Monday, January 28, 2008

ചാറ്റ് ലോഗ്

സഹപാഠി, സഹപ്രവര്‍ത്തകന്‍, സഹമുറിയന്‍ , പ്രസ്ഥാനം, വീക്കെന്‍ഡുകളില്‍ സാത്താന്റെ ഭാഗമഭിനയിക്കുന്നവന്‍ , എങ്ങനെ കോണുതെറ്റിയിരിക്കുന്ന അവസ്ഥയിലും കണക്കെഴുതിയാല്‍ പെര്‍ഫക്ടായി ചെയ്യുന്നവന്‍ - തല്ലും പിടിയും കരച്ചിലും കാട്ടി ട്രാന്‍സ്ഫര്‍ വാങ്ങി ബാംഗ്ലൂര്‍ക്ക് പോയി.

അവിടെത്തിയപ്പോള്‍ മെഷീനില്ല, ഡെസ്കില്ല, ഫോണില്ല - പിച്ചക്കാരനായി രൂപാന്തരപ്പെട്ടു. പാപി ചെന്നിടം...

ഒരു സുപ്രഭാതത്തില്‍ ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ക്ലയന്റില്‍ പ്രത്യക്ഷപ്പെടുന്നു.

"ഹലോ..."

"ആഹ്! നിനക്ക് മെഷീന്‍ കിട്ടിയാ?"

"ഇല്ല... ഒരു ഷിഫ്റ്റുകാരന്റെ മെഷീനില്‍ ഉച്ച വരെ ഇരിക്കും...
അതു കഴിഞ്ഞു റിസപ്ഷനില്‍ പോയിരുന്നു പേപ്പര്‍ വായിക്കും...
അതു കഴിഞ്ഞു ഭക്ഷണം...
പിന്നെ മൂന്നര ആവുമ്പഴേക്കും ഇവിടന്നു വീട്ടിലേക്കു പോവും...
രാജകീയ ജീവിതം...
:-D "

"എല്ലാ ഡോബര്‍മാനും ഇങ്ങനെ രാജകീയമായാടാ തെണ്ടീ ജീവിക്കുന്നെ !
എന്നാലും ഔട്ട് ഓഫ് ഓഫീസ് അറ്റ് ത്രീ തേട്ടി, ഹൊ !!"

"ഇന്‍ അറ്റ് ഇലവന്‍ തേട്ടി. :-D
... പിന്നെ നീ ഡോബര്‍മാന്‍ എന്നു പറഞ്ഞതു മനസ്സിലായില്ല..."

"യേയ്. ഒന്നുമില്ല. മനസ്സിലാവാഞ്ഞതു നന്നായി എന്നു വിചാരിക്കുക."

"നീ നിന്റെ *@#!^$ഇയ സ്വഭാവം നിര്‍ത്തിയില്ല അല്ലേ?
മനുഷ്യനു മനസ്സിലാവുന്ന ഭാഷയില്‍ ഒരു കാര്യം പറയാന്‍ നീ എന്നാ പഠിക്കുന്നേ?
നിനക്കു കൗണ്‍സലിംഗിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നു..."

"യൂഫമിസം."

"*$&*#$^"

യൂസര്‍ ഈസ് ഓഫ്‌ലൈന്‍ ഫോര്‍ ചാറ്റ്।

ഡിസ്ക്ലൈമന്‍ : അവസാനം പറഞ്ഞത് ഉത്തരാധുനികരെ ലക്ഷ്യം വച്ചല്ല.

