Tuesday, March 4, 2008

സ്വാതന്ത്ര്യ സമരവും മുണ്ടും അനുബന്ധവും.

കല്‍ക്കട്ടയിലെ ആദ്യകാല വാരാന്ത്യങ്ങള്‍ പീഢനദിനങ്ങളുടെ നിറച്ചാര്‍ത്തണിഞ്ഞ ടൈം-സ്പേസ് കണ്‍ടിന്വം ആയിരുന്നു. കാരണം സിംപിള്‍ - ഭക്ഷ്യയോഗ്യ പദാര്‍ത്ഥങ്ങളുടെ അഭാവവും (പാചകം ചെയ്യാനുള്ള മടി, വിഭവങ്ങളുടെയും ഡൊമെയ്‌ന്‍ നോളജിന്റെയും അഭാവം... എന്നൊക്കെ വായിക്കുക) തല്‍ഫലമുളവാകുന്ന അനിര്‍‌വചനീയ വികാരങ്ങളും തുടര്‍ന്നരങ്ങേറുന്ന സഹമുറിയസമേത കഥന-കവന പരിപാടികളും. കൊള്ളാവുന്ന ഒരു റെസ്റ്റോറന്റ് സമീപപ്രദേശത്തില്ല എന്നതായിരുനന്നു ഏറ്റവും വല്ല്യ പ്രശ്നം. നമ്മ കേരളാവില്‍ ഏതു മുക്കിലും മൂലയിലും കൊടുംകാട്ടിലും കൊക്കേടെ വിളുമ്പത്തു വരേയും (ഇത്രേം മതി) ഒരു ഹോട്ടല്‍ അല്ലേല്‍ ചായപ്പീടിയ കണ്ടുകിട്ടും. എന്നാല്‍, ഈ മെട്രോ സിറ്റീല്‍ , പ്ലാന്‍ഡ് റെസിഡന്‍ഷ്യല്‍ ഏരിയായില്‍, ഒന്നുകില്‍ 'ധാബ' അഥവാ നമ്മടെ വണ്ടിപ്പീട്യേടെ ഒരു വൃത്തികെട്ട വേര്‍ഷന്‍ അല്ലേല്‍ ഏ.സി.റെസ്റ്റ്രോ. അതായത് ഒന്നുകില്‍ കൈരളിക്ക് പൊറത്ത്, അല്ലേല്‍ ആശാന്റെ നടുമ്പൊറത്ത്.

