൗണ്‍സ് ചെയ്യുകയും ശബ്ദവോട്ടോടെയും കരഘോഷത്തോടെയും പ്രമേയം പാസ്സാക്കപ്പെടുകയും ചെയ്തു.

മുണ്ടു ചാര്‍ത്തി, മുണ്ടനായി, മുണ്ടകനായി; റെസ്റ്റോയില്‍ പോയി, സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് വെജിറ്റബിള്‍ ബിരിയാണിയടിച്ച് ഉന്മത്തരായി തിരിച്ചെത്തി പ്രോഗ്രാം റീറണ്‍ ചെയ്തു. സുഖം, സ്വസ്ഥം.

ദാ വരുന്നൂ, രണ്ടു ദിവസത്തിനു ശേഷം അടുത്ത വാരാന്ത്യം. വയ്യ. വീണ്ടും മേല്‍പ്രസ്താവിത പ്രോഗ്രാം റണ്‍ ചെയ്യുകയും ന്യൂസ് ബ്രേക്ക് അവതരിക്കുകയും ചെയ്തു. പ്രസ്ഥാനങ്ങള്‍ കണ്ണുകൊണ്ട് "പൂവ്വാം...?" എന്ന് സിഗ്നല്‍ കൈമാറുകയും, സിഗ്നലുകള്‍ അന്യോന്യം അക്‌നോളഡ്ജ് ചെയ്യപ്പെടുകയും തല്‍ക്ഷണം ദേഹങ്ങള്‍ രണ്ടും ഫ്ലാറ്റിനു പുറത്തേക്ക് തെറിക്കുകയും ചെയ്തു.

പതിവു പോലെ റെസ്റ്റോറന്റില്‍ വരവു വെച്ചു, ഓര്‍ഡറെടുക്കാനുള്ള ബുക്കും പേനയുമായി വെയ്റ്റര്‍ ആഗതനായി. എന്നാല്‍; പതിവിനു വിപരീതമായി പ്രസ്താവിത ദേഹം ഒരു വളിച്ച ചിരിയും എന്തോ മൊഴിയാനുള്ള വൈക്ലബ്യവും മുഖകമലത്തില്‍ ഫിറ്റു ചെയ്തിരുന്നു. ചോദ്യഭാവത്തിലുള്ള നോട്ടത്തിന് പതറിപ്പതറി മറുപടി വന്നു തുടങ്ങി. ഡയലോഗ്, സ്ക്രിപ്റ്റ്, തിരക്കഥ താഴെ:

സാര്‍. അത്... പിന്നെ... മൊയ്ലാളി ഒരു കാര്യം പറഞ്ഞിരുന്നു. കഴിഞ്ഞ പ്രാവശ്യം വന്നപോലെ ലുങ്കിയുടുത്തോണ്ട് വരരുത് എന്ന്... ഞാം മൊയ്ലാളിയോട് പറഞ്ഞിരുന്നു.... അവര് അങ്ങനെയൊന്ന്വല്ലാ... ഇദാദ്യായിട്ടാണ് എന്നൊക്കെ...


അതിന് ലുങ്കിയുടുത്തല്ലല്ലോ വന്നത്. അതു മുണ്ടാണ്. മുണ്ട്.


അതെ സാര്‍... ഞാന്‍ മൊയ്ലാളിയോട് പറഞ്ഞിരുന്നു... അത് പിന്നെ...


ഉം... ശരി.


ഓര്‍ഡറുമെടുത്ത് വെയ്റ്റര്‍ പോയി.
ടേബിളിനപ്പുറം മുഖാമുഖമിരിക്കുന്നവന്റെ മുഖം വിളറിയതും "അയ്യേ... വൃത്തികെട്ടവന്‍... അപ്പഴേ പറഞ്ഞില്ലേടാ മുണ്ടുടുക്കണ്ടാ എന്ന്!" എന്ന ഭാവത്തില്‍ എന്നെ നോക്കുന്നതും കണ്ടു. "നിന്റെ കൂടെ വന്നതേ നാണക്കേടായി" എന്ന് അകമേയും "ഹൊ! അവന്റെയൊരു അഹങ്കാരം... പിന്നേ... ഈപ്പറയുന്നവന്റെ ഡ്രസ്സ് കണ്ടാ മതി... ലോകത്തുള്ള സകല പൊടീം പൊകേംണ്ട്..." എന്നു തുടങ്ങി വെയ്റ്ററെ നോക്കിയും ജ്ഞാനപ്പാന ചൊല്ലാന്‍ തുടങ്ങി. നോം മൗനം ദീക്ഷിച്ചു ദീക്ഷിതരായി.