Tuesday, January 15, 2008

ക്ഷേത്രദര്‍ശനം

"വൃശ്ചികം നാളെ തുടങ്ങുകയാണ്. മാലയിടേണ്ടതിനാല്‍ കാലത്തെഴുന്നേറ്റ് അമ്പലത്തില്‍ പോയിരിക്കണം". ഗ്രഹാം ബെല്ലിന്റെ കണ്ടുപിടുത്തത്തിലൂടെ ഗൃഹത്തില്‍ നിന്നും സമന്‍സ് വന്നു. നിരീശ്വരവാദിയും എഥീയിസ്റ്റും ഇടമറുകും ഹോസ്റ്റല്‍ അന്തേവാസിയുമായവന് സന്തോഷമായി, ആത്മനിര്‍വൃതിയുളവായി. മുഖ്യനറിയാതെ മന്ത്രിസഭ തീരുമാനമെടുക്കുന്നതിലും, ഡ്രൈവനറിയാതെ കെ.എസ്.ആര്‍.ടി.സി വണ്ടിയോടുന്നതിലുമുള്ള നൈതിക പ്രശ്നങ്ങളെക്കുറിച്ച് പ്രതിഷേധിച്ചു, അനുശോചനം രേഖപ്പെടുത്തി. അടുത്ത വാരാന്ത്യം ഗേഹം പൂകേണ്ടതിനാലും ഒരു മാസത്തെ മുഴുവന്‍ വസ്ത്രങ്ങള്‍ അലക്കാന്‍ മാതാവു തന്നെ കനിയണമെന്ന് ഓര്‍ത്തതിനാലും കീഴടങ്ങി. ഏറ്റവും അടുത്തുള്ളതും വല്യ പ്രയാസമില്ലാതെ എത്തിച്ചേരാവുന്നതുമായത് മലയമ്മ ശിവക്ഷേത്രം. എങ്കിലും തനിച്ചു പോകാന്‍ മടി. "എടേ, അമ്പലത്തിന്റെ ഉള്‍വശം കാണാന്‍ മോഹം". ആറേ രണ്ടില്‍ പന പോലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പാലക്കാടന്‍ ഉണ്ണിയും, ഗൌളീഗാത്രത്തെങ്ങു പോലെ ഉയരത്തിന്റെ കുറവ് ഉദരവിസ്തീര്‍ണ്ണത്തില്‍ നികത്തിയ ടി.കെ.യും റെഡി. പുഷ്പകമായി ടി.കെ.യുടെ KRP രജിസ്ട്രേഷന്‍ യമഹ.

പുലര്‍കാലെ കുളി തേവാരങ്ങള്‍ കഴിഞ്ഞ് കരയന്‍ മുണ്ട് വടക്കന്‍ വീരഗാഥ സ്റ്റൈലില്‍ അറ്റം കട്ടിലിന്റെ കാലില്‍ കെട്ടി മറുഭാഗം അരയില്‍ ഒട്ടിച്ചുവച്ച് ചേകവര്‍ കറങ്ങിത്തിരിഞ്ഞ്, ഒതേനന്‍ കച്ച വലിച്ചപ്പോള്‍ കരിക്ക് ചാപ്പന്റെ തലയില്‍ നിപതിച്ചതു പോലെയൊന്നിനും സ്കോപ്പില്ലാത്തതിനാല്‍ വൈക്ലബ്യത്തോടെ അതു വേണ്ടെന്നു വച്ച് , പടയ്ക്കൊരുങ്ങി. അരനാഴിക നേരം കാത്തിരുന്ന്, ടി.കെ.യുടെ ഫെയര്‍-ഏന്റ്-ലവ്‌ലി-ബ്രില്‍ക്രീം-ആക്സ്-പോണ്‍ഡ്സ് മിക്സ് കൊണ്ടുള്ള രണ്ട് കോട്ട് പെയിന്റിംഗ് കഴിഞ്ഞ് മൂന്നാമത്തേത് തുടങ്ങുന്നതിനു മുന്നേ പിടിച്ചു വലിച്ച് പുറത്തിറക്കി. പോര്‍ച്ചിലിരുന്ന യമഹനെ ചരിച്ചു കിടത്തി കഞ്ഞിവെള്ളം കൊടുത്തെഴുന്നേല്‍പ്പിച്ച് മുണ്ടു വാരിക്കുത്തി നാലേ-നാലു മിനിറ്റു നേരം കിക്കര്‍ ചവിട്ടി അര്‍മ്മാദിച്ച് ശകടത്തിലേറി.