ഏ.സി.റെസ്റ്റ്രോയില്‍ വല്ലപ്പോഴും പോകാം. എന്നും പോകാന്‍ പറ്റ്വോ? നമ്മള്‍ കൊച്ചീരാജാവിന്റെ മര്വോന്‍ ഒന്നുമല്ലല്ലൊ. മാത്രമല്ല, വായില്‍ വെക്കാന്‍ കൊള്ളാവുന്നതൊന്നും സ്റ്റാര്‍ ഹോട്ടലില്‍ കിട്ടൂല്ല (ഇപ്പറഞ്ഞത് ആത്മാര്‍ത്ഥമായിട്ട്). എന്നാല്‍ ധാബയിലെ ഹെല്‍ത്ത്-ആന്റ്-ഹൈജനിക് എന്‍‌വയോണ്മെന്റ് കണ്ടെങ്കിലോ, അതോടെ ജീവിതത്തില്‍ ഭക്ഷണത്തോട് നിത്യമായി വിരക്തി തോന്നുകയും വിശപ്പ് എന്നത് വെറും ബൂര്‍ഷ്വാ സങ്കല്‍പ്പം മാത്രമാണെന്ന് പ്രത്യയശാസ്ത്രപുസ്തകം വായിക്കാതെ തന്നെ മനസ്സിലാവുകയും, ഉദ്ഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും. മിക്കവാറും ശനിയന്‍-ഞായന്‍ ദിനങ്ങളില്‍ ഏതാണ്ടൊരു കിലോമീറ്ററകലെയുള്ള 'സൗത്ത് ഇന്‍ഡ്യന്‍ റെസ്റ്റോറന്റ്' എന്നു പേരിട്ട, കോഴിക്കോട് ക്രൗണ്‍ തിയേറ്ററിന്റെ ടിക്കറ്റ് ക്യൂ ലെയ്‌ന്‍ പോലുള്ള, രണ്ട് ചുമരുകള്‍ക്കിടയിലുള്ള നാരോ ഗ്യാപ്പില്‍ സെറ്റപ്പാക്കിയ കടയില്‍; മസാല്‍ദോശ്, ഇഡ്ഡലി, വട എന്നിവ നില്‍പ്പനടിച്ചു പോന്നു (തന്നെ, ഇരിക്കാനുള്ള സെറ്റപ്പില്ലായിരുന്നു!). ചില വീക്കെന്‍ഡുകളില്‍ ഓട്ടോയിലും തുടര്‍ന്ന് മെട്രോയിലും പിന്നീട് നടരാജിലുമായി ഒരു ഒന്നര-രണ്ട് മണിക്കൂര്‍ യാത്രയ്ക്കു ശേഷം കാളീഘട്ടിനടുത്ത 'ബനാനാ ലീഫില്‍' നിന്നും ഊണ് കഴിച്ചു പോന്നു. ഭോജനം തമിഴ് ശൈലിയിലായിരുന്നു എന്നതും, ഒടുക്കത്തെ കത്തിയായിരുന്നു എന്നതും, പൊടി-പുക സമൃദ്ധമായ യാത്രയായിരുന്നു എന്നതും, വളരെയേറെ യാത്ര ചെയ്യേണ്ടിവരുന്നതും ലിമിറ്റഡ് വിസിറ്റായി ചുരുക്കാന്‍ അബോധപൂര്‍വ്വമായ പ്രേരണയായി.

താമസം മാറിയതിനു ശേഷമാണ് അവസ്ഥയ്ക്ക് അല്പം മാറ്റമുണ്ടാകുന്നത്. വെറും നാലേ നാലു വീടകലെ ഒരു റെസ്റ്റോറന്റ് ! ഏ.സി.യാണ്. പക്ഷേ കത്തിക്ക് ഒരു പൊടിക്കു മാത്രം മൂര്‍ച്ച കുറയും; കഴിക്കബിള്‍ ആയിട്ടുള്ള വല്ലതും കിട്ട്വേം ചെയ്യും. നാന്‍, തന്തൂര്‍ റൊട്ടി, ദോശ, ബിരിയാണി... ബഹുത്ത് ഖുശി. ഇവനെ കണ്ടുപിടിച്ചതിന്‌ ശേഷമാണ് പ്രസ്ഥാനങ്ങള്‍ രണ്ടും വെയ്റ്റ് കണ്‍‌ട്രോളിംഗ് എന്നത് പ്രസക്തമായ ഒരു സംഗതിയാണെന്ന് അംഗീകരിക്കുന്നതെന്ന് ഒരു സംസാരമുണ്ട്. സ്വല്‍പം കത്തിയായതിനാലോ അതോ ഫുള്‍ടൈം ടീവീടെ റിമോട്ടും പിടിച്ച് ചാനല് മാറ്റിമാറ്റിക്കളിക്കുന്ന ഓണര്‍ അഥവാ മൊയ്ലാളി എന്ന ജീവി കേറിച്ചെല്ലുന്ന വഴി മോന്തകാണിച്ചിരിക്കുന്നതിനാലോ എന്നറിയില്ല, വല്ലപ്പോഴും മാത്രമേ ആള്‍പ്പെരുമാറ്റമുണ്ടായിരുന്നുള്ളൂ. സെമിത്തേരിയിലെ പ്രശാന്തതയോടെ, മൗനാദരങ്ങളോടെ, വെയ്റ്റര്‍ സെര്‍വു ചെയ്യുകയും ബാക്ക്-ഹാന്റ് റിട്ടേണായി വന്‍പിച്ച ടിപ്പ് കൊടുക്കുകയും ചെയ്തുപോന്നു.