ഭക്ഷണം മേശമേല്‍ അവതരിക്കുകയും കൈയ്യും പല്ലുമായി ആക്രമണം ആരംഭിക്കുകയും ചെയ്തു.

ഇപ്പഴിപ്പൊ കൂലി വരമ്പത്താണ് എന്നു പറഞ്ഞാല്‍ ഇതാണ് - ദേ വരുന്നു മൂന്നു നാല് ഗെഡാഗഡിയന്‍ ഉത്തരേന്ത്യന്‍ പിള്ളേര്‍. ഒത്ത സൈസും തടീം. അറുത്താല്‍ നാലു പത്തേമാരി വാര്‍ക്കാം. ഒറ്റ കൊഴപ്പേള്ളൂ - എല്ലാ എണ്ണോം ഇത്തിരിപ്പോന്ന ബര്‍മുഡാ ട്രയാങ്കിളു കൊണ്ടാണ് കാര്യമാത്രപ്രസക്തമായതൊക്കെ പ്രൊട്ടക്റ്റ് ചെയ്തിരിക്കുന്നത്. (ടി.കെ.യുടെ അനിയത്തി, ഏട്ടനാണെന്ന പരിഗണന പോലുമില്ലാതെ വാരി നിലത്തടിച്ചതോര്‍ക്കുന്നു - "ഇവിടത്തെ നാട്ടുകാരും നീയിടുന്നതൊക്കെ ഇടും ഏട്ടാ... പക്ഷേ അവര് അതിന്റെ മേലെ ഒരു കൈലീം കൂടെ ഉടുക്കും!")

ദൈവമേ നീ വലിയവന്‍. ഇത്ര പെട്ടന്ന് നീയെനിക്കൊരു ചാന്‍സ് തരുമെന്ന് കരിതിയില്ല.

വെയ്റ്ററെ കൈമാടി വിളിച്ചു.
ദേഹം ഭവ്യതയോടെ അടുത്തു വന്ന് വചനത്തിനു കാതോര്‍ത്തു.

പിള്ളേരെ ചൂണ്ടിക്കാട്ടി ചോദിച്ചു:


സിര്‍ഫ് അണ്ടര്‍വെയര്‍ പെഹന്‍കേ ആ സക്താ ഹേ ക്യാ?
മുഖാമുഖമിരുന്നവന്‍ പൊളിഞ്ഞുപോയ വായ അടച്ചപ്പോഴാണ് വെയ്റ്റര്‍ക്ക് ശ്വാസം തിരിച്ചു കിട്ടിയത്.

അത്... സാര്‍... പ്ലീസ്... മൊയ്ലാളിയോട് ഞാന്‍ പറ...
വാല്‍: പിറ്റേ ആഴ്ച മുതല്‍ ബഹുമാനം, കെയര്‍ , എക്സ്ട്രാ കിട്ടിത്തുടങ്ങി.

പിന്നീട് ഒരസ്സല്‍ മലയാളി ഹോട്ടല്‍ കണ്ടുപിടിക്കുകയും ജീവിതം ഭക്ഷണസുരഭിലവും ഉദരം തൃപ്തപൂര്‍ണ്ണവും ആയിത്തുരുകയും ചെയ്തു.