ഓണറായതിനാല്‍ ഡ്രൈവനും ടി.കെ തന്നെ (കുശവന്റെ കൈയ്യീന്ന് കലമുടഞ്ഞാല്‍ കുറ്റമില്ലല്ലോ...) നടുവില്‍ ആര്യനാട് ശിവശങ്കരന്‍ അസൂയപ്പെട്ടു പോകുന്ന ശരീരപുഷ്ടിയോടെ കഥാകൃത്തിന്റെ പുണ്യപാവന ദേഹം സ്റ്റഫ് ചെയ്തു. പിന്നില്‍, സിമന്റു തറയിലുരച്ച തീപ്പെട്ടിക്കമ്പു പോലാവാതിരിക്കാന്‍ കാലുകള്‍ രണ്ടും നീട്ടിപ്പിടിച്ച് ഉണ്ണിത്താനും (മുട്ടോളമെത്തുന്ന ഭുജാമുസലങ്ങളും... എന്ന് തുടങ്ങുന്ന വരി കിളിപ്പാട്ടുകാരന്‍ എഴുതിയത് ദേഹത്തെ മനസ്സില്‍ കണ്ടാവണം) പ്രതിഷ്ഠിക്കപ്പെട്ടു. മഞ്ഞ്, തണുപ്പ്, പിന്നെ ഇതുവരെ കാണാത്ത 'പ്രഭാതം' എന്ന പ്രതിഭാസം ദര്‍ശിച്ചതിന്റെ എക്സ്റ്റസിയും.

മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പിറകുവശത്തു കൂടി 'ദയാപുരം കാന്റീന്‍-പാപ്പച്ചന്‍-ചേച്ചി' ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ത്രയങ്ങളിലേക്കുള്ള വാതായനത്തിലൂടെ ശകടം ഞെങ്ങി ഞെരുങ്ങി പുറത്തു കടന്നപ്പോഴാണ് ഡ്രൈവന് സ്വാഭാവികമായും ഉണ്ടാകാവുന്ന സംശയമുദിച്ചത് - "എടേ, വഴി അറിയാമോ?" ഉണ്ണിത്താന്‍ തംബ്സ് ഡൌണ്‍ അടിച്ച് അജ്ഞത പ്രകാശിപ്പിച്ചു. മുന്‍പ് ഒരു പ്രാവശ്യമോ മറ്റോ പോയിട്ടുള്ളതിനാല്‍ പുച്ഛസമേതം പ്രതിവചിച്ചു - "ഇതാണെടാ ഗീതയില്‍ സംശയാത്മാ വിനശ്യതി എന്നു പറഞ്ഞത്. ഒരു വന്‍ ഇറക്കം കഴിഞ്ഞ് എവിടെയോ ഒരു വളവില്‍ ഇടതുഭാഗത്ത് ഒരു ചെറ്യേ ബോര്‍ഡുണ്ട്. കണ്ണുവച്ചോണം കേട്ടോടേ."

പാപ്പച്ചന്റെ പുണ്യപുരാതന ഹോട്ടല്‍ പിന്നിട്ട് REC-മലയമ്മ റോഡ് മുറിച്ചു കടന്ന് റോള്‍സ് റോയ്സ് കയറ്റം കയറി, ഇറങ്ങാന്‍ തുടങ്ങി. കുളിര്‍കാറ്റ്, തൈലപ്പുല്ലിന്റെ സുഗന്ധം, ഉദിച്ചു തുടങ്ങുന്ന ദിനകരന്‍.