ശനിയും ഞായറും ഏഷ്യാനെറ്റ് അല്ലേല്‍ സൂര്യയില്‍ കാലത്തെ പടം തുടങ്ങുന്നതിന് തൊട്ടുമുന്‍പെഴുന്നേല്‍ക്കുകയും ടൈറ്റില്‍ കാണിച്ചു കഴിയുമ്പഴേക്കും സോഫായില്‍ പ്രതിഷ്ഠിക്കപ്പെടുകയും ന്യൂസ് ടൈം ആവുമ്പഴേക്കും റെഡിയായി റെസ്റ്റോയിലേക്ക് വച്ചു പിടിക്കുകയും ന്യൂസ് കഴിയുമ്പഴേക്കും തിരിച്ചെത്തുകയും പടം കണ്ടുതീര്‍ക്കുകയും സോഫായില്‍ തന്നെ ഉച്ചയുറക്കം തരമാക്കുകയും അതീവശുഷ്കാന്തിയോടെ ചെയ്തു പോന്നു.

അങ്ങനെ ശുഷ്കാന്തി കൂടിപ്പോയ ഒരു ദിനത്തില്‍, ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയ ഒരു ഓര്‍മദിവസത്തില്‍ , വീക്കെന്‍ഡുകളിലെ പതിവു റൂട്ടീന്‍ ഓടിക്കാനുള്ള പ്രോഗ്രാം ലോഡു ചെയ്യുകയും എക്സിക്യൂഷന്‍ സ്റ്റാര്‍ട്ടു ചെയ്യുകയും ചെയ്തു. ന്യൂസ് ഇന്റര്‍വെല്‍ വരെ പ്രോഗ്രാം റണ്‍ ടൈം എറര്‍ ഇല്ലാതെ ഓടുകയും നോര്‍മല്‍ ബിഹേവിയര്‍ ഫോളോ ചെയ്യുകയും ഉണ്ടായി. ന്യൂസ് ടൈം അനൗണ്‍സ് ചെയ്തതോടെ ഉദരപൂരണസ്മരണ (ചുള്ളിക്കാടേ, മാപ്പ്.) 'ദിസ് അപ്പ്ലിക്കേഷന്‍ ഈസ് റിക്വസ്റ്റിംഗ് യുവര്‍ അറ്റന്‍ഷന്‍' എന്ന സിഗ്നല്‍ തരുകയും തുടര്‍ന്ന് 'ചലോ റെസ്റ്റ്രോ' കോള്‍-ബാക്ക് പ്രൊസീജിയര്‍ , കണ്‍ട്രോള്‍ ഏറ്റെടുക്കുകയും ചെയ്തു. (ലൈഫ് ഈസ് ജസ്റ്റ് അനദര്‍ ഇവന്റ് ഡ്രിവണ്‍ പ്രോഗ്രാം ).

പക്ഷേ, അന്ന് സ്വാതന്ത്ര്യദിനമായിരുന്നതിനാല്‍, കല്‍ക്കട്ടയുടെ വിരിമാറിലൂടെ മുണ്ടുമടക്കിക്കുത്തി നടക്കണമെന്ന ഒരു മലയാളിയുടെ അടങ്ങാത്ത സ്വാതത്ര്യവാഞ്ഛ ചുരമാന്തുകയും തദ്വാരാ "ഇന്നു മുണ്ടുടുത്തോണ്ടു പോവാടാ...!" എന്ന് അനൗണ്‍സ് ചെയ്യുകയും ശബ്ദവോട്ടോടെയും കരഘോഷത്തോടെയും പ്രമേയം പാസ്സാക്കപ്പെടുകയും ചെയ്തു.