Monday, January 28, 2008

ചാറ്റ് ലോഗ്

സഹപാഠി, സഹപ്രവര്‍ത്തകന്‍, സഹമുറിയന്‍ , പ്രസ്ഥാനം, വീക്കെന്‍ഡുകളില്‍ സാത്താന്റെ ഭാഗമഭിനയിക്കുന്നവന്‍ , എങ്ങനെ കോണുതെറ്റിയിരിക്കുന്ന അവസ്ഥയിലും കണക്കെഴുതിയാല്‍ പെര്‍ഫക്ടായി ചെയ്യുന്നവന്‍ - തല്ലും പിടിയും കരച്ചിലും കാട്ടി ട്രാന്‍സ്ഫര്‍ വാങ്ങി ബാംഗ്ലൂര്‍ക്ക് പോയി.

അവിടെത്തിയപ്പോള്‍ മെഷീനില്ല, ഡെസ്കില്ല, ഫോണില്ല - പിച്ചക്കാരനായി രൂപാന്തരപ്പെട്ടു. പാപി ചെന്നിടം...

ഒരു സുപ്രഭാതത്തില്‍ ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ക്ലയന്റില്‍ പ്രത്യക്ഷപ്പെടുന്നു.

"ഹലോ..."

"ആഹ്! നിനക്ക് മെഷീന്‍ കിട്ടിയാ?"

"ഇല്ല... ഒരു ഷിഫ്റ്റുകാരന്റെ മെഷീനില്‍ ഉച്ച വരെ ഇരിക്കും...
അതു കഴിഞ്ഞു റിസപ്ഷനില്‍ പോയിരുന്നു പേപ്പര്‍ വായിക്കും...
അതു കഴിഞ്ഞു ഭക്ഷണം...
പിന്നെ മൂന്നര ആവുമ്പഴേക്കും ഇവിടന്നു വീട്ടിലേക്കു പോവും...
രാജകീയ ജീവിതം...
:-D "

"എല്ലാ ഡോബര്‍മാനും ഇങ്ങനെ രാജകീയമായാടാ തെണ്ടീ ജീവിക്കുന്നെ !
എന്നാലും ഔട്ട് ഓഫ് ഓഫീസ് അറ്റ് ത്രീ തേട്ടി, ഹൊ !!"

"ഇന്‍ അറ്റ് ഇലവന്‍ തേട്ടി. :-D
... പിന്നെ നീ ഡോബര്‍മാന്‍ എന്നു പറഞ്ഞതു മനസ്സിലായില്ല..."

"യേയ്. ഒന്നുമില്ല. മനസ്സിലാവാഞ്ഞതു നന്നായി എന്നു വിചാരിക്കുക."

"നീ നിന്റെ *@#!^$ഇയ സ്വഭാവം നിര്‍ത്തിയില്ല അല്ലേ?
മനുഷ്യനു മനസ്സിലാവുന്ന ഭാഷയില്‍ ഒരു കാര്യം പറയാന്‍ നീ എന്നാ പഠിക്കുന്നേ?
നിനക്കു കൗണ്‍സലിംഗിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നു..."

"യൂഫമിസം."

"*$&*#$^"

യൂസര്‍ ഈസ് ഓഫ്‌ലൈന്‍ ഫോര്‍ ചാറ്റ്।

ഡിസ്ക്ലൈമന്‍ : അവസാനം പറഞ്ഞത് ഉത്തരാധുനികരെ ലക്ഷ്യം വച്ചല്ല.