ഇറക്കം കഴിഞ്ഞ് മസ്കറ്റീര്‍സ് മൂന്നും ബോര്‍ഡ് നോക്കി നോക്കി പോവുമ്പോള്‍ അണ്‍ എക്സ്പെക്റ്റഡ് കണ്‍ടിന്‍ജന്‍സി, പ്രതിസന്ധി രൂപീകൃതമായി. റോഡിന്റെ ഒത്ത നടുക്കായി ഡാര്‍ട്ടാഗ്നന്‍, ഒരു ചിന്ന ശ്വാനന്‍ വ്യാഘ്രശൌര്യത്തോടെ നിലകൊള്ളുന്നു. (പട്ടി എന്നുവിളിക്കുന്നത് മേനകാ ഗാന്ധിയോ മറ്റോ കേട്ടാല്‍ തീര്‍ന്നില്ലേ!). മൂന്ന് ആജാനബാഹുക്കളുടെ ഉള്ളില്‍ നിന്നും സിന്‍ക്രൊണസും സൈമള്‍ട്ടേനിയസുമായി കിളികള്‍ പറന്നുപോയി. ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെപ്പേടിക്കണ്ടാ എന്നേ മലയാളം പുസ്തകം പഠിപ്പിച്ചിട്ടുള്ളൂ, യമഹപ്പുറത്തിരിക്കുമ്പോള്‍ വേണ്ടെന്നു പറഞ്ഞിട്ടില്ല. അവര്‍ണ്ണനീയവും അവാച്യവുമായ സ്നേഹത്തോടെ മുന്നില്‍ നില്‍ക്കുന്ന പട്ടിയെ കണ്ടതോടെ ടി.കെ.യുടെ കൈ വിറച്ചത് വണ്ടിയുടെ ഫ്രണ്ട് വീല്‍ S ആകൃതിയില്‍ പാളിയതില്‍ നിന്നും അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടു. ഏറ്റവും പിറകിലിരുന്ന അതിധീരന്റെ റെസ്ക്യൂ സൊല്യൂഷന്‍ ഉടനടിയായിരുന്നു : "വണ്ടി നിര്‍ത്തണ്ട്രാ... പറപ്പിച്ചോ !!". മലയമ്മ പഞ്ചായത്തു മുഴുവന്‍ അന്ന് ഉണര്‍ന്നെണീറ്റത് ഈ പ്രഭാതഭേരിയിലൂടെയായിരുന്നെന്ന് പില്‍ക്കാല ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുകയുണ്ടായി.

പട്ടിയെ വെട്ടിച്ച് സൈഡിലെ തൈലപ്പുല്ലിന്റെ മേലേക്കൂടി ടി.കെ തിരിഞ്ഞു നോക്കാതെ വണ്ടി പറത്തി. പിറകേ പറന്നു വരുന്ന ശ്വാനനെ കണ്ട പിന്നാമ്പുറത്തെ ധീരന്റെ പിന്നീട് ചരിത്രപ്രസിദ്ധമായ അടുത്ത നിലവിളി വന്നു : "ഒന്നു വേഗം ഓടിക്കറാ തെണ്ടീ, പട്ടിയെന്റെ കാലും കൊണ്ടു പോവും!"

എത്ര നേരം ആ KRP രജിസ്ട്രേഷന്‍ നൂറ്റിരുപതില്‍ പറന്നു എന്നോര്‍മയില്ല; ആദ്യത്തെ പരവേശം അടങ്ങിയപ്പോള്‍ തിരിഞ്ഞു നോക്കി. ദൃശ്യപരിധിയിലില്ലാത്തതിനാല്‍ നിഷ്ഠൂര ശ്വാനന്‍ 'ഓപ്പറേഷന്‍-അതിരാവിലെ' മതിയാക്കിയതായി പ്രഥമദൃഷ്ട്യാ കരുതാമെന്ന് പ്രസ്താവന ഇറക്കി. ഹെയില്‍ ഹെയില്‍ KRP വിളികള്‍ മുഴങ്ങി. ഡ്രൈവന്‍ അഭിമാനപുരസ്സരം പെട്രോള്‍ ടാങ്കില്‍ അരുമയായി തഴുകി കൃതജ്ഞത പ്രകടിപ്പിച്ചു.

ആശ്വാസ നിശ്വാസങ്ങള്‍ക്കിടയില്‍ അടുത്ത പ്രതിസന്ധി രൂപീകൃതമായി. "അമ്പലം എവിടെയാടേ?" ചുറ്റുപാടും നോക്കി. വല്യ പരിചയമൊന്നും തോന്നുന്നില്ല. എന്നാല്‍ വല്യ പരിചയക്കുറവും തോന്നുന്നില്ല. ആത്മവിശ്വാസത്തോടെ വചനം അരുളി. "മുന്നോട്ടു വിട്ടോ, ആവുന്നതേ ഉള്ളൂ."