മുണ്ടു ചാര്‍ത്തി, മുണ്ടനായി, മുണ്ടകനായി; റെസ്റ്റോയില്‍ പോയി, സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് വെജിറ്റബിള്‍ ബിരിയാണിയടിച്ച് ഉന്മത്തരായി തിരിച്ചെത്തി പ്രോഗ്രാം റീറണ്‍ ചെയ്തു. സുഖം, സ്വസ്ഥം.

ദാ വരുന്നൂ, രണ്ടു ദിവസത്തിനു ശേഷം അടുത്ത വാരാന്ത്യം. വയ്യ. വീണ്ടും മേല്‍പ്രസ്താവിത പ്രോഗ്രാം റണ്‍ ചെയ്യുകയും ന്യൂസ് ബ്രേക്ക് അവതരിക്കുകയും ചെയ്തു. പ്രസ്ഥാനങ്ങള്‍ കണ്ണുകൊണ്ട് "പൂവ്വാം...?" എന്ന് സിഗ്നല്‍ കൈമാറുകയും, സിഗ്നലുകള്‍ അന്യോന്യം അക്‌നോളഡ്ജ് ചെയ്യപ്പെടുകയും തല്‍ക്ഷണം ദേഹങ്ങള്‍ രണ്ടും ഫ്ലാറ്റിനു പുറത്തേക്ക് തെറിക്കുകയും ചെയ്തു.

പതിവു പോലെ റെസ്റ്റോറന്റില്‍ വരവു വെച്ചു, ഓര്‍ഡറെടുക്കാനുള്ള ബുക്കും പേനയുമായി വെയ്റ്റര്‍ ആഗതനായി. എന്നാല്‍; പതിവിനു വിപരീതമായി പ്രസ്താവിത ദേഹം ഒരു വളിച്ച ചിരിയും എന്തോ മൊഴിയാനുള്ള വൈക്ലബ്യവും മുഖകമലത്തില്‍ ഫിറ്റു ചെയ്തിരുന്നു. ചോദ്യഭാവത്തിലുള്ള നോട്ടത്തിന് പതറിപ്പതറി മറുപടി വന്നു തുടങ്ങി. ഡയലോഗ്, സ്ക്രിപ്റ്റ്, തിരക്കഥ താഴെ:

സാര്‍. അത്... പിന്നെ... മൊയ്ലാളി ഒരു കാര്യം പറഞ്ഞിരുന്നു. കഴിഞ്ഞ പ്രാവശ്യം വന്നപോലെ ലുങ്കിയുടുത്തോണ്ട് വരരുത് എന്ന്... ഞാം മൊയ്ലാളിയോട് പറഞ്ഞിരുന്നു.... അവര് അങ്ങനെയൊന്ന്വല്ലാ... ഇദാദ്യായിട്ടാണ് എന്നൊക്കെ...


അതിന് ലുങ്കിയുടുത്തല്ലല്ലോ വന്നത്. അതു മുണ്ടാണ്. മുണ്ട്.


അതെ സാര്‍... ഞാന്‍ മൊയ്ലാളിയോട് പറഞ്ഞിരുന്നു... അത് പിന്നെ...


ഉം... ശരി.


ഓര്‍ഡറുമെടുത്ത് വെയ്റ്റര്‍ പോയി.
ടേബിളിനപ്പുറം മുഖാമുഖമിരിക്കുന്നവന്റെ മുഖം വിളറിയതും "അയ്യേ... വൃത്തികെട്ടവന്‍... അപ്പഴേ പറഞ്ഞില്ലേടാ മുണ്ടുടുക്കണ്ടാ എന്ന്!" എന്ന ഭാവത്തില്‍ എന്നെ നോക്കുന്നതും കണ്ടു. "നിന്റെ കൂടെ വന്നതേ നാണക്കേടായി" എന്ന് അകമേയും "ഹൊ! അവന്റെയൊരു അഹങ്കാരം... പിന്നേ... ഈപ്പറയുന്നവന്റെ ഡ്രസ്സ് കണ്ടാ മതി... ലോകത്തുള്ള സകല പൊടീം പൊകേംണ്ട്..." എന്നു തുടങ്ങി വെയ്റ്ററെ നോക്കിയും ജ്ഞാനപ്പാന ചൊല്ലാന്‍ തുടങ്ങി. നോം മൗനം ദീക്ഷിച്ചു ദീക്ഷിതരായി.