Tuesday, January 15, 2008

ക്ഷേത്രദര്‍ശനം

"വൃശ്ചികം നാളെ തുടങ്ങുകയാണ്. മാലയിടേണ്ടതിനാല്‍ കാലത്തെഴുന്നേറ്റ് അമ്പലത്തില്‍ പോയിരിക്കണം". ഗ്രഹാം ബെല്ലിന്റെ കണ്ടുപിടുത്തത്തിലൂടെ ഗൃഹത്തില്‍ നിന്നും സമന്‍സ് വന്നു. നിരീശ്വരവാദിയും എഥീയിസ്റ്റും ഇടമറുകും ഹോസ്റ്റല്‍ അന്തേവാസിയുമായവന് സന്തോഷമായി, ആത്മനിര്‍വൃതിയുളവായി. മുഖ്യനറിയാതെ മന്ത്രിസഭ തീരുമാനമെടുക്കുന്നതിലും, ഡ്രൈവനറിയാതെ കെ.എസ്.ആര്‍.ടി.സി വണ്ടിയോടുന്നതിലുമുള്ള നൈതിക പ്രശ്നങ്ങളെക്കുറിച്ച് പ്രതിഷേധിച്ചു, അനുശോചനം രേഖപ്പെടുത്തി. അടുത്ത വാരാന്ത്യം ഗേഹം പൂകേണ്ടതിനാലും ഒരു മാസത്തെ മുഴുവന്‍ വസ്ത്രങ്ങള്‍ അലക്കാന്‍ മാതാവു തന്നെ കനിയണമെന്ന് ഓര്‍ത്തതിനാലും കീഴടങ്ങി. ഏറ്റവും അടുത്തുള്ളതും വല്യ പ്രയാസമില്ലാതെ എത്തിച്ചേരാവുന്നതുമായത് മലയമ്മ ശിവക്ഷേത്രം. എങ്കിലും തനിച്ചു പോകാന്‍ മടി. "എടേ, അമ്പലത്തിന്റെ ഉള്‍വശം കാണാന്‍ മോഹം". ആറേ രണ്ടില്‍ പന പോലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പാലക്കാടന്‍ ഉണ്ണിയും, ഗൌളീഗാത്രത്തെങ്ങു പോലെ ഉയരത്തിന്റെ കുറവ് ഉദരവിസ്തീര്‍ണ്ണത്തില്‍ നികത്തിയ ടി.കെ.യും റെഡി. പുഷ്പകമായി ടി.കെ.യുടെ KRP രജിസ്ട്രേഷന്‍ യമഹ.

പുലര്‍കാലെ കുളി തേവാരങ്ങള്‍ കഴിഞ്ഞ് കരയന്‍ മുണ്ട് വടക്കന്‍ വീരഗാഥ സ്റ്റൈലില്‍ അറ്റം കട്ടിലിന്റെ കാലില്‍ കെട്ടി മറുഭാഗം അരയില്‍ ഒട്ടിച്ചുവച്ച് ചേകവര്‍ കറങ്ങിത്തിരിഞ്ഞ്, ഒതേനന്‍ കച്ച വലിച്ചപ്പോള്‍ കരിക്ക് ചാപ്പന്റെ തലയില്‍ നിപതിച്ചതു പോലെയൊന്നിനും സ്കോപ്പില്ലാത്തതിനാല്‍ വൈക്ലബ്യത്തോടെ അതു വേണ്ടെന്നു വച്ച് , പടയ്ക്കൊരുങ്ങി. അരനാഴിക നേരം കാത്തിരുന്ന്, ടി.കെ.യുടെ ഫെയര്‍-ഏന്റ്-ലവ്‌ലി-ബ്രില്‍ക്രീം-ആക്സ്-പോണ്‍ഡ്സ് മിക്സ് കൊണ്ടുള്ള രണ്ട് കോട്ട് പെയിന്റിംഗ് കഴിഞ്ഞ് മൂന്നാമത്തേത് തുടങ്ങുന്നതിനു മുന്നേ പിടിച്ചു വലിച്ച് പുറത്തിറക്കി. പോര്‍ച്ചിലിരുന്ന യമഹനെ ചരിച്ചു കിടത്തി കഞ്ഞിവെള്ളം കൊടുത്തെഴുന്നേല്‍പ്പിച്ച് മുണ്ടു വാരിക്കുത്തി നാലേ-നാലു മിനിറ്റു നേരം കിക്കര്‍ ചവിട്ടി അര്‍മ്മാദിച്ച് ശകടത്തിലേറി.