വണ്ടി ഓടിക്കൊണ്ടേയിരുന്നു. ഓരോ വളവു കഴിയുമ്പോഴും "ഹേയ്...ഇതാണോ... അല്ല." "ബോര്‍ഡ് ലെഫ്റ്റ് സൈഡിലുണ്ടാവേണ്ടതാണ്..." "ഇനി ബോര്‍ഡെങ്ങാനും മൃതിയടഞ്ഞാ..." ഇത്യാദി ആത്മഗതങ്ങള്‍ മൂന്നു കണ്ഠങ്ങളില്‍ നിന്ന് മാറി മാറി മുഴങ്ങിക്കൊണ്ടിരുന്നു. ഒടുക്കം സംഗതി കുളമായെന്ന് ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി. വല്ലോരോടും ചോദിക്കാമെന്ന് യോഗം തീരുമാനമെടുത്തു.

ചോദിക്കാമെന്നു വച്ചാല്‍ ആ വഴീല് കാലത്തേ എഴുന്നേറ്റ് മൂന്നു മഹാന്‍മാര്‍ വരുന്നുണ്ടോ വരുന്നുണ്ടോ എന്ന് കണ്ണിലെണ്ണയൊഴിച്ച് നോക്കിയിരിക്ക്യാണല്ലോ നാട്ടുകാര്. ഒടുക്കം ടണലിന്റെ അറ്റത്ത് വെളിച്ചം കണ്ടു - നോമ്പു സമയമായതിനാല്‍ കാലത്ത് നിസ്കരിച്ചു വന്ന കുറേ ചിടുങ്ങ് പിള്ളേര്‍ വല്ലപ്പോഴും വാഹനം പോവുന്ന ആ റോഡില്‍ ക്രിക്കറ്റ് കളിക്കുന്നു. വണ്ടി ചവിട്ടി നിര്‍ത്തി പ്രശ്നോത്തര വേള ആരംഭിച്ചു.

"മക്കളേ ഈ മലയമ്മ അമ്പലം ഏട്യാണ്?"
"ഇനീം കൊറച്ച് പോകാന്‍ണ്ട്. നേരെ വിട്ടോ."

മൂന്നു പേരും കണ്ണില്‍ കണ്ണില്‍ നോക്കി. പിള്ളേര് തെറ്റിദ്ധരിച്ചെന്നു വ്യക്തം. ആയതിനാല്‍ ചോദ്യോത്തര വേള തുടര്‍ന്നു.

"അല്ല, ഈ മലയമ്മ ശിവക്ഷേത്രം..?"

പിള്ളേരെല്ലാം കൂടെയൊന്ന് ചിരിച്ചു. (അത് വെറുതേ മന്ദഹസിച്ചതാണെന്ന് ഉണ്ണി പിന്നീട് സമര്‍ത്ഥിക്കുകയും മറ്റ് രണ്ട് ശരീരങ്ങള്‍ പ്രസ്താവനയെ അനുകൂലിക്കുകയും ചെയ്യുകയുണ്ടായി).
"നേരെ തിരിച്ച് വന്ന വഴിക്ക് ഒരു ഒന്നൊന്നര കിലോമീറ്ററ് പോയാ മതി. വലത്ത് ഭാഗത്തൊര‍് ബോര്‍ഡ് കാണാം."

വണ്ടി തിരിച്ചു. ഇടക്ക് പിന്നില്‍ നിന്നും മുന്നില്‍ നിന്നും ആത്മഗതം കേട്ടു. "ബോര്‍ഡ് നോക്കി നോക്കിത്തന്നെയാ വന്നത്". 'ബധിരനും മൂങ്ങനും' ആയി രൂപാന്തരപ്പെട്ടു (കട്: പഞ്ചാബി ഹൌസ്).

ഇടവും വലവും മാറി മാറി നോക്കി, വണ്ടി ഓടിയോടി ശ്വാനസംഗരം നടന്ന പഴയ വളവിലെത്തി. ഭയാശങ്കകളോടെ പട്ടി അവിടെയെവിടെയെങ്ങാനും ഉണ്ടോ എന്നു നോക്കുമ്പോള്‍ ആര്‍ക്കമിഡീസായി, അമേരിഗോ വെസ്പൂച്ചിയായി : "ദേണ്ട്രാ ബോര്‍ഡ് - മലയമ്മ ശിവക്ഷേത്രം!!"