ഭക്ഷണം മേശമേല്‍ അവതരിക്കുകയും കൈയ്യും പല്ലുമായി ആക്രമണം ആരംഭിക്കുകയും ചെയ്തു.

ഇപ്പഴിപ്പൊ കൂലി വരമ്പത്താണ് എന്നു പറഞ്ഞാല്‍ ഇതാണ് - ദേ വരുന്നു മൂന്നു നാല് ഗെഡാഗഡിയന്‍ ഉത്തരേന്ത്യന്‍ പിള്ളേര്‍. ഒത്ത സൈസും തടീം. അറുത്താല്‍ നാലു പത്തേമാരി വാര്‍ക്കാം. ഒറ്റ കൊഴപ്പേള്ളൂ - എല്ലാ എണ്ണോം ഇത്തിരിപ്പോന്ന ബര്‍മുഡാ ട്രയാങ്കിളു കൊണ്ടാണ് കാര്യമാത്രപ്രസക്തമായതൊക്കെ പ്രൊട്ടക്റ്റ് ചെയ്തിരിക്കുന്നത്. (ടി.കെ.യുടെ അനിയത്തി, ഏട്ടനാണെന്ന പരിഗണന പോലുമില്ലാതെ വാരി നിലത്തടിച്ചതോര്‍ക്കുന്നു - "ഇവിടത്തെ നാട്ടുകാരും നീയിടുന്നതൊക്കെ ഇടും ഏട്ടാ... പക്ഷേ അവര് അതിന്റെ മേലെ ഒരു കൈലീം കൂടെ ഉടുക്കും!")

ദൈവമേ നീ വലിയവന്‍. ഇത്ര പെട്ടന്ന് നീയെനിക്കൊരു ചാന്‍സ് തരുമെന്ന് കരിതിയില്ല.

വെയ്റ്ററെ കൈമാടി വിളിച്ചു.
ദേഹം ഭവ്യതയോടെ അടുത്തു വന്ന് വചനത്തിനു കാതോര്‍ത്തു.

പിള്ളേരെ ചൂണ്ടിക്കാട്ടി ചോദിച്ചു:


സിര്‍ഫ് അണ്ടര്‍വെയര്‍ പെഹന്‍കേ ആ സക്താ ഹേ ക്യാ?
മുഖാമുഖമിരുന്നവന്‍ പൊളിഞ്ഞുപോയ വായ അടച്ചപ്പോഴാണ് വെയ്റ്റര്‍ക്ക് ശ്വാസം തിരിച്ചു കിട്ടിയത്.

അത്... സാര്‍... പ്ലീസ്... മൊയ്ലാളിയോട് ഞാന്‍ പറ...
വാല്‍: പിറ്റേ ആഴ്ച മുതല്‍ ബഹുമാനം, കെയര്‍ , എക്സ്ട്രാ കിട്ടിത്തുടങ്ങി.

പിന്നീട് ഒരസ്സല്‍ മലയാളി ഹോട്ടല്‍ കണ്ടുപിടിക്കുകയും ജീവിതം ഭക്ഷണസുരഭിലവും ഉദരം തൃപ്തപൂര്‍ണ്ണവും ആയിത്തുരുകയും ചെയ്തു.

14 മറുവാക്കുകള്‍:

 1. സമയം ഓണ്‍ലൈന്‍ said...