ഓണറായതിനാല്‍ ഡ്രൈവനും ടി.കെ തന്നെ (കുശവന്റെ കൈയ്യീന്ന് കലമുടഞ്ഞാല്‍ കുറ്റമില്ലല്ലോ...) നടുവില്‍ ആര്യനാട് ശിവശങ്കരന്‍ അസൂയപ്പെട്ടു പോകുന്ന ശരീരപുഷ്ടിയോടെ കഥാകൃത്തിന്റെ പുണ്യപാവന ദേഹം സ്റ്റഫ് ചെയ്തു. പിന്നില്‍, സിമന്റു തറയിലുരച്ച തീപ്പെട്ടിക്കമ്പു പോലാവാതിരിക്കാന്‍ കാലുകള്‍ രണ്ടും നീട്ടിപ്പിടിച്ച് ഉണ്ണിത്താനും (മുട്ടോളമെത്തുന്ന ഭുജാമുസലങ്ങളും... എന്ന് തുടങ്ങുന്ന വരി കിളിപ്പാട്ടുകാരന്‍ എഴുതിയത് ദേഹത്തെ മനസ്സില്‍ കണ്ടാവണം) പ്രതിഷ്ഠിക്കപ്പെട്ടു. മഞ്ഞ്, തണുപ്പ്, പിന്നെ ഇതുവരെ കാണാത്ത 'പ്രഭാതം' എന്ന പ്രതിഭാസം ദര്‍ശിച്ചതിന്റെ എക്സ്റ്റസിയും.

മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പിറകുവശത്തു കൂടി 'ദയാപുരം കാന്റീന്‍-പാപ്പച്ചന്‍-ചേച്ചി' ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ത്രയങ്ങളിലേക്കുള്ള വാതായനത്തിലൂടെ ശകടം ഞെങ്ങി ഞെരുങ്ങി പുറത്തു കടന്നപ്പോഴാണ് ഡ്രൈവന് സ്വാഭാവികമായും ഉണ്ടാകാവുന്ന സംശയമുദിച്ചത് - "എടേ, വഴി അറിയാമോ?" ഉണ്ണിത്താന്‍ തംബ്സ് ഡൌണ്‍ അടിച്ച് അജ്ഞത പ്രകാശിപ്പിച്ചു. മുന്‍പ് ഒരു പ്രാവശ്യമോ മറ്റോ പോയിട്ടുള്ളതിനാല്‍ പുച്ഛസമേതം പ്രതിവചിച്ചു - "ഇതാണെടാ ഗീതയില്‍ സംശയാത്മാ വിനശ്യതി എന്നു പറഞ്ഞത്. ഒരു വന്‍ ഇറക്കം കഴിഞ്ഞ് എവിടെയോ ഒരു വളവില്‍ ഇടതുഭാഗത്ത് ഒരു ചെറ്യേ ബോര്‍ഡുണ്ട്. കണ്ണുവച്ചോണം കേട്ടോടേ."

പാപ്പച്ചന്റെ പുണ്യപുരാതന ഹോട്ടല്‍ പിന്നിട്ട് REC-മലയമ്മ റോഡ് മുറിച്ചു കടന്ന് റോള്‍സ് റോയ്സ് കയറ്റം കയറി, ഇറങ്ങാന്‍ തുടങ്ങി. കുളിര്‍കാറ്റ്, തൈലപ്പുല്ലിന്റെ സുഗന്ധം, ഉദിച്ചു തുടങ്ങുന്ന ദിനകരന്‍.

