Saturday, February 18, 2012

ദോശ

മൂന്നു നേരം കഴിക്കുന്ന ഭക്ഷണത്തില്‍, പൂംപയ്യന്‍സിനേറ്റവും ഇഷ്ടം പ്രഭാതഭക്ഷണമാണ്.

ഉച്ചക്കേത്തതും രാത്രിയത്തേതും പൊഹയായാലും സാരമില്ല, രാവിലത്തെ ചായ/കാപ്പി (പാലൊഴിച്ചു വഷളാക്കാത്തത്) -വഹകളോടു കൂടി ആഹരിക്കപ്പെടുന്ന ഉഗ്രനിലാണ് ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നത്. ഇവ്വിധ വഹകളില്‍, പയ്യന്‍സ് വീണുമരിക്കുന്ന സാധനങ്ങളില്‍ ഒന്നാണ് ദോശ.

ദോശ എന്നാല്‍ - തലേന്നു രാത്രി മുഴുവന്‍ ജലസമാധി തരപ്പെടുത്തി കുതിര്‍ന്ന പച്ചരി - നോട്ട് ദ് പോയന്റ്, വെറും പച്ചരി മാത്രം (ഉഴുന്നു തൊട്ട് വഷളാക്കാത്തത്) - അതിരാവിലെ എഴുന്നേല്‍ക്കപ്പെട്ട്, അമ്മി അഥവാ ആട്ടുകല്ലിലരഞ്ഞ് സൊയമ്പനായി കലക്കിവെക്കപ്പെട്ട അരിമാവ്  ശീ ശീ ശീല്‍ക്കാര ശബ്ദങ്ങളുടെ അകമ്പടിയോടെ ദോശക്കല്ലില്‍ പൊരിഞ്ഞു മൊരിഞ്ഞു വെന്തെടുത്ത നല്ല വെള്ളാമ്പല്‍ ദോശകള്‍.

അവനെ ചെറുതായി മുറിച്ച് - ഉണക്ക മുളകും കടുവും കറിവേപ്പിലയും വറുത്തിട്ട തേങ്ങാച്ചട്ണി, ചുവന്ന മുളകും ചെറിയുള്ളിയും കൂട്ടി അമ്മിയിലരച്ച തേങ്ങാച്ചമ്മന്തി, തലേന്നത്തെ മത്തിച്ചാറ് - തേങ്ങയരച്ചത്, പുളിയും മുളകുമിട്ടത് എന്നിങ്ങനെ രണ്ടുവിധം, തലേന്നത്തെ സാമ്പാര്‍ ചൂടാക്കി വച്ചത് - ഇങ്ങനെ പലവിധത്തില്‍ സേവിച്ചു കഴിയുമ്പോള്‍ അവശേഷിക്കുന്ന വികാരത്തിനെയാണ് ജ്ഞാനികള്‍ സ്വര്‍ഗം എന്ന പരമപദം കൊണ്ട് വിവക്ഷിക്കുന്നത്.

എന്നാല്‍ നേറ്റീവ് ലൊക്കാലിറ്റിക്കു പുറത്ത്  'ഉഴുന്നില്ലാത്ത ദോശേയ്....!!' എന്ന ശീല്‍ക്കാര ശബ്ദങ്ങളുടെ അകമ്പടിയോടു കൂടിയ ഗോപിയാശാനെ വെല്ലുന്ന ബീഭത്സരസപ്രകടനങ്ങളെയാണ് പയ്യന്‍സിനു നേരിടേണ്ടി വന്നുപോന്നത്. സ്വര്‍ലോകം വെടിഞ്ഞതിനു ശേഷം പയ്യന്‍സിന്റെ ഉന്‍മേഷത്തില്‍ വന്ന കുറവ് മേല്‍പ്രസ്താവിതമായ പ്രഭാതവഹകളുടെ വര്‍ഷങ്ങളോളമുള്ള അഭാവം കാരണമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് താത്വികമായി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്.

എന്നാല്‍, സെറിന്‍ഡിപ്പിറ്റി എന്ന പ്രതിഭാസത്തില്‍ എന്നെന്നും അടിയുറച്ചു വിശ്വസിച്ചു പോന്നിട്ടുള്ള പാവം പ്രൊലിറ്റേറിയന്‍ ജാജ്ജ്വലമായ മറ്റൊരു കണ്ടുപിടുത്തം കഴിഞ്ഞ വാരം നടത്തുകയുണ്ടായി. പയ്യന്റെ മാളത്തിനു സമീപം പുതുതായി തുടങ്ങിയ 'ദോശ ക്യാംപ്' എന്ന ഓപ്പണ്‍ എയര്‍ റെസ്റ്റൊറന്റില്‍; കളര്‍, റ്റെക്സ്ചര്‍, സ്മെല്‍ ഇത്യാദികളെ സ്വരുക്കൂട്ടി സ്വാദ് നിര്‍ണ്ണയിക്കുന്നതില്‍ കൊണോസ്യറായ പയ്യന്റെ ഞെട്ടിക്കുന്ന കണ്ടുപിടുത്തം - കന്നഡിഗര്‍ 'നീര്‍ ദോശ' എന്നു വിളിക്കുന്ന പ്രതിഭാസം മറ്റൊന്നുമല്ല, മേല്‍പ്രസ്താവിതമായ (വെറും)പച്ചരിദോശയാകുന്നു!

നാളെ നേരത്തേ പോകണം, ഇന്നല്‍പ്പം നേരം വൈകിപ്പോയതിനാല്‍ സാധനം തീര്‍ന്നു പോയി! :'-(

6 മറുവാക്കുകള്‍:

 1. കല്യാണി said...

  Where is this Dosa Camp in Bangalore?

 2. R. said...

  കല്യാണി,

  ജെ.പി.നഗര്‍ അഞ്ചാം ഘട്ടത്തില്‍ ഒന്നു മുഴുവന്‍ നിലവിലുണ്ട്.

 3. എതിരന്‍ കതിരവന്‍ said...

  രജീഷ്, പത്യേക പച്ചരി ഉപയോഗിച്ചില്ലെങ്കിൽ, മയപ്പെടുത്താൻ ഉഴുന്നും ഇല്ലാത്ത സ്ഥിതിക്ക് ഇത് കല്ലുപ്പോലെ കട്ടിയുള്ളതാകാൻ സാദ്ധ്യതയുണ്ട്.

  ദോശ/ഇഡ്ഡലിയ്ക്ക് അരച്ചു വച്ചിരിയ്ക്കുന്നത് അധികം പുളിയ്ക്കാതെ രാത്രിയിൽ തന്നെ ദോശയാക്കി നോക്കുക. പ്രത്യേക സ്വാദാണ്.

 4. R. said...

  എതിരന്‍ കതിരവന്‍:

  സ്വാഗതം, കമന്റിട്ടതിൽ സന്തോഷം.

  നമ്മൾ (കണ്ണൂര് ഭാഗത്ത്) പ്രത്യേക പച്ചരി ഒന്നും ഉപയോഗിക്കുന്നതായി അറിവില്ല (റേഷന്‍ പീട്യേലെ പച്ചരിക്കെന്താ മോശം? ;-)). ഈ ദോശ ഉഴുന്നു ചേർത്തതിനേക്കാൾ മൃദുവാണ് (ഒണങ്ങിക്കഴിഞ്ഞാൽ കതിരവന്‍ പറഞ്ഞപോലെ കല്ലുപോലാവും).

  വീട്ടിൽ നീർദോശ ഉണ്ടാക്കാന്‍ നോക്കിയിട്ട് നടന്നില്ല. അടുത്ത പ്രാവശ്യം അധികം പുളിപ്പിക്കാത്ത ഇഡ്ഡലിക്കൂട്ട് വെച്ച് ദോശയുണ്ടാക്കി നോക്കട്ടെ. :-)

 5. പാഞ്ചാ ലി said...

  എതിരനെ പ്ലസ്സിൽ മിസ്സാകുന്നുണ്ട്! :(

 6. ജയരാജ്‌മുരുക്കുംപുഴ said...

  ആശംസകള്‍......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ , നാളെ .......?