Saturday, November 5, 2011

മെറ്റാലിക്കയും ഞാനും - 2

[ശ്ശൊ, ഈ പോസ്റ്റിടുമ്പൊഴാണ് ഇങ്ങനൊരു പോസ്റ്റിട്ടിട്ട് കൊല്ലം 4 കഴിഞ്ഞു എന്ന ഞെട്ടലുളവാക്കുന്ന തിരിച്ചറിവുണ്ടാകുന്നത്. ഞെട്ടലില്‍ നിന്നു മോചിതനായതിനു ശേഷം തുടരുന്നു:]

"മെറ്റാലിക്കയും ഞാനും" എന്ന പഴയൊരു പോസ്റ്റ്, മെറ്റാലിക്ക എന്ന ഹെവി മെറ്റല്‍ ബാന്‍ഡിന്റെ പാട്ടുകളെ പ്രണയിക്കുന്നതിന്റെ തുടക്കമായി ഇട്ടിരുന്നു. ആയതിനു ശേഷം മെറ്റാലിക്കയുടെ എല്ലാ പാട്ടുകളും (ലൈവ് ആല്‍ബംസ് ഉള്‍പ്പടെ) സംഘടിപ്പിക്കുകയും അതില്‍ പലതും ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളുടെ കൂട്ടത്തില്‍ കയറിക്കൂടുകയും ചെയ്തു. മെറ്റാലിക്ക ആദ്യത്തെ സ്റ്റുഡിയോ ആല്‍ബം (പ്രശസ്തമായ "Kill 'Em All") പുറത്തിറക്കുമ്പോള്‍ ഞാന്‍ ജനിച്ചിട്ടു കൂടിയില്ലായിരുന്നു. നിരന്തരം പുതുക്കപ്പെടുന്ന സംഗീതരംഗത്ത്  കഴിഞ്ഞ 30 വര്‍ഷമായി Gods of Heavy Metal എന്നും One of the greatest Rock bands of all time എന്നും പെരുമ നിലനിര്‍ത്തുന്ന ആ മെറ്റാലിക്ക, ധാരാളം വേദികളില്‍ ലോകത്താകമാനം ലൈവ്ഷോ നടത്തിയിട്ടുണ്ട്.

ബാംഗ്ലൂരില്‍ വന്നതിനു ശേഷം ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം എല്ലാ വര്‍ഷവും "റോക്ക് ഇന്‍ ഇന്‍ഡ്യ" എന്ന പേരില്‍ ഏതെങ്കിലും ഒരു പ്രശസ്തമായ ബാന്‍ഡിന്റെ പെര്‍ഫോമന്‍സ് ഉണ്ടാകാറുണ്ട് എന്നതാണ്. ഓര്‍മ്മ ശരിയാണെങ്കില്‍ ഒരു 2 വര്‍ഷം മുന്‍പെ Iron Maiden വന്നിരുന്നു, അന്നതിന്റെ പോസ്റ്റര്‍ ഔട്ടര്‍ റിംഗ് റോഡില്‍ കണ്ടിരുന്നു എന്നും ഫ്ലാഷ്ബാക്ക്. അങ്ങനെയിരിക്കെ, ചിലപ്പൊഴുണ്ടാകുന്ന വെളിപാടുകള്‍ പച്ചസത്യങ്ങളായി തൊട്ടുമുന്നില്‍ നില്‍ക്കുന്ന അനുഭവങ്ങള്‍ പലപ്പോഴുമുണ്ടായിരുന്നതിനാല്‍ കൂടി, "മെറ്റാലിക്ക ഇന്ത്യേലു വരുന്നൂ!" എന്നൊരു സഹപ്രവര്‍ത്തകന്‍ വൈകുന്നേരത്തെ ചായസമയത്തു പ്രസ്താവനയിറക്കിയപ്പോള്‍ ഒരു ചെറ്യേ ഞെട്ടല്‍ രേഖപ്പെടുത്തേണ്ടി വന്നു; കാരണം - അന്നു രാവിലെ ഓഫീസിലേക്കു പോകുന്ന വഴി ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയ വകയില്‍ മിച്ചം വന്ന ധാരാളം സമയത്ത് കണ്ട സ്വപ്നം മെറ്റാലിക്ക ബാംഗ്ലൂരു ലൈവ് ഷോ നടത്തുന്നതും, പരിപാടിയുടെ അവസാനം കിര്‍ക് ഹാമ്മറ്റ് വാരിയെറിഞ്ഞ "പ്ലെക്ട്രം" (ഗിറ്റാറു വായിക്കാനുപയോഗിക്കുന്ന ആ കുഞ്ഞു സംഭവം) ഒരെണ്ണം എന്റെ കൈയ്യില്‍ തടഞ്ഞു എന്നതുമായിരുന്നു!