ഇറക്കം കഴിഞ്ഞ് മസ്കറ്റീര്‍സ് മൂന്നും ബോര്‍ഡ് നോക്കി നോക്കി പോവുമ്പോള്‍ അണ്‍ എക്സ്പെക്റ്റഡ് കണ്‍ടിന്‍ജന്‍സി, പ്രതിസന്ധി രൂപീകൃതമായി. റോഡിന്റെ ഒത്ത നടുക്കായി ഡാര്‍ട്ടാഗ്നന്‍, ഒരു ചിന്ന ശ്വാനന്‍ വ്യാഘ്രശൌര്യത്തോടെ നിലകൊള്ളുന്നു. (പട്ടി എന്നുവിളിക്കുന്നത് മേനകാ ഗാന്ധിയോ മറ്റോ കേട്ടാല്‍ തീര്‍ന്നില്ലേ!). മൂന്ന് ആജാനബാഹുക്കളുടെ ഉള്ളില്‍ നിന്നും സിന്‍ക്രൊണസും സൈമള്‍ട്ടേനിയസുമായി കിളികള്‍ പറന്നുപോയി. ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെപ്പേടിക്കണ്ടാ എന്നേ മലയാളം പുസ്തകം പഠിപ്പിച്ചിട്ടുള്ളൂ, യമഹപ്പുറത്തിരിക്കുമ്പോള്‍ വേണ്ടെന്നു പറഞ്ഞിട്ടില്ല. അവര്‍ണ്ണനീയവും അവാച്യവുമായ സ്നേഹത്തോടെ മുന്നില്‍ നില്‍ക്കുന്ന പട്ടിയെ കണ്ടതോടെ ടി.കെ.യുടെ കൈ വിറച്ചത് വണ്ടിയുടെ ഫ്രണ്ട് വീല്‍ S ആകൃതിയില്‍ പാളിയതില്‍ നിന്നും അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടു. ഏറ്റവും പിറകിലിരുന്ന അതിധീരന്റെ റെസ്ക്യൂ സൊല്യൂഷന്‍ ഉടനടിയായിരുന്നു : "വണ്ടി നിര്‍ത്തണ്ട്രാ... പറപ്പിച്ചോ !!". മലയമ്മ പഞ്ചായത്തു മുഴുവന്‍ അന്ന് ഉണര്‍ന്നെണീറ്റത് ഈ പ്രഭാതഭേരിയിലൂടെയായിരുന്നെന്ന് പില്‍ക്കാല ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുകയുണ്ടായി.

പട്ടിയെ വെട്ടിച്ച് സൈഡിലെ തൈലപ്പുല്ലിന്റെ മേലേക്കൂടി ടി.കെ തിരിഞ്ഞു നോക്കാതെ വണ്ടി പറത്തി. പിറകേ പറന്നു വരുന്ന ശ്വാനനെ കണ്ട പിന്നാമ്പുറത്തെ ധീരന്റെ പിന്നീട് ചരിത്രപ്രസിദ്ധമായ അടുത്ത നിലവിളി വന്നു : "ഒന്നു വേഗം ഓടിക്കറാ തെണ്ടീ, പട്ടിയെന്റെ കാലും കൊണ്ടു പോവും!"

എത്ര നേരം ആ KRP രജിസ്ട്രേഷന്‍ നൂറ്റിരുപതില്‍ പറന്നു എന്നോര്‍മയില്ല; ആദ്യത്തെ പരവേശം അടങ്ങിയപ്പോള്‍ തിരിഞ്ഞു നോക്കി. ദൃശ്യപരിധിയിലില്ലാത്തതിനാല്‍ നിഷ്ഠൂര ശ്വാനന്‍ 'ഓപ്പറേഷന്‍-അതിരാവിലെ' മതിയാക്കിയതായി പ്രഥമദൃഷ്ട്യാ കരുതാമെന്ന് പ്രസ്താവന ഇറക്കി. ഹെയില്‍ ഹെയില്‍ KRP വിളികള്‍ മുഴങ്ങി. ഡ്രൈവന്‍ അഭിമാനപുരസ്സരം പെട്രോള്‍ ടാങ്കില്‍ അരുമയായി തഴുകി കൃതജ്ഞത പ്രകടിപ്പിച്ചു.

ആശ്വാസ നിശ്വാസങ്ങള്‍ക്കിടയില്‍ അടുത്ത പ്രതിസന്ധി രൂപീകൃതമായി. "അമ്പലം എവിടെയാടേ?" ചുറ്റുപാടും നോക്കി. വല്യ പരിചയമൊന്നും തോന്നുന്നില്ല. എന്നാല്‍ വല്യ പരിചയക്കുറവും തോന്നുന്നില്ല. ആത്മവിശ്വാസത്തോടെ വചനം അരുളി. "മുന്നോട്ടു വിട്ടോ, ആവുന്നതേ ഉള്ളൂ."