  വളരെ ഗംഭീരം പോസ്റ്റ്. കേരളം വിട്ടു പോയാല്‍ ശാപ്പാട് ഒരു വലിയ പ്രശ്നം തന്നെയാണ്‌.

 2. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  നന്നായിരിക്കുന്നു

 3. ശ്രീ said...

  ശരിയാണ്. മലയാളികള്‍ക്ക് എന്നും പ്രിയങ്കരം മലയാളി ഭക്ഷണശാലകള്‍ തന്നെ...
  പോസ്റ്റ് നന്നായി.
  :)

 4. ശ്രീലാല്‍ said...

  വിടരുത് രജീഷേ, വിടരുത്..പ്രതികരിച്ചതില്‍ അഭിവാദ്യങ്ങള്‍.

 5. ശ്രീവല്ലഭന്‍ said...

  നല്ല എഴുത്ത്.

  ഡല്‍ഹിയിലെ ഹോസ്റ്റലില്‍ നൂറു കണക്കിന് വടക്കന്മാരുറെ ഇടയിലുടെ ലുങ്കി ഉടുത്തു മാത്രമെ മിക്കവാറും എല്ലാ മലയാളികളും പോകാറുണ്ടായിരുന്നുള്ളു. ഇടക്കിടെ നടക്കനിറങ്ങുംപോഴും മുണ്ട് പതിവായിരുന്നു. അത്രയ്ക്ക് കുഴപ്പം ഉണ്ടായിരുന്നില്ല. (ദേ ഇന്നിവിടെ ഒരു മലയാളി ഹോട്ടല്‍ കണ്ടു പിടിച്ചു നല്ല നാടന്‍ ദോശേം കിഴങ്ങുകറീം കഴിച്ചിട്ടിരിക്കുവാ :-)

 6. വഴി പോക്കന്‍.. said...

  “സിര്‍ഫ് അണ്ടര്‍വെയര്‍ പെഹന്‍കേ ആ സക്താ ഹേ ക്യാ?“

  ഇച്ചോദിച്ഛതെനിക്കങ്ങു ക്ഷ പിടിച്ചു..;)

 7. ഗുപ്തന്‍ said...

  അങ്ങനെ കല്‍കത്തയില്‍ മുണ്ടുടുപ്പവകാശ സമരം നടത്തി അല്ലേ...

  ************
  ഓഫ്
  നമതു എവിടെ? എനി ഐഡിയ?

 8. രജീഷ് || നമ്പ്യാര്‍ said...

  ഗുപ്തരേ,

  ഒന്ന് ക്ഷമി. ദേഹം പുതിയൊരു പോസ്ടിട്ട് വീണ്ടും മുങ്ങിയിട്ടുണ്ട്.

 9. Eccentric said...

  കൊള്ളാം മച്ചൂ. ആഗോള മലയാളികളുടെ പ്രോബ്ലംസ് ഇതൊകെക് തന്നെ!!!

 10. Babu Kalyanam said...

  പണ്ടെന്നൊ ഒന്നു വന്നു പോയതാ, പിന്നെ link മിസ്സ്‌ ആയി.

  നമ്പ്യാരെ, ദാ subscribe ചെയ്തിട്ടുണ്ട്‌. ഇനി ഒരു പോസ്റ്റും മിസ്‌ ആവില്ല.

  വഴികാട്ടിത്തന്ന പുഴുവിനു നന്ദി...

 11. maramaakri said...

  മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

 12. maramaakri said...

  മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

 13. maramaakri said...

  "ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു മൂരിക്കുട്ടിയും ബുദ്ധിയുടെ കാര്യത്തില്‍ ഒരു പോത്തും ആകുന്നു ഈ സ്വപ്രഖ്യാപിത അവിവാഹിതന്‍" - സുനീഷിന്റെ നഖചിത്രം വായിക്കുക, ഇവിടെ: http://maramaakri.blogspot.com/

 14. maramaakri said...

  മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
  വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html