അന്നു തന്നെ www.metallica.com അരിച്ചു പെറുക്കി 2011 ഒക്‌‌റ്റോബര്‍ അവസാനം ബാംഗ്ലൂരു വരുന്നെന്ന വാര്‍ത്ത സ്ഥിരീകരിക്കുകയും, തുടര്‍ന്ന് ടിക്കറ്റ് ബുക്ക് ചെയ്യാനായി എവിടെ കിട്ടുമെന്ന അന്വേഷണത്തിലേര്‍പ്പെടുകയുമായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന വെബ്‌‌സൈറ്റ് "മു‌ന്‍കൂറായി ബുക്ക് ചെയ്യാറാവുമ്പോ അറിയിക്കാം"‌എന്നു പറയുകയും, തുടര്‍ന്ന് പരിപാടിക്ക് 3 മാസം സമയമുള്ളപ്പോള്‍ അഡ്വാന്‍സ് ബുക്ക് ചെയ്യാനുള്ള കണ്ണിയിട്ടു തരികയും അപ്രകാരം ഒരെണ്ണം തരാക്കുകയുമുണ്ടായി - പരിപാടി നടക്കാന്‍ പോകുന്ന സമയത്ത് സ്ഥലത്തുണ്ടാകുമോ എന്ന ഭീകരാശങ്ക വകവെയ്ക്കാതെ.

കാത്തിരുന്നു കാത്തിരുന്ന് ഒടുക്കം ഒക്റ്റോബര്‍ പകുതിയായപ്പോള്‍ ടിക്കറ്റ് കൊറിയര്‍ വഴി കൈപ്പറ്റുകയും തുടര്‍ന്ന് ഒക്റ്റോബര്‍ 30 ഞായറാഴ്ച നേരത്തെയാക്കാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും വിധിപ്രകാരം ചെയ്യുകയുണ്ടായി. പക്ഷേ, പരിപാടിക്ക് 3 ദിവസം മുന്‍പേ ഡെല്‍ഹിയില്‍ സംഘടിപ്പിച്ചിരുന്ന പരിപാടി സുരക്ഷാകാരണങ്ങള്‍ കാരണം റദ്ദാക്കുകയും ഓര്‍ഗനൈസ് ചെയ്ത സ്ഥാപനത്തിലെ ചിലരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായതോടെ ഒരു നെഞ്ചെരിച്ചല്‍ തുടങ്ങി. എന്തായാലും വൈകീട്ട് 4 മണി തൊട്ട് ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്ന പരിപാടിക്ക് ഗേറ്റ് തുറക്കുന്നത് 3 മണിക്കാണെങ്കിലും, ഉച്ച 12 മണിക്കു മുന്നേ സംഭവസ്ഥലത്തെത്തി. അപ്പൊത്തന്നെ മെറ്റാലിക്കയുടെ പല പല ടീ-ഷര്‍ട്ടുകളിട്ട ഒരു പതിനായിരം ആള്‍ക്കാര് കുറ്റിയടിച്ചിരുന്നു. എല്ലാരും മത്തിയടുക്കിയ പോലെ ഒരുമിച്ച് നിന്ന് 3 മണി വരെ ഗേറ്റ് തുറക്കാന്‍ സമൂഹപ്രാര്‍ത്ഥന നടത്തി. യാഗമദ്ധ്യേ  ഗംഭീരമായ ഒരു മഴ പെയ്യുകയും, എല്ലാ അവന്മാരും അവളുമാരും (ഹിസ് ഹൈനസ് ഉള്‍പ്പടെ‌‌) നിന്നു കൊള്ളുകയും ചെയ്തു.

യാഗാവസാനം 3 മണിക്ക് ആദ്യത്തെ ഗേറ്റ് തുറക്കുകയും വീണ്ടും ഒരു മണിക്കൂര്‍ നേരത്തെ ക്യൂ വഴി ടിക്കറ്റ് ചെക്കിങ്ങൂം കഴിഞ്ഞ് വേദിയില്‍ തരക്കേടില്ലാത്ത ഒരു സ്ഥലം തരാക്കുകയുമുണ്ടായി. 4 മണിക്ക് ഒരു ഇന്ത്യന്‍ ബാന്‍ഡിലെ പിള്ളേരുടെ വക കാറലും കീറലും ഒരു മണിക്കൂര്‍ നേരം സഹിക്കുകയും തുടര്‍ന്ന് 5:30-ഓടു കൂടി ഓപ്പണിംഗ് ബാന്‍ഡായ "Biffy Clyro" പ്രകടനം നടത്തുകയുമുണ്ടായി. പ്രകടനത്തിനിടെ ഒരിക്കല്‍ കൂടി മഴ അനുഗ്രഹിക്കുകയും, പത്തു മുപ്പത്തയ്യായിരം ആള്‍ക്കാര്‍ സന്തോഷപൂര്‍വ്വം നിന്നു നനയുകയുമുണ്ടായി. ഇത്തവണ പക്ഷേ തല മാത്രമേ നനഞ്ഞുള്ളൂ, കാരണം പൂഴി വീണാല്‍ നിലത്തെത്താത്ര തിക്കും തിരക്കുമായിരുന്നു. ഇടയ്ക്കു വെച്ച് തൊട്ടുപിന്നില്‍ നിന്ന ഒരു പയ്യന്‍ തോളില്‍ തലചായ്ച്ച് "ചേട്ടാ, ഞാനിപ്പം തലകറങ്ങി വീഴും, ഇന്നേരം വരെ ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല" എന്നു വിലപിക്കുകയും അതിനു സമാധാനമായി "സാരമില്ലെടേ, ഞാനും ഒന്നും കഴിച്ചിട്ടില്ല" എന്ന മൊറേല്‍-ബൂസ്റ്റര്‍ തിരിച്ച് പയ്യനു നല്‍കുകയുമുണ്ടായി.

7:30-നു Biffy Clyro-യുടെ പരിപാടി കഴിഞ്ഞതിനു ശേഷം മെറ്റാലിക്ക ഇപ്പ വരും ഇപ്പ വരും എന്ന പ്രതീക്ഷയോടെ അനേകായിരങ്ങള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയും; 7:45, 8:00, 8:15, 8:30 എന്ന കണക്കില്‍ കൃത, ദ്വാപര, ത്രേതാ, കലി യുഗങ്ങള്‍ നാലും എണ്ണിത്തീര്‍ക്കുകയും ചെയ്തു. യുഗാവസാനം വിധിപ്രകാരം "The Good, The Bad and The Ugly" എന്ന സിനിമയില്‍ "ടൂക്കോ" സ്വര്‍ണ്ണം കുഴിച്ചിട്ട ശവക്കല്ലറ തിരഞ്ഞോടി നടക്കുന്ന തീം സോങ്ങ് ആയ "The Ecstasy of Gold" എന്ന മ്യൂസിക്കോടു കൂടി മെറ്റാലിക്ക - ജയിംസ് ഹെറ്റ്ഫീല്‍ഡ്, ലാര്‍സ് ഉള്‍റിച്ച്, കിര്‍ക് ഹാമ്മറ്റ്, റോബര്‍ട്ട് ട്രുയിലോ - എന്നിവര്‍ രംഗപ്രവേശം ചെയ്തു. തല്‍ക്ഷണം രോമാഞ്ചം, മോഹാലസ്യം, ഇവകളുടെ ഒരു സമ്മിശ്ര വികാരം എന്നിവ പലര്‍ക്കുമുണ്ടായി എന്നൊരു ശ്രുതിയും പാണന്മാര്‍ പാടി നടക്കുന്നുണ്ട്.

ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊരെണ്ണം - Nothing Else Matters റെക്കോഡ് ചെയ്തത്  (ക്യാമറ അനുവദനീയമായിരുന്നില്ല, അതിനാല്‍ മൊബൈല്‍ ഫോണില്‍ പതിഞ്ഞത്) ഇവിടെ:
Creeping Death എന്ന പാട്ടോടു കൂടി വേദിയില്‍ അഗ്നി പടര്‍ത്തിയ ആ പ്രകടനം തുടര്‍ന്നുള്ള 2 മണിക്കൂര്‍ നേരത്തെ അത്യുജ്ജ്വല പ്രകടനം അവസാനിക്കുമ്പോള്‍, ഒരുപക്ഷേ ജീവിതത്തിലൊരിക്കലും സാധിക്കുമെന്നു പ്രതീക്ഷിക്കാത്ത ഒരു സ്വപ്നം സഫലമായതിന്റെ ചാരിതാര്‍ത്ഥ്യമുണ്ടായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ 11 മണിക്കൂര്‍ തുടര്‍ച്ചയായി നിന്ന്, മഴ നനഞ്ഞു കുതിര്‍ന്ന്, ഒന്നു മുള്ളാന്‍ പോലും പോകാതെ ചെലവിട്ട ആ ഒരു ഞായറാഴ്ച ജീവിതത്തില്‍ എടുത്തു മാറ്റിവെക്കാന്‍ പറഞ്ഞാലെടുക്കുന്ന ദിവസങ്ങളിലൊന്നായിരിക്കും.

കിര്‍ക് ഹാമ്മറ്റിന്റെ ഒരു ഗിറ്റാര്‍ സോളോ ഇവിടെ:
https://plus.google.com/u/0/102358270161137923804/posts/dQex2D74k43

വാല്‍ക്കഷ്ണം: എല്ലാം കഴിഞ്ഞ് മെറ്റാലിക്ക വാരിയെറിഞ്ഞ പ്ലെക്ട്രം ഒരെണ്ണം പോലും കിട്ടിയില്ല ;-)

Sunday, January 9, 2011

അരുവി, പാലരുവി, തേനരുവി, വെറും തോട്

ഏവൂരാന്റെ വക അരുവി അവിടെ. ഞമ്മടെ വക ഒരു ചെറു തോട് ഇവിടെ.