വണ്ടി ഓടിക്കൊണ്ടേയിരുന്നു. ഓരോ വളവു കഴിയുമ്പോഴും "ഹേയ്...ഇതാണോ... അല്ല." "ബോര്‍ഡ് ലെഫ്റ്റ് സൈഡിലുണ്ടാവേണ്ടതാണ്..." "ഇനി ബോര്‍ഡെങ്ങാനും മൃതിയടഞ്ഞാ..." ഇത്യാദി ആത്മഗതങ്ങള്‍ മൂന്നു കണ്ഠങ്ങളില്‍ നിന്ന് മാറി മാറി മുഴങ്ങിക്കൊണ്ടിരുന്നു. ഒടുക്കം സംഗതി കുളമായെന്ന് ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി. വല്ലോരോടും ചോദിക്കാമെന്ന് യോഗം തീരുമാനമെടുത്തു.

ചോദിക്കാമെന്നു വച്ചാല്‍ ആ വഴീല് കാലത്തേ എഴുന്നേറ്റ് മൂന്നു മഹാന്‍മാര്‍ വരുന്നുണ്ടോ വരുന്നുണ്ടോ എന്ന് കണ്ണിലെണ്ണയൊഴിച്ച് നോക്കിയിരിക്ക്യാണല്ലോ നാട്ടുകാര്. ഒടുക്കം ടണലിന്റെ അറ്റത്ത് വെളിച്ചം കണ്ടു - നോമ്പു സമയമായതിനാല്‍ കാലത്ത് നിസ്കരിച്ചു വന്ന കുറേ ചിടുങ്ങ് പിള്ളേര്‍ വല്ലപ്പോഴും വാഹനം പോവുന്ന ആ റോഡില്‍ ക്രിക്കറ്റ് കളിക്കുന്നു. വണ്ടി ചവിട്ടി നിര്‍ത്തി പ്രശ്നോത്തര വേള ആരംഭിച്ചു.

"മക്കളേ ഈ മലയമ്മ അമ്പലം ഏട്യാണ്?"
"ഇനീം കൊറച്ച് പോകാന്‍ണ്ട്. നേരെ വിട്ടോ."

മൂന്നു പേരും കണ്ണില്‍ കണ്ണില്‍ നോക്കി. പിള്ളേര് തെറ്റിദ്ധരിച്ചെന്നു വ്യക്തം. ആയതിനാല്‍ ചോദ്യോത്തര വേള തുടര്‍ന്നു.

"അല്ല, ഈ മലയമ്മ ശിവക്ഷേത്രം..?"

പിള്ളേരെല്ലാം കൂടെയൊന്ന് ചിരിച്ചു. (അത് വെറുതേ മന്ദഹസിച്ചതാണെന്ന് ഉണ്ണി പിന്നീട് സമര്‍ത്ഥിക്കുകയും മറ്റ് രണ്ട് ശരീരങ്ങള്‍ പ്രസ്താവനയെ അനുകൂലിക്കുകയും ചെയ്യുകയുണ്ടായി).
"നേരെ തിരിച്ച് വന്ന വഴിക്ക് ഒരു ഒന്നൊന്നര കിലോമീറ്ററ് പോയാ മതി. വലത്ത് ഭാഗത്തൊര‍് ബോര്‍ഡ് കാണാം."

വണ്ടി തിരിച്ചു. ഇടക്ക് പിന്നില്‍ നിന്നും മുന്നില്‍ നിന്നും ആത്മഗതം കേട്ടു. "ബോര്‍ഡ് നോക്കി നോക്കിത്തന്നെയാ വന്നത്". 'ബധിരനും മൂങ്ങനും' ആയി രൂപാന്തരപ്പെട്ടു (കട്: പഞ്ചാബി ഹൌസ്).

ഇടവും വലവും മാറി മാറി നോക്കി, വണ്ടി ഓടിയോടി ശ്വാനസംഗരം നടന്ന പഴയ വളവിലെത്തി. ഭയാശങ്കകളോടെ പട്ടി അവിടെയെവിടെയെങ്ങാനും ഉണ്ടോ എന്നു നോക്കുമ്പോള്‍ ആര്‍ക്കമിഡീസായി, അമേരിഗോ വെസ്പൂച്ചിയായി : "ദേണ്ട്രാ ബോര്‍ഡ് - മലയമ്മ ശിവക്ഷേത്രം